ചോരപ്പുഴയായി ഒഴുകി ഒരു നദി, ഒറ്റ ദിവസം അറുത്തത് 47,000 പന്നികളെ

Web Desk
Posted on November 14, 2019, 4:20 pm

ഒറ്റദിവസം കൊണ്ട് 47,000 പന്നികളെ അറുത്ത് കൂട്ടിയിട്ട അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര പുഴയിലേയ്ക്ക് പതിച്ചപ്പോള്‍ ചുവന്നൊഴുകി ദക്ഷിണകൊറിയയിലെ ഇംജിന്‍ നദി. ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് പന്നികളെ അറുത്തത്. ഇവയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഒഴുകിയ ചോര കനത്ത മഴയെ തുടര്‍ന്ന് പുഴയിലേക്ക് പതിച്ചു.

ചോരപ്പുഴയായി ഒഴുകുന്ന പുഴയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ വലിയ വിവാദത്തിനാണ് ഇത് തിരി കൊളുത്തിയത്. ഏഷ്യന്‍ സ്വിന്‍ ഫ്ളൂ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യോണ്‍ ചെന്‍ കൗണ്ടിയില്‍ ആയിരുന്നു പന്നികളെ കൂട്ടത്തോടെ കൊന്നത്. ഇതെതുടര്‍ന്ന് പുഴയിലെ വെള്ളം സമീപത്തെ കര്‍ഷകരും മറ്റും താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നത് അസുഖവും അണുബാധയും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ആശങ്ക.

എന്നാൽ ഇതിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷിമന്ത്രി. പന്നിവെട്ട് മൂലം ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് കാര്‍ഷിക മന്ത്രാലയം പറയുന്നു. മാംസാവശിഷ്ടങ്ങള്‍ ശരിയായ വിധമാണോ സംസ്‌ക്കരിച്ചത് എന്ന പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.