Janayugom Online
E.P.GOPALAN

ഒരോര്‍മ പുതുക്കലും കുറേ ചോദ്യങ്ങളും

Web Desk
Posted on November 16, 2018, 10:43 pm
p a vasudevan

രണ്ട് ദശകങ്ങള്‍ക്കപ്പുറത്തായിരുന്നു ഞങ്ങള്‍ പട്ടാമ്പി കൊപ്പത്തിനടുത്ത് മണ്ണേേങ്കാട് ‘അരുണ’യില്‍ വട്ടം കൂടിയത്. മറക്കാനാവാത്ത ഒത്തുകൂടല്‍. ‘അരുണ’ എന്നാല്‍ ഇ പിയുടെ വീട്. എപ്പോഴും പുതിയ ആശയങ്ങളുണ്ടാവുകയും തോന്നിക്കഴിഞ്ഞാല്‍ അതങ്ങ് നടപ്പിലാക്കുകയും ചെയ്യലായിരുന്നല്ലോ നമ്മുടെ ഇ പി എന്ന ഇ പി ഗോപാലന്റെ പദ്ധതി. പദ്ധതിയോടൊപ്പം നടപ്പിലാക്കലും തുടങ്ങും. ഇപ്പോഴെന്തിനാ അതൊക്കെ ഓര്‍ക്കുന്നതെന്നാവും. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തിന് ഇ പിയുടെ 17-ാം ചരമവാര്‍ഷിക ദിനത്തില്‍ അതേ ‘അരുണ’യില്‍ അതേ മാവിന്‍ചോട്ടില്‍ ഞങ്ങള്‍ വീണ്ടും ഒത്തുകൂടി.
ഇ പിയെ ഓര്‍ക്കാം, ഇ പിയുടെ ശേഷമുണ്ടായതില്‍ ചിലതിനെക്കുറിച്ചൊക്കെ പറയാം. പലതിനും തുടര്‍പ്പുകളില്ലാതെ പോവുന്ന ഇക്കാലത്ത് ആശയങ്ങളും വ്യക്തികളും മറവില്‍ ചെന്നെത്തുന്നത് സാധാരണമാണ്. ഒരര്‍ഥത്തില്‍ അതൊരു സാമൂഹികധാരയുടെ ഛേദത്തിലാവുന്നു. അങ്ങനെ മറക്കപ്പെടാതെ പോകേണ്ട വ്യക്തിയായിരുന്നു ഇ പി. അന്നദ്ദേഹം സ്വന്തം താല്‍പര്യത്തില്‍ കുറേപേരെ വിളിച്ചുകൂട്ടി. കേരളത്തിന്റെ നാനാഭാഗത്തുനിന്നും വള്ളുവനാടന്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് പ്രതേ്യകിച്ചും ഒരുപാട് പേര്‍ വന്നെത്തിയിരുന്നു. ‘നമുക്ക് കൂട്ടമായി ഇരിക്കാം’ എന്നു മാത്രമായിരുന്നു സന്ദേശം. മിക്കവരും എത്തി. എല്ലാവരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ‘മാഞ്ചോട്ടി‘ല്‍ ഒത്തുചേര്‍ന്നപ്പോള്‍ സംസാരം താനേ വന്നു. ഇ പി പറഞ്ഞു ‘ഇത് മണ്ണേേങ്കാട് ഇന്റര്‍നാഷണല്‍ ക്ലബ്’ ആണ്. അതായത് ലോകകാര്യം പറയാനും ആഗോളീകരണത്തിന്റെ ഇക്കാലത്ത് അതിനെ താഴ്ത്തലത്തില്‍ നിന്നെതിര്‍ക്കാനും ഒരു കൂട്ടായ്മ.’
