റെജി കുര്യൻ

December 11, 2019, 10:48 pm

തെലങ്കാന ഏറ്റുമുട്ടൽ കൊലപാതകം; വിരമിച്ച സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തും

Janayugom Online

ന്യൂഡൽഹി: തെലങ്കാന പൊലീസ് ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തുമെന്ന് സുപ്രീം കോടതി സൂചന നൽകി. തെലുങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു സംബന്ധിച്ച സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും തുടർനടപടി വേണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജി എസ് മണിയും പ്രദീപ് കുമാർ യാദവും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് പി വി റെഡ്ഡിയെ പരിഗണിച്ചിരുന്നു. എങ്കിലും അദ്ദേഹം ലഭ്യമല്ല എന്നുപറഞ്ഞ ചീഫ് ജസ്റ്റിസ് മറ്റ് പേരുകൾ നിർദ്ദേശിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു.

ആർട്ടിക്കിൾ 21 പ്രകാരം അന്തസോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് ലംഘിക്കാൻ സ്റ്റേറ്റിനുപോലും അവകാശമില്ല. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽനിന്നും പൊതുശ്രദ്ധ തിരിക്കാനാണ് ഏറ്റുമുട്ടൽ നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം അവരെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയപ്പോൾ അവർ ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിപോയിട്ടുണ്ടാകാം എന്നായിരുന്നു പൊലീസിന്റെ പ്രതികരണമെന്നും ഹർജിയിലുണ്ട്. പൊലീസ് ഏറ്റുമുട്ടൽ സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ വി സി സജ്ജ്നാർ ഐ പി എസിന്റെ ശരീരഭാഷയിൽനിന്നും പ്രതികളെ വെടിവച്ചു കൊന്നതിൽ യാതൊരു ഖേദവുമില്ലെന്നു വ്യക്തമാകുന്നു. ഏറ്റുമുട്ടൽ നടത്തിയ പൊലീസിനെ മധുരം വിതരണം ചെയ്തും പൂമാലയിട്ടുമാണ് പൊതുജനം അനുമോദിച്ചത്.

ഇത്തരം സംഭവങ്ങൾ അനുവദിച്ചാൽ രാജ്യത്തെ നിയമവാഴ്ചയ്ക്ക് അർത്ഥമില്ലാതാകുമെന്നും ഹർജിക്കാർ പറയുന്നു. കേസിൽ ഉൾപ്പെട്ടിരിക്കുന്നത് ഉന്നത പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനാകയാൽ തെളിവുകൾ നശിപ്പിക്കാനും മറ്റുമുള്ള സാധ്യത കൂടുതൽ ഉള്ളതിനാൽ അടിയന്തരമായി ഈ പൊതുതാൽപര്യ ഹർജി പരിഗണിക്കണമെന്ന് അപേക്ഷയിൽ പറയുന്നു. നീതി മുൻനിറുത്തി കോടതിയുടെ ഭാഗത്തുനിന്നും ഉചിതമായ ഉത്തരവുണ്ടാകണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.