കോഴിക്കോടിന്‍റെ മനംകവര്‍ന്ന് എ പ്രദീപ് കുമാര്‍

Web Desk
Posted on April 11, 2019, 9:24 pm
കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ മണ്ണൂര്‍ തച്ചൊരടി താഴം അങ്ങാടിയില്‍ വോട്ടു തേടുന്നു

കെ കെ ജയേഷ്

കോഴിക്കോട്: കത്തിക്കാളുന്ന വെയിലിനെ വകവെയ്ക്കാതെ പ്രിയ സ്ഥാനാര്‍ഥിയെ കാത്തു നില്‍ക്കുന്ന ജനങ്ങള്‍ക്ക് മുമ്പിലേക്ക് അനൗണ്‍സ്‌മെന്‍റ് വാഹനം എത്തി. കോഴിക്കോടിന്‍റെ പ്രിയപ്പെട്ട പ്രദീപ് കുമാര്‍ ഇതാ ഈ വാഹനത്തിന്‍റെ പിന്നിലായി കടന്നുവരുന്നുവെന്ന് അറിയിപ്പുണ്ടായതോടെ വാദ്യഘോഷങ്ങള്‍ മുഴങ്ങി.. കയ്യില്‍ കണിക്കൊന്നപ്പൂക്കളുമായി അമ്മമാരും കുട്ടികളുമെല്ലാം ആവേശത്തോടെ റോഡിലേക്കിറങ്ങി. മാലപ്പടക്കങ്ങള്‍ പൊട്ടിച്ചിതറി. ചെഞ്ചായം പൂശിയ തുറന്ന ജീപ്പില്‍ വെയിലിനെ വകവെയ്ക്കാതെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ നിറഞ്ഞ പുഞ്ചിരിയുമായെത്തിയപ്പോള്‍ ആവേശം അലകടലായി.

കൊന്നപ്പൂക്കളും പൂക്കൂടകളും നല്‍കി സ്വീകരണം. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികള്‍ക്കിടെ സ്ഥാനാര്‍ത്ഥി വേദിയിലേക്ക്. ചുരുക്കം വാക്കുകളില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ ചൂണ്ടിക്കാട്ടിയും പാര്‍ലമെന്‍റ് മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയും ഹ്രസ്വഭാഷണം. കൊടും വര്‍ഗീയവാദിയായ നരേന്ദ്രമോഡിയെയും ബി ജെ പിയെയും പുറത്താക്കി എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നവരല്ല, ഭരണഘടന സംരക്ഷിക്കുന്നവരാണ് അധികാരത്തിലെത്തേണ്ടത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍.. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍.. ഇഷ്ടമുള്ളത് എഴുതാന്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുവരുത്തണം. അത്തരമൊരു സര്‍ക്കാര്‍ തീര്‍ച്ചയായും അധികാരത്തിലെത്തുമെന്ന് പ്രദീപ് കുമാര്‍ പറയുമ്പോള്‍ നിറഞ്ഞ കൈയ്യടി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ചില സൂചനകള്‍. പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പിലാക്കാത്ത നിലവിലെ അവസ്ഥയെ മാറ്റി മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുമെന്ന ഉറപ്പ്. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ചുവന്ന വാഹനം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

ചരിത്രമുറങ്ങുന്നതും പ്രകൃതിസുന്ദരവുമായ ബേപ്പൂര്‍ മണ്ഡലത്തിലെ വഴികളിലൂടെയായിരുന്നു കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ ഇന്നലെ വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചത്. കേരളത്തിലെ പുരാതന തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ഉരു നിര്‍മ്മാണത്തിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ചരിത്ര ഭൂമി. ദേശാടനപക്ഷികള്‍ വിരുന്നെത്തുന്ന കടലുണ്ടി പക്ഷി സങ്കേതം, കമ്മ്യൂണിറ്റി റിസര്‍വ്വ്, മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് മേളം ഉയരുന്ന പെടിയാട്ടുകാവിലെ വാവുത്സവം, ചാലിയത്ത് വനം വകുപ്പിന് കീഴിലുള്ള ഹോര്‍ത്തൂസ് മലബാറിക്കസ്, കേരളത്തിലെ ആദ്യത്തെ പോര്‍ച്ചുഗീസ് കോട്ട, ആദ്യ റെയില്‍വേ സ്റ്റേഷന്‍, മാലിക് ദിനാര്‍ നിര്‍മ്മിച്ച നിഴല്‍ ഘടികാരമുള്ള പുഴക്കര പള്ളി… പുഴകളും കടലും കണ്ടല്‍ക്കാടുകളും കവിത രചിക്കുന്ന, ഓട്ടുകമ്പനികളുടെ സൈറണ്‍ മുഴങ്ങുന്ന മണ്ണിലൂടെ പ്രദീപ് കുമാര്‍ സഞ്ചരിച്ചു. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം.