അന്ന് ഗ്ലോബലൈസേഷന്റെ സിദ്ധാന്തങ്ങളും പ്രതിരോധശാസ്ത്രങ്ങളുമൊന്നും ഇതുപോലെ സമൃദ്ധമായിരുന്നില്ലാത്ത കാലത്താണ് പ്രാദേശികതല ഇടപെടലുകളിലൂടെ ആഗോളീകരണത്തെ എതിര്‍ക്കാമെന്ന ചിന്ത അദ്ദേഹം പ്രകടിപ്പിച്ചത്. ഇ പി ഒരു സൈദ്ധാന്തികനായിരുന്നില്ല. പക്ഷെ നല്ല നാടന്‍ ഭാഷയും നാട്ടുചിന്താ സമൃദ്ധിയുമുണ്ടായിരുന്നു. നാടറിയാമായിരുന്നു. അതാണദ്ദേഹം നാട്ടുക്കൂട്ടത്തെയും ആ കൂട്ടത്തിന്റെ കൂട്ടംപറച്ചിലുകളിലൂടെ സ്വരൂപിക്കാവുന്ന പ്രതിരോധ പ്രസ്ഥാനങ്ങളെയുംകുറിച്ച് പറഞ്ഞത്. പില്‍ക്കാലത്ത് ബൊളീവിയയിലെ കൊച്ചബാംബയിലും പാലക്കാട്ടെ പ്ലാച്ചിമട ജലപ്രതിരോധത്തിലും ഹൈവേക്കെതിരെ ഇംഗ്ലണ്ടിലെ നാട്ടിന്‍പുറങ്ങളില്‍ നടന്ന എതിര്‍പ്പുകളിലുമൊക്കെ ഇത് പ്രകടമായിരുന്നു. താഴ്ത്തല പങ്കാളിത്തവും പിന്തള്ളപ്പെട്ടവരില്‍ നിന്നുവരുന്ന എതിര്‍പ്പുകളും എങ്ങനെ സംഭരിച്ചെടുക്കാമെന്ന് അന്ന് വിശദമായ ചര്‍ച്ചകള്‍ നടന്നു. സ്വാതന്ത്ര്യസമരകാലത്തും പില്‍ക്കാല കമ്യൂണിസ്റ്റ് പ്രസ്ഥാന മുന്നേറ്റകാലത്തും സജീവമായിരുന്നു ഒരുനിര നല്ല പ്രവര്‍ത്തകര്‍ അവിടെ വന്ന് സംസാരിച്ചു.
ശരിക്കു മണ്ണേേങ്കാട് ക്ലബ് വലിയൊരു തുടക്കമായിരുന്നു. എല്ലാവരും ആ തൊടിയിലിരുന്ന് നാടന്‍ ചോറുണ്ട്, വൈകുന്നേരം വെയില് ചായും വരെ സംസാരിച്ചിരുന്നു. എല്ലായിടത്തും ഇ പിയുണ്ടായിരുന്നു. പിന്നില്‍ ഇന്ത്യനൂര്‍ ഗോപിയുടെ ധൈഷണിക ഇടപെടലുകളും. അന്ന് പ്രധാനമായും ഉയര്‍ന്നുവന്ന രണ്ടുമൂന്ന് കാര്യങ്ങള്‍ അന്നത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പില്‍ക്കാല അനുഭവങ്ങളിലും സിദ്ധാന്തങ്ങളിലും ഏറെ ശ്രദ്ധേയമായി ഭവിച്ചു. എന്തുകൊണ്ടാണ് വികസനം ജനങ്ങളിലെത്താത്തത്? എന്തുകൊണ്ടാണ് ജനാധിപത്യം ഇവിടെ പുഷ്ടിപ്പെടാത്തത്? ജനാധിപത്യം ആഴത്തിലും ഫലത്തിലും എത്തിക്കാന്‍ എന്തൊക്കെ വേണം? ഇങ്ങനെ പോയി ചര്‍ച്ചകള്‍.
