മൃതദേഹത്തിന്റെ ഫോൺ അടിച്ചു മാറ്റിയ പോലീസുകാരന് സസ്പെൻഷൻ

Web Desk
Posted on October 31, 2019, 10:42 am

കണ്ണൂർ: ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റി സിവില്‍ പോലീസ് ഓഫിസര്‍. വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇയ്യാളെ സസ്പെൻഡ് ചെയ്തു. നേരത്തെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നയാളെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

2018 ഒക്ടോബര്‍ 20 ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ കൂടാളിയില്‍ 20 വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ യുവതിയുടെ മൃതദേഹപരിശോധന നടത്തിയ ഇയ്യാൾ മൃതദേഹത്തിനരികെ നിന്നും ലഭിച്ച ഫോണ്‍ അടിച്ചു മാറ്റുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ കേസന്വേഷണത്തിനായി കണ്ടെടുത്ത രേഖകളിലൊന്നും മൊബൈല്‍ ഫോണിനെ കുറിച്ച്‌ എഴുതിയിരുന്നില്ല.

ഒരു വര്‍ഷത്തിനു ശേഷം പോലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കേസ് അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കിയില്ല. ഇതു കാരണം ബന്ധുക്കള്‍ എസ്‌ഐ ശിവന്‍ ചോടോത്തിനെ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ഫോണിനെ കുറിച്ച്‌ തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ സിവില്‍ പോലീസ് ഓഫീസറുടെ കൈയിലാണെന്ന് വ്യക്തമായത്. പല തവണ ആവശ്യപ്പെട്ടിട്ടും ഓഫീസര്‍ ഫോണ്‍ കൈ മാറാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇരിട്ടി എഎസ്പി ആനന്ദിന് പരാതി നല്‍കുക ആയിരുന്നു.

ഇതിനു ശേഷം സിവില്‍ പോലീസ് ഓഫീസര്‍ ഫോണ്‍ മരിച്ച യുവതിയുടെ വീട്ടില്‍ കൊണ്ടു നല്‍കി മാപ്പു പറഞ്ഞെങ്കിലും വിഷയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ആരോപണ വിധേയനായ ഓഫീസര്‍ ഇപ്പോള്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുകയാണ്.