25 April 2024, Thursday

കലാപത്തെ സംബന്ധിച്ചൊരു കലാപം

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
 ഉള്‍ക്കാഴ്ച
September 29, 2021 5:58 am

മ്മുടെ നാട് ഭരിക്കുന്ന രാഷ്ട്രീയ കക്ഷി മറ്റെല്ലാ മേഖലകളിലും എന്നതുപോലെ സ്വാതന്ത്യ്ര സമരത്തിന്റെ ഇടത്തും തിരുത്തൽ വാദം ഉയർത്തുകയാണ്. ഇപ്പോൾ കൈ വച്ചിരിക്കുന്നത് മലബാർ കലാപത്തിന്മേലാണ്. 1921–22 കാലത്ത് മലബാർ മേഖലയിൽ നടന്ന പ്രാഥമികമായി അപ്രമാദികളായിരുന്ന ഭൂഉടമകൾക്കെതിരെ ഉയർന്ന സമരമായിരുന്നു ഇത്. ഈ കലാപത്തെ ഇക്കാലമത്രയും ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്റെ ഒരേടായും ഇതിൽ ഉൾപ്പെട്ടിരുന്ന അലി മുസലിയാർ, വാരിയംകുന്നത്ത് അഹമ്മദ് ഹാജി തുടങ്ങി മുന്നൂറ്റി എൺപത്തി ഏഴ് പേർ സ്വാതന്ത്യ്രസമര സേനാനികളായും കരുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യാ ഹിസ്റ്റോറിക്കൽ കൗൺസിൽ ഈ കലാപത്തെ സ്വാതന്ത്യ്ര സമരത്തിന്റെ ഗണത്തിൽനിന്നും നീക്കുകയും മുൻപറഞ്ഞ സമര സേനാനികളെ സ്വാതന്ത്യ്ര സമരസേനാനികളല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചചെയ്ത് പുതിയൊരു കലാപം ചരിത്ര‑സാംസ്കാരിക‑രാഷ്ട്രീയ ലോകങ്ങളിൽ ആരംഭിച്ചിരിക്കുന്നു. ഈ വിഷയത്തിൽ രണ്ട് ചോദ്യങ്ങൾ ഉന്നയിക്കാനേ ഈ കുറിപ്പിലൂടെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. 1920–21 കാലഘട്ടത്തിൽ ഭാരതത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും കലാപങ്ങളിലും ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടവയുടെ സ്വഭാവം എന്തായിരുന്നു; ഈ സമരങ്ങളുടെ സ്വഭാവത്തിന്റെ മാനദണ്ഡം വച്ചുകൊണ്ട് മലബാർ കലാപത്തെ എങ്ങിനെ വിശേഷിപ്പിക്കാം എന്നിവയാണ് എന്റെ ചോദ്യങ്ങൾ.

അമേരിക്കൻ ചരിത്രകാരൻ വിൽ ഡുറാന്റിന്റെ അഭിപ്രായത്തിൽ 1905 ലെ ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭമാണ് ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്റെ ശ്രദ്ധേയമായ ഒന്നാം അധ്യായം. കോളനി വാഴ്ചക്കാരുടെ, ജനത്തെ അടിച്ചമർത്താനും നിയന്ത്രിക്കാനും എല്ലായിടത്തും എല്ലാക്കാലത്തും നടപ്പിലാക്കിവന്ന, വിഭജിച്ച് ഭരിക്കുക എന്ന പദ്ധതി ആദ്യമായി ഇന്ത്യയിൽ പരീക്ഷിച്ചത് ബംഗാളിലാണ്. 1904 ജനുവരി 14 -ാം തീയതി കഴ്സൺ പ്രഭു എഴുതിയ കത്തിലെ പരാമർശം ഈ സന്ദർഭത്തിൽ പ്രസക്തമാണ്. “തങ്ങൾ ഒരു പ്രത്യേക രാജ്യമാണ് എന്ന് കരുതുന്നവരാണ് ബംഗാളികൾ. അവർ ബ്രിട്ടീഷുകാരെ തുരത്തി സ്വന്തം രാജ്യം (ബംഗാൾ രാജ്യം) സ്ഥാപിച്ച് ഒരു ബംഗാൾ ബാബുവിനെ ഗവർണർ ജനറലായി അവരോധിച്ച് സ്വാതന്ത്യ്രം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവർ ബംഗാൾ വിഭജനത്തെ എതിർക്കുന്നത്” എന്നായിരുന്നു കത്തിലെ ഉള്ളടക്കം. അനേക നാട്ടുരാജ്യങ്ങളുണ്ടായിരുന്ന ആ കാലത്തെ ഇന്ത്യയിൽ ഇത് ഒരു അസാധാരണ നിലപാടായിരുന്നു എന്ന് കരുതാൻ വഴിയില്ല.

