സംസ്കൃതം പുനര്‍ജ്ജനിക്കും ഈ കുടുംബം അതാണ് പറയുന്നത്
By: Web Desk | Saturday 25 August 2018 9:17 AM IST
‘ഗഛതു … ഗഛതു.. ‘ (പോകൂ പോകൂ…)സ്വപ്നത്തില്‍ കുഞ്ഞുണ്ണി പുലമ്പിയത് സംസ്കൃതമാണെന്നു കണ്ട് അഛനുമമ്മയും പരസ്പരം നോക്കി ചിരിച്ചു. മൂത്ത കുട്ടികള്‍ സംസ്കൃതത്തില്‍ ചിന്തിച്ചാണ് മലയാളം പറയുന്നതെന്നറിഞ്ഞ് അവര്‍ നിശ്വസിച്ചു. വലിയൊരു വിതയുടെ നൂറുമേനി വിളവായിരുന്നു അത്. വിശ്വ മഹാകവി കാളിദാസന്റെ വരികള്‍ ‘കുസുമേ കുസുമോല്‍പ്പത്തി ..പൂവില്‍ പൂവുണ്ടാകുമത്രേ’ അതിവിടെ ദര്‍ശിക്കാം…..
ഇന്ന് ലോക സംസ്കൃത ദിനത്തില്‍ ഈ കുടുംബത്തെ അറിയാം
ഹരി കുറിശേരി
ഫോട്ടോ: രാജേഷ് രാജേന്ദ്രന്
സംസ്കൃതം മൃതഭാഷയാണെന്ന് ആര്‍ക്കും പറയാനാവില്ല ഈ കുടുംബത്തെ പരിചയപ്പെട്ടാല്‍. തിരുവനന്തപുരം ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ഈശാവാസ്യം എന്ന വീട്ടില്‍ എല്ലാവരും പരസ്പരം സംസാരിക്കുന്നത് നമ്മള് വിസ്മരിച്ചു കളഞ്ഞ ദേവ ഭാഷയിലാണ്. തിരുവനന്തപുരം സംസ്കൃത കോളജ് പ്രിന്‍സിപ്പല്‍ പയ്യന്നൂര്‍ കൈതപ്രത്ത് ഡോ.കെ ഉണ്ണികൃഷ്ണന്, ഭാര്യ കാര്യവട്ടത്തെ സെന്റര്‍ ഫോര്‍ വേദാന്ത സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി എന്‍ വിജയകുമാരി എന്നിവര്‍ക്ക് ഇത് തപസ്യയല്ല ഒരു സ്വാഭാവിക ജീവിതചര്യയാണ്.
ആധുനിക കേരളത്തില്‍ സംസ്കൃതത്തില്‍ ആദ്യം സംസാരിച്ച കുട്ടിയെന്ന് കേഴി കേട്ട മകള്‍ നിവേദിത, ഇളയ മകള്‍ സമന്വിത എന്നിവരും അവരെ സംസ്കൃതം പഠിപ്പിക്കാന്‍ വേണ്ടി സംസ്കൃതത്തിലേക്ക് സംഭാഷണം മാറ്റിയ അമ്മമ്മ ലീലാദേവി അന്തര്‍ജ്ജനവും സംസ്കൃതം പറയുന്നത് പോകട്ടെ വീട്ടില്‍ പിച്ചവയ്ക്കുന്ന ഒരുണ്ണിയുണ്ട്, കുഞ്ഞുണ്ണി എന്ന ദീക്ഷിത്. അവന് കാറിന്റെ ടയര്‍ എന്താണ് ഊരിയിട്ടിരിക്കുന്നതെന്ന് ചോദിക്കുന്നത് സംസ്കൃതത്തിലാണ്. ആയുര്‍വേദം പഠിക്കുന്ന നിവേദിതയും പട്ടം കേന്ദ്രീയ വിദ്യാലയം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സമന്വിതയും പരിചയമുള്ളവര്‍ക്ക് അല്‍ ഭുതമാണ്. അവര്‍ ആര്‍ക്കും അറിയാത്ത ഒരു ഭാഷയില്‍ തമ്മില്‍ സംസാരിക്കുന്നു. പിരിവുകാരന് നൂറു രൂപ അധികമാണെന്നോ പച്ചക്കറിക്കാരന് തട്ടിപ്പാണെന്നോ അവരുടെ മുന്നില്‍ വച്ച് വീട്ടുകാര്‍ക്ക് പരസ്പരം തര്‍ക്കിക്കാം. അവരറിയില്ല. നമ്മുടെ എല്ലാ ഭാഷകളുടെയും അമ്മയായിട്ടും മുന്നില്‍ ഒഴുകി മാഞ്ഞ ആ ഭാഷ വീട്ടുഭാഷയാക്കിയ മലയാളികള്‍ ഇവര്‍ മാത്രമായിരിക്കും.