രാവിലെ എട്ടിന് രാമനാട്ടുകരയിലെ കാരായിയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. വി കെ സി മമ്മദ് കോയ എം എല്‍ എ സ്ഥാനാര്‍ത്ഥിയോടൊപ്പം അതിരാവിലെ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് കൊടക്കല്ല് പറമ്പിലെ സ്വീകരണത്തിന് ശേഷം ഫറോക്ക് കോളെജിനടുത്തുള്ള ചുള്ളിപ്പറമ്പിലേക്ക്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ കാത്തു നിന്നു. പ്രധാന റോഡില്‍ നിന്ന് ചെറുവഴിയിലൂടെ സ്ഥാനാര്‍ത്ഥിയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് കള്ളിത്തൊടി, മണ്ണൂര്‍ തച്ചൊരടി താഴം, കടലുണ്ടിക്കടുത്തുള്ള വടക്കോടിത്തറ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചാലിയത്തെ പടിഞ്ഞാറെ പുരക്കലേക്ക്. കത്തുന്ന വെയിലിലൂടെ സഞ്ചരിച്ച് ഇവിടെയെത്തിയപ്പോള്‍ തണുപ്പ് പിടിമുറുക്കി. വന്‍ മരങ്ങള്‍ നിറഞ്ഞു നിന്ന പറമ്പിലായിരുന്നു സ്വീകരണം. നട്ടുച്ചയ്ക്കും നല്ല തണുപ്പ് ഇവിടെ അനുഭവപ്പെട്ടിരുന്നു. പര്യടനത്തിനിടെ ഏറ്റവും സുഖം തോന്നിയത് ഇവിടയെത്തിയപ്പോഴാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞപ്പോള്‍ നല്ല കൈയ്യടി. തുടര്‍ന്ന് തെരഞ്ഞെടുപ്പിനൊപ്പം പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം.

പ്രകൃതി സുന്ദരമായ മണ്ഡലത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞത് ഇടതുപക്ഷ സര്‍ക്കാറാണ്. മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് കടലുണ്ടിയിലെ നൂറ്റിയമ്പത് ഹെക്ടര്‍ വരുന്ന പ്രദേശത്തെ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വായിപ്രഖ്യാപിച്ചത്. ബേപ്പൂര്‍ തുറമുഖം ഇന്ന് മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ചരിത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ടൂറിസം പദ്ധതികളാണ് കടലുണ്ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്നത്. ഇതിന് വേണ്ടി വി കെ സി മമ്മത് കോയ എം എല്‍ എയുടെ നേതൃത്വത്തില്‍ കാര്യങ്ങളെല്ലാം പുരോഗമിക്കുകയാണ്.