 


ഇതുകൂടി വായിക്കൂ: മലബാര്‍ കലാപവും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും


 

ഈ കാലയളവിൽ സ്വാതന്ത്യ്ര സമരത്തിന്റെ വക്താക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരിന്റെ മുൻപാകെ നടത്തിയിരുന്ന അപേക്ഷകളിലൊന്നും ഒരു സമ്പൂർണ സ്വാതന്ത്യ്രം എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല; മറിച്ച് ഓരോ സന്ദർഭങ്ങളിലെ ആവശ്യങ്ങൾ ബ്രിട്ടീഷ് സർക്കാർ നിവർത്തിച്ചു തരാൻ വേണ്ടി ഉള്ളവ മാത്രമായിരുന്നു. കോൺഗ്രസിന്റെ ഈ ശൈലിയെ എതിർത്ത “അടിമത്വ രഹിതൻ” (സറണ്ടർ‑നോട്ട്) സുരേന്ദ്രനാഥ് ബാനർജിയുടെ (1848–1925) നേതൃത്വത്തിൽ അനുശീലൻ സമിതിയും (1902) ഇൻഡ്യൻ നാഷണൽ ലിബറേഷൻ ഫെഡറേഷനും (1919) ഉണ്ടായത് ഈ കാലഘട്ടത്തിലാണ്.

ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് ദാദാഭായ് നവറോജിയുടെ ആശയങ്ങളാൽ പ്രേരിതമായി (ദാരിദ്യ്രവും ബ്രിട്ടീഷ് രഹിത ഭാരതവും) “സ്വദേശി” പ്രസ്ഥാനം ആരംഭിക്കുന്നത്. പിന്നീടാണ് ബാലഗംഗാധര തിലകനും, മഹാത്മാഗാന്ധിയും അത് ഏറ്റെടുത്തത്. ഗാന്ധിയുടെ 1920 കളിലെ ഇടപെടലുകളാണ് നിസ്സഹകരണ പ്രസ്ഥാനത്തിനും സത്യാഗ്രഹ സമരത്തിനും ജന്മമേകിയത്. കോൺഗ്രസിന്റെ 1920 ലെ കൽക്കട്ടാ സമ്മേളനം ഔദ്യോഗികമായി ഇത് അംഗീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നുള്ള ഇന്ത്യയുടെ മുഴുവൻ വിമോചനം ആയിരിക്കണം വിവിധ ഇടങ്ങളിലായി നടന്നുവന്ന സമരങ്ങളുടെ ലക്ഷ്യം എന്ന ആശയം ഉരുത്തിരിഞ്ഞുവരുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയും ഇതിനൊരു ഊർജ്ജം നൽകുകയുണ്ടായി. ഖിലാഫത് പ്രസ്ഥാനം, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോടതികളുടെയും സർക്കാർ സേവനങ്ങളുടെയും നിരസിക്കൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി പലയിടങ്ങളിലായി നടപ്പായി. എങ്കിലും ഇത് വളരെ പെട്ടെന്ന് എല്ലായിടത്തും ഒരുപോലെ, പ്രാദേശിക താല്പര്യങ്ങൾക്കപ്പുറത്ത് പൊതുവായ ഒരു ലക്ഷ്യത്തിലേക്ക് ഈ സമരങ്ങൾ വളർന്നു എന്ന് കരുതാൻ വയ്യ. പ്രാദേശീയമായ വിഷയങ്ങളും അവയെ കരുതി ബ്രിട്ടീഷുകാർക്കെതിരായ ചെറുത്തുനില്‍പ്പും പ്രതിരോധങ്ങളും അപ്പോഴും തുടരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ പ്രദേശത്തെയും സാഹചര്യം അനുസരിച്ച് അവിടത്തെ സമരരീതിയും വ്യത്യസ്തമായിരുന്നു. ഇതിനൊരുദാഹരണമാണ് ചൗരി ചൗര (ഉത്തർപ്രദേശ് — 1922 ഫെബ്രുവരി 4) സംഭവം. അടിസ്ഥാനപരമായി ആ പ്രദേശത്തെ നിത്യോപയോഗ വസ്തുക്കളുടെ ഉയർന്ന വിലയും ഗൗരി ബസാറിലെ മദ്യവില്പനയും ആയിരുന്നു പ്രതിഷേധത്തിന് കാരണം. ഇതിനെ എതിർത്ത പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത പൊലീസിന്റെ അതിക്രമ ശൈലിക്കെതിരെ പ്രിതിഷേധിക്കാൻ രണ്ടാംനാൾ ഗൗരി ബസാറിൽ തടിച്ചുകൂടിയ ആയിരക്കണക്കായ ജനത്തിനെതിരെ നടന്ന ക്രൂരമായ പൊലീസ് അക്രമണം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രാദേശീക അധ്യായമായി സ്വാതന്ത്യ്രസമര ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. ഒരു കാര്യത്തിൽ എല്ലാ സമരങ്ങൾക്കും ഒരേ ലക്ഷ്യമായിരുന്നു: ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിക്കണം എന്നതുതന്നെ. പക്ഷെ അത് നടപ്പായത് പ്രാദേശിക വിഷയങ്ങളുടെയും സാഹചര്യങ്ങളുടെയും ശൈലിയിലും പശ്ചാത്തലത്തിലും ആയിരുന്നു എന്നത് മറന്നുകൂടാ.

