ഝാർഖണ്ഡിലെ മഹാത്മാ ഗാന്ധി മെമ്മോറിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ ഗർഭിണിയായ മുസ്ലിം സ്ത്രീയെ ആശുപത്രി അധികൃതർ കൈയേറ്റം ചെയ്തതായി പരാതി. സംഭവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രിയ്ക്ക് എഴുതിയ പരാതിയിൽ യുവതി ആരോപിച്ചു. മുസ്ലിം ആയതിനാൽ ആശുപത്രി പ്രവർത്തകർ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ദ വയറാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പ്രദേശവാസിയായ റിസ്വാന ഖാത്തൂൺ എന്ന സ്ത്രീയ്ക്കാണ് ആശുപത്രി അധികൃതരിൽ നിന്ന് വർഗീയ അധിക്ഷേപം നേരിടേണ്ടി വന്നത്. വ്യാഴാഴ്ചയാണ് റിസ്വാന ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. തന്റെ മതം പറഞ്ഞ് ആശുപത്രി ജീവനക്കാർ അധിക്ഷേപിച്ചതായും മർദ്ദിച്ചതായും യുവതി പറയുന്നു.
അമിത രക്തസ്രാവം ഉണ്ടായിതിനെ തുടർന്ന് തറയിലേക്ക് ഒലിച്ചിറങ്ങിയ രക്തം തുടച്ച് വൃത്തിയാക്കാൻ തന്നോട് അധികൃതർ ആവശ്യപ്പെട്ടതായും കൊവിഡ് വൈറസ് പരത്തുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും റിസ്വാന ആരോപിച്ചു. പീഡനം സഹിക്കവയ്യാതായോടെ മറ്റൊരു സ്വാകര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും ഇതിനിടയിൽ തന്റെ കുഞ്ഞ് മരിച്ചുവെന്നും റിസ്വാന പറഞ്ഞു. സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ദ് സോറന് റിസ്വാന പരാതി നൽകി. ആശുപത്രിയിലെത്തിയ തന്നെ ഒരു ജീവനക്കാരൻ മതം പറഞ്ഞ് അധിക്ഷേപിച്ചു. അയാളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും അവശനിലയിലായിരുന്ന തന്നോട് തറയിൽ ഒഴുകിയ രക്തം വൃത്തിയാക്കാൻ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.
ആശുപത്രി ജീവനക്കാർ ചെരിപ്പ് കൊണ്ട് അടിച്ചുവെന്നും ഇതേ തുടർന്നാണ് അടുത്തുള്ള മറ്റൊരു നഴ്സിംഗ് ഹോമിലേക്ക് പോയതെന്നും ചികിത്സ നിഷേധിച്ചതും ആശുപത്രിക്കാരിൽ നിന്നുണ്ടായ ദുരനുഭവവുമാണ് തനിക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമായതെന്നും കത്തിൽ റിസ്വാന ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് സംഭവം അറിഞ്ഞതെന്നായിരുന്നു പൊലീസ് എസ്എസ്പി അനൂപ് ഭിരാതെ പ്രതികരിച്ചത്. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എംജിഎം ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, സാച്ചി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ആശുപത്രി അധികൃതർക്കെതിരെ റിസ്വാനയുടെ ഭർതൃ സഹോദരൻ മുനീറും ഭർത്താവ് ഷമീമും രംഗത്തെത്തി. മുനീറായിരുന്നു റിസ്വാനയ്ക്കൊപ്പം ആശുപത്രിയിൽ പോയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.