മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു

Web Desk
Posted on September 10, 2019, 9:46 pm

കൊച്ചി: സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ പൊളിക്കുന്നതിനുള്ള ആദ്യപടിയായി മരടിലെ ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചു. മരട് നഗരസഭാ സെക്രട്ടറി ആരീഫ് ഖാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അതാത് ഫ്‌ളാറ്റുകളിലെത്തി നോട്ടീസ് പതിച്ചത്. സാധനസാമഗ്രികള്‍ മാറ്റി അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിഞ്ഞ് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം സുപ്രീം കോടതി വിധിയുടെ ലംഘനമായി കണക്കാക്കുകയും. വിചാരണ നേരിടേണ്ടതായും വരും.

വിചാരണ നടപടികള്‍ക്കുള്ള തുക പിഴയായി ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ഫ്‌ളാറ്റ് പൊളിച്ച് നീക്കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുള്ള പ്രാരംഭജോലികള്‍ നഗരസഭാ അധികൃതര്‍ ആരംഭിച്ചു. നിയന്ത്രിത തോതില്‍ സ്‌ഫോടനം നടത്തി പൊളിച്ചുമാറ്റുവാന്‍ സാധിക്കുന്ന കമ്പനികളില്‍ നിന്നാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചിരുക്കുന്നത്. അതേസമയം ഇന്നലെ വിളിച്ചുചേര്‍ത്ത മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ കൗണ്‍സിലര്‍മാര്‍ ശക്തമായ വികാരമാണ് പ്രകടിപ്പിച്ചത്. ഫ്‌ളാറ്റ് ഉടമകളുടെ നിസഹായ അവസ്ഥ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കണമെന്ന് ഭരണപ്രതിപക്ഷ അംഗങ്ങളില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലിന്റെ അഭിപ്രായം തേടാതെയാണ് കളക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകപക്ഷീയമായ അഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായ വിധിയാണുണ്ടായിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിവിഷന്‍ ഹര്‍ജി നല്‍കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനമായി ഈ കോടതിവിധിയെ കാണണമെന്ന് പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനാകില്ലെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും നഗരസഭാ അധ്യക്ഷ ടി എച്ച് നാദിറ കൗണ്‍സിലിനെ അറിയിച്ചു. കൗണ്‍സില്‍ യോഗത്തിന് എത്തിയ ഫ്‌ളാറ്റ് ഉടമകളെ പൊലീസ് ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.  തിരുവോണ ദിവസമായ ഇന്ന് ഉപവാസ സമരം നടത്തുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ അറിയിച്ചു. കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയില്‍ പോകുവാന്‍ വേറൊരിടമില്ലെന്നും നീതിന്യായ സംവിധാനങ്ങള്‍ നിസഹായത തിരിച്ചറിയണമെന്നും പറഞ്ഞാണ് ഇന്ന് ഉപവാസ സമരം. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച 350 ഫ്‌ളാറ്റുകള്‍ അടങ്ങുന്ന അഞ്ച് സമുച്ചയങ്ങള്‍ 20നകം പൊളിച്ചു നീക്കാനാണ് സുപ്രീം കോടതി ഉത്തരവ്.