പിന്നീട് ഞാന്‍ നടത്തിയ കുറേ വായനകള്‍ ഇതിലേക്കൊക്കെ എന്നെ ഏറെ കൈപിടിച്ചു നടത്തി. ഇ പി അനുഭവത്തില്‍ നിന്നു പറഞ്ഞതായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താഴ്ത്തട്ട് പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളും ഗാന്ധിയന്‍ പ്രസ്ഥാനത്തോടുള്ള താല്‍പര്യങ്ങളും അദ്ദേഹത്തിന് ഉള്‍ക്കാഴ്ച നല്‍കിയിരിക്കും. ഈ ചോദ്യങ്ങളൊക്കെ പിന്നെ വിശകലനം ചെയ്യപ്പെട്ടത് ജോണ്‍ഡണ്‍, ഹ്രബര്‍മാസ്, അമര്‍ത്ത്യസെന്‍, ജോണ്‍ റൌള്‍വ് എന്നിവര്‍ നിരന്തരം വിശകലനം ജനാധിപത്യത്തിന്റെ വിപുലീകരണത്തെയും ആഴപ്പെടുത്തലിനെയും കുറിച്ചായിരുന്നു.
ജനാധിപത്യത്തെ ആഴപ്പെടുത്തുക എന്നു പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ രണ്ടാണ്. 1) ജനാധിപത്യ പ്രക്രിയ പങ്കാളിത്തപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാവണം. 2) അത് പൊതുമണ്ഡലത്തെ ശക്തമാക്കണം. അതായത് നിരന്തരം ഇടപെടുകയും സംവദിക്കുകയും ചെയ്യുന്നതാവാണം.
ഇതില്‍ പങ്കാളിത്തമെന്നത് പ്രാദേശിക തലത്തില്‍ നിന്നുള്ളതാവണം. പങ്കാളിത്തമെന്നത് ജനങ്ങളുടെ സാധാരണ ജീവിതത്തെ ഗുണപരമായി മെച്ചപ്പെടുത്തുന്നതാവണം. ഇന്ന് പദ്ധതികള്‍ നിയന്ത്രിക്കുന്നത് താഴ്ത്തല ജീവിതപ്രശ്‌നങ്ങള്‍ അറിയുന്നവരല്ല. പ്രശ്‌നമനുഭവിക്കുന്നവര്‍ക്ക് ജനാധിപത്യത്തില്‍ ഇന്ന് യാതൊരു സ്വാധീനവുമില്ലതാനും. മൊത്തത്തില്‍ വികസനമുണ്ടായാലും ഇന്ത്യ തിളങ്ങിയാലും സാമൂഹ്യ സാമൂഹിക ഗുണമുണ്ടാവില്ല. സര്‍വോദയ എന്ന സംജ്ഞയില്‍ ഗാന്ധിജിയും അണ്‍ടു ദ് ലാസ്റ്റി‘ല്‍ റസ്‌കിനും ഊന്നിയത് അതായിരുന്നു. അമര്‍ത്യസെന്‍ നീതിയിലാണ് ഊന്നിയത് റൗള്‍സിന്റെ ‘തിയറി ഓഫ് ജസ്റ്റിസും’, സെന്നിന്റെ ‘ഐഡിയ ഓഫ് ജസ്റ്റിസും’ വ്യത്യാസങ്ങളോടെ വിശദീകരിച്ചത് ഇതുതന്നെയാണ്. അസമത്വത്തെ നീതിയുടെ പ്രശ്‌നമായി കാണാന്‍ റൗള്‍സ് പറയുന്നു.