പര്യടനം വെസ്റ്റ് നല്ലൂര്‍ പൂത്തോളം അങ്ങാടിയിലെത്തിയപ്പോഴേക്കും വെയില്‍ മൂര്‍ധന്യത്തിലെത്തിയിരുന്നു. മോഡിയുടെയും ബി ജെ പിയുടെയും കള്ളത്തരങ്ങള്‍ തുറന്നു കാട്ടിക്കൊണ്ട് വി കെ സി മമ്മത് കോയ എം എല്‍ എയുടെ പ്രസംഗം. ഇതിനിടയില്‍ ചില ടി വി ചാനല്‍-ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രതികരണത്തിനായി സ്ഥാനാര്‍ത്ഥിയ്ക്ക് മുമ്പിലേക്ക്. മതേതരത്വത്തിന്റെ ലേബലൊട്ടിച്ച ചില പാര്‍ട്ടികള്‍ ജയിച്ചാല്‍, ജയിച്ചവര്‍ മറുകണ്ടം ചാടാതിരിക്കാന്‍ റിസോര്‍ട്ടുകളില്‍ പാര്‍പ്പിക്കുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന് ഇത്തരമൊരു ഗതികേട് ഒരിക്കലും ഉണ്ടാവില്ല. നാടിനും നാട്ടുകാര്‍ക്കും മാനക്കോടുണ്ടാക്കുന്നതെന്നും താന്‍ ചെയ്യില്ലെന്ന് എല്ലാവര്‍ക്കും നന്നായറിയാമെന്ന് പുഞ്ചിരിയോടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുഴകളും ജലാശയങ്ങളുമെല്ലാം നിറഞ്ഞയിടാണെങ്കിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഈ പ്രദേശങ്ങളില്‍ പ്രധാനപ്പെട്ടൊരു പ്രശ്‌നമായിരുന്നു.എന്നാല്‍ വി കെ സി മമ്മത് കോയ എം എല്‍ എയുടെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയെന്ന് പ്രദേശവാസികള്‍ പറയുന്നു. എം എല്‍ എ ഫണ്ടുപയോഗിച്ച് നാല് കോടിയുടെ കുടിവെള്ള പദ്ധതികളാണ് കടലുണ്ടി പഞ്ചായത്തില്‍ മാത്രം നടപ്പാക്കിയത്. രാമനാട്ടുകരയില്‍ 28 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഫറോക്കില്‍ 18 കോടിയുടെ പദ്ധതിയ്ക്ക് ടെണ്ടര്‍ നടപടികളായി. ചെറുവണ്ണൂര്‍, ബേപ്പൂര്‍ എന്നിവടങ്ങളില്‍ 90 ലക്ഷം രൂപയുടെ പദ്ധതികള്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെ ആശ്വാസമാകുന്നതാണ് ഈ പദ്ധതികളെല്ലാമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്തരം ജനകീയമായ ഇടപെടലുകള്‍ കൊണ്ടുതന്നെയാണ് ഇടതുപക്ഷത്തെ ഇവരെല്ലാവരും നെഞ്ചോടു ചേര്‍ക്കുന്നതും.
വെസ്റ്റ് നല്ലൂരിലായിരുന്നു. ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. രുചികരമായ പച്ചക്കറിക്കറിയും ഇറച്ചിക്കറിയുമെല്ലാം കൂട്ടിയുള്ള ഊണ് കഴിച്ച് പര്യടനം വീണ്ടും തുടര്‍ന്നു. മുന്നിലാം പാടം, ഇരുട്ടോടത്ത്, കല്ലിങ്ങല്‍, കൈതവളപ്പ്, പൊങ്ങിലോട്ട്, കുത്ത് കല്ല് റോഡ്, ഒതയമംഗലം, ജയന്തി റോഡ് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊളത്തറയ്ക്കടുത്തുള്ള വെള്ളിലവയലിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നുവെങ്കിലും ആവേശം ഒട്ടും ചോരാതെ ആളുകള്‍ ഇവിടെയും കാത്തു നിന്നിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച ഗംഭീര സ്വീകരണങ്ങളെക്കുറിച്ച് പറഞ്ഞും നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞും വിജയപ്രതീക്ഷ പങ്കുവെച്ചും സ്ഥാനാര്‍ത്ഥിയുടെ ചെറുപ്രസംഗം. വി കെ സി മമ്മത് കോയ എം എല്‍ എയ്ക്ക് പുറമെ എല്‍ ഡി എഫ് നേതാക്കളായ പിലാക്കാട്ട് ഷണ്‍മുഖന്‍, വാളക്കട ബാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍, കെ ടി എ മജീദ്, ഒറ്റത്തില്‍ ബാലകൃഷ്ണന്‍, എം ഗിരീഷ്, എയര്‍ലൈന്‍സ് അസീസ് തുടങ്ങിയവരും സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. അഴിമതി ആരോപണങ്ങളില്‍ പെട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി കിതയ്ക്കുമ്പോള്‍ വിജയമുറപ്പിച്ചാണ് എ പ്രദീപ് കുമാര്‍ പ്രചരണ രംഗത്ത് മുന്നേറുന്നത്.