രസകരമാണ് ഈശാവാസ്യത്തിലെ കുടുംബമേളകള്‍. സാഹിത്യം തത്വചിന്ത സമസ്യ എന്നിവ മാത്രമല്ല അവര്‍ ചര്‍ച്ച ചെയ്യുന്നത് പ്രളയവും പുനരധിവാസവും രാഷ്ട്രീയവും അടക്കമുള്ള എല്ലാം അവിടെ കടന്നു വരും. അതിഥികളോട് അവര്‍ക്കറിയാത്ത ഭാഷയാണ് താന്‍ ചോദിക്കുന്നതെന്നറിയാതെ കുഞ്ഞുണ്ണി സംസ്കൃത സംഭാഷണം നടത്തിക്കളയും ‘കുത്ര, കിം,കേന,ആഗശ്ച ‘ എന്നൊക്കെ ചോദിക്കുമ്പോള്‍ അതിഥിക്ക് സഹായം തേടാതെ കഴിയില്ല.
കാഞ്ചീപുരം കാഞ്ചി കാമകോടി സംസ്കൃത വിദ്യാപീഠത്തില്‍ പഠിച്ച നാളില്‍ ആണ് ഉണ്ണികൃഷ്ണന് ഒരു സംസ്കൃത കുടുംബമെന്ന ആശയമുണ്ടായത്.
‘ഭാഷ്യതേ ഇതി ഭാഷാ, സംസാരിച്ചാലേ ഭാഷയ്ക്ക് ഭാഷാത്വം ലഭിക്കൂ ‘അദ്ദേഹം പറയുന്നു. ‘സംസ്കൃതം ഇന്ന് കേള്‍ക്കാനാളില്ല. ഇപ്പോ തമിഴ് സംസാരിക്കാനറിയുമെങ്കിലേ ആ ഭാഷ അറിയാമെന്നു പറയൂ. എന്നാല്‍ ഒരു ശ്ലോകം പാടാനോ വ്യാഖ്യാനിക്കാനോ അറിയാമെങ്കില്‍ സംസ്കൃതം അറിയാമെന്നായി. സംസ്കൃതം വര്‍ത്തമാനം കേള്‍ക്കാനില്ല. ”ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹ ശ്രൂയന്താം..പ്രവാചകോ ബലദേവാനന്ദസാഗര ” ഒരുകാലത്തെ ജനങ്ങള്‍ക്ക വേണ്ടെന്നുവച്ചാലും ഇത് കേള്ക്കാതിരിക്കാനാവില്ലായിരുന്നു. കാരണം ഡല്‍ഹി മലയാളം വാര്‍ത്തക്കു മുമ്പിലായിരുന്നു ഇത്്. ചായക്കടക്കുമുന്നില് ചെവിവട്ടം പിടിച്ചിരുന്നവര്‍ നെഹ്രുമരിച്ചതും ഇന്ദിരാഗാന്ധിക്കുവെടിയേറ്റതും ഇന്ത്യ ലോകകപ്പ് ജയിച്ചതും ഒക്കെ സംസ്കൃത വാര്ത്തയിലൂടെയ ഊഹിച്ചറിയാനും പിന്നീട് മലയാളം വാര്‍ത്തയില്‍ സ്ഥിരീകരിക്കാനും പഠിച്ചിരുന്നു. റേഡിയോ തന്നെ കേള്‍ക്കാത്ത കാലത്ത് അതിലെ സംസ്കൃതവാര്‍ത്ത ആരു കേള്‍ക്കാന്‍. അതിനെയും മിമിക്രിക്കാര്‍ക്ക് വിട്ടുകൊടുത്ത് നമ്മള് ചാനലുകളുടെ വര്ണപ്രപഞ്ചത്തിലേക്കു പാറിപ്പറന്നു. ദൂരദര്‍ശന്റെ സംസ്കൃതപരിപാടിയുടെ കാര്യവും തഥൈവ. എന്നാല്‍ ഇന്ന് ഇതിനെ ഗൗരവത്തോടെ പരിഗണിക്കുന്ന ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന് പറയുന്നു.
സംസ്കൃതഭാഷ കടുകട്ടിയാണ് വ്യാകരണ നിബദ്ധമാണ് എന്ന