നീതി നിഷേധിക്കപ്പെടുന്നവര്‍ക്കായി ഒരു ശക്തമായ പൊതുമണ്ഡലം സൃഷ്ടിക്കപ്പെടുമ്പോഴേ ജനാധിപത്യം ശക്തമാവൂ. ഭരണപരമായ കാര്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നു നിയന്ത്രിക്കപ്പെടണം. അവകാശം, പ്രാപ്തി, സ്വാതന്ത്ര്യം തുടങ്ങിയവയിലൂന്നിയ സെന്‍ പഠനം, സംവാദത്തിന്റെ സൃഷ്ടിയായ ഭരണകൂടത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതൊക്കെ ചുരുക്കത്തില്‍ കൂട്ടായ ആലോചന താഴ്ത്തല ചര്‍ച്ചകള്‍ നേരിട്ടുള്ള പങ്കാളിത്തം എന്നിവയിലെത്തുന്നു. ആഗോളീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ഉള്‍നാട്ടില്‍ കുറേ നാടന്‍മാരും നേതാക്കളും പൊതുപ്രവര്‍ത്തകരും അക്കാഡമിക്കുകളും ഒത്തുചേര്‍ന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ സ്വാതന്ത്ര്യവും ആവശ്യങ്ങളും അവിടംകൊണ്ട് നിറവേറ്റപ്പെടുന്ന അവസ്ഥയാണ് ജനാധിപത്യമെന്ന് അന്ന് സഫലമായി ചര്‍ച്ച ചെയ്തു. ഇ പിയുടെ ഉള്‍ക്കാഴ്ചയായിരുന്നു മണ്ണാങ്കോട്ട് ക്ലബ്. ഭൂസ്വാമിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരായ സമരത്തിലുണ്ടായിരുന്ന ഇ പി കാലത്തിന്റെ ആവശ്യമറിഞ്ഞു. രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ മനസിലായപ്പോള്‍ മരം സംരക്ഷണം ഭാരതപ്പുഴ വീണ്ടെടുക്കല്‍ എന്നീ സമരങ്ങളിലെത്തി.
കാലം ഒരു പ്രദേശത്തിന്റെയും ജനതയുടെയും ആവശ്യങ്ങള്‍ മാറ്റുമ്പോള്‍ അതു കണ്ടറിയുകയാണ് പ്രധാനം. ഇ പിയുടെ മരണത്തിന്റെ പതിനേഴാം വാര്‍ഷികത്തില്‍ അതേ മാവിന്റെ ചോട്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍ അന്നത്തെ പലരും കാലം ചെന്നിരുന്നു. പുതിയ കുറേ പേര്‍ വന്നിരുന്നു. എല്ലാവരും പൊതുവായി ഉന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു. വളരെ പ്രസക്തമായ പല പൊതുപ്രസ്ഥാനങ്ങളും ഇടതുമുന്നേറ്റങ്ങളും എന്തുകൊണ്ട് വേണ്ടത്ര യുവജനങ്ങളെ ആകര്‍ഷിക്കുന്നില്ല.
പല മുന്നേറ്റങ്ങളും തുടര്‍ച്ചകളില്ലാതെ വീണുപോയതെന്തുകൊണ്ട്? മഹാനേതൃത്വങ്ങളുടെ പൈതൃകം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തെളിയാഞ്ഞതെന്തുകൊണ്ട്? ഒരിക്കല്‍ ശക്തമായ നവോത്ഥാനം കൈവിട്ടതെന്തേ? ജാതികള്‍ പുതിയരൂപത്തില്‍ തിരിച്ചുവരുന്നുവോ? വര്‍ഗീയത തിരിച്ചെത്തുന്നുവോ? മതങ്ങള്‍ രാഷ്ട്രീയത്തെ വീണ്ടും വിഴുങ്ങുന്നുവോ?
ഇ പിയുടെ ഓര്‍മയില്‍ ഇതൊക്കെ സംസാരത്തില്‍ വന്നു. ഉടന്‍ ഉത്തരവും പരിഹാരവുമില്ലെങ്കിലും നേരത്തെ പറഞ്ഞ താഴ്ത്തല പൊതുമണ്ഡലം ശക്തമായാല്‍ നല്ല ഉത്തരങ്ങള്‍ വരും.
അന്നത്തെ ഭാവി എല്ലാവര്‍ക്കുമുള്ളതാവും.