 


ഇതുകൂടി വായിക്കൂ: ചരിത്രം വളച്ചൊടിക്കുവാനാകില്ല


 

ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം മാപ്പിള ലഹളയെയും അതിന്റെ ലക്ഷ്യത്തെയും പരിശോധിക്കാൻ. 1921 ഓഗസ്റ്റ് 20 ന് (പ്രാദേശീകമായ ചൗരി ചൗരാ സമരത്തിന് അഞ്ചുമാസങ്ങൾക്ക് മുൻപ്) ആരംഭിച്ച ഈ സമരം പ്രാഥമികമായി ഒരു പ്രദേശത്തെ കർഷകർ, അവരെ ചൂഷണം ചെയ്തുവന്ന ഭൂഉടമകൾക്കെതിരെ നയിച്ച കലാപമായിരുന്നു. ഈ ജന്മികളെ പിൻതുണച്ചിരുന്നതാകട്ടെ ബ്രിട്ടീഷുകാരും. ഈ അവിശുദ്ധ കൂട്ടുകെട്ട് സാധാരണക്കാരായ കർഷകരുടെ ജീവിതം നരകതുല്യമാക്കി. കർഷകരും ഭൂഉടമകളും തമ്മിൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ തുടർച്ചയായ ഏറ്റുമുട്ടൽ നടന്നുവന്നു. ജന്മിമാരുടെ പിൻബലം ബ്രിട്ടീഷ് സർക്കാരാണ് എന്ന് തിരിച്ചറിഞ്ഞ ജനം ഭരണത്തിന്റെ പ്രാതിനിധ്യമുള്ള പൊതു വസ്തുക്കൾ നശിപ്പിച്ച് പ്രതിഷേധം പെരുപ്പിച്ചു. ടെലഗ്രാഫ് കമ്പികൾ മുറിച്ചു, ട്രെയിൻ സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസുകൾ, കോടതികൾ തുടങ്ങിയവ അക്രമിക്കപ്പെട്ടു. സമരത്തെ നേരിട്ടത് ബ്രിട്ടീഷ് സൈന്യമായിരുന്നു. ഇതും ഈ സമരത്തിന്റെ സ്വഭാവത്തെ നിർണയിക്കുന്നതാണ്. കുപ്രസിദ്ധമായ “വാഗൺ ദുരന്തവും” അവരുടെ കണക്കിൽ തന്നെ ചേർക്കേണ്ടതാണ്. ഈ പ്രദേശത്ത് കൂടുതലായുണ്ടായിരുന്നത് മുസ്‌ലിം സമുദായാംഗങ്ങളായിരുന്നു എങ്കിലും നമ്പൂതിരി, നായർ, തീയർ സമുദായാംഗങ്ങളും സമരത്തിൽ സജീവമായുണ്ടായിരുന്നു. എം പി നാരായണമേനോൻ, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ, കാപ്പാട് കൃഷ്ണൻ നായർ, മൊഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ നേതൃത്വത്തിൽ തന്നെ ഉണ്ടായിരുന്നു. ഈ ഭാഗത്തെ മാപ്പിള മുസ്‌ലിമുകൾ പരമ്പരാഗതമായി കച്ചവടക്കാരായിരുന്നു എങ്കിലും പോർച്ചുഗീസുകാരുടെ വരവോടെ തീരദേശത്തെ കച്ചവടം അവരുടെ കുത്തകയായി. പരമ്പരാഗത കച്ചവടക്കാർ ഉൾപ്രദേശത്തേക്ക് വലിയുകയും കൃഷി ജീവനോപാധി ആയി സ്വീകരിക്കുകയും ചെയ്തു. അവിടെയാണ് ഭൂജന്മിമാരുടെ ചൂഷണത്തിന് വിധേയരാകേണ്ട സാഹചര്യം വന്നുചേർന്നത്. അങ്ങനെ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണവർ ജീവിക്കാൻ വേണ്ടി ശക്തമായി പ്രതിഷേധിക്കേണ്ടിന്നു, അതും കാരണക്കാരായ കോളനിവാഴ്ചക്കാർക്കെതിരെ. ചുരുക്കത്തിൽ ബംഗാൾ കലാപം, ചൗരിചൗര പ്രക്ഷോഭം എന്നിവ പോലെ പ്രാദേശികമായ വിഷയമായിരുന്നു മലബാർ കലാപത്തിന്റെയും പശ്ചാത്തലം. എന്നാൽ ഇവയെല്ലാം വിദേശ ആധിപത്യത്താൽ ഉണ്ടായ സാഹചര്യങ്ങൾക്കെതിരെയുള്ള സമരവുമായിരുന്നു. ഇക്കാരണത്താൽ മലബാർ സമരവും അഥവാ മാപ്പിള ലഹളയും അധിനിവേശക്കാർക്കെതിരെയും അത്യന്തികമായി ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായുള്ളതും ആയിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. ഇത് സംബന്ധിച്ച് ഉയരുന്ന ഒരു എതിർ ശബ്ദം, മലബാറിൽ ഒരു സ്വതന്ത്ര മുസ്‌ലിം രാജ്യം സ്ഥാപിക്കാനാണ് കലാപക്കാർ ശ്രമിച്ചത് എന്നാണ്. കഴ്സൺ പ്രഭു ബംഗാളിനെക്കുറിച്ചെഴുതിയതും ഇതും തമ്മിൽ എങ്ങനെയാണ് വ്യത്യസ്ഥമാകുന്നത് എന്നത് ചോദ്യം ചെയ്യേണ്ട വിഷയമാണ്. കൂടാതെ അക്കാലത്ത് ഇന്ത്യ എന്ന ഏക രാജ്യം എന്നത് എത്രത്തോളം പൊതു ധാരണയിൽ വന്നിരുന്നു എന്നതും പരിശോധിക്കേണ്ടതാണ്.

 


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യ സമര നിഘണ്ടുവില്‍ നിന്ന് മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെ ഒഴിവാക്കുന്നു


 

എന്താണ് മലബാർ കലാപത്തെ ഇന്ത്യയുടെ സ്വാതന്ത്യ്ര സമരമായി അംഗീകരിക്കാൻ ഭാരത സർക്കാരിനുള്ള, സർക്കാരിന്റെ രാഷ്ട്രീയ കക്ഷിക്കുള്ള, വിമുഖത എന്ന് പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കർഷകരെ ചൂഷണം ചെയ്ത ജന്മിമാരുടെ പിൻബലമായിരുന്ന ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരം ഇന്ത്യയുടെ സ്വാതന്ത്യ്ര സമരമായിരുന്നു എന്ന് സമ്മതിച്ചാൽ, ആധുനിക അന്താരാഷ്ട്ര കുത്തകകളായ പുതുകോളനി വാഴ്ചയുടെ പിൻബലമായ ഭാരത സർക്കാരിനെതിരെ ഒരു വർഷത്തോളമായി ഇവിടത്തെ കർഷകർ നടത്തുന്ന സമരം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്യ്ര സമരമായി അംഗീകരിക്കേണ്ടിവരും എന്നതു തന്നെ. പക്ഷെ ചരിത്രം സാക്ഷിക്കുന്നതെന്താണ്? “ഈ അധിനിവേശവും അസ്തമിക്കും” എന്നതാണ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൗൺസിലിന്റെ ശ്രമം ബ്രിട്ടീഷുകാർ മഹാത്മാഗാന്ധിക്കെതിരെ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സ്വാതന്ത്യ്രസമര സേനാനികൾക്കെതിരെ, നടത്തിയ അറസ്റ്റിനും നിശബ്ദീകരണ ശ്രമത്തിനും തുല്യമാണ് എന്ന് ഞാൻ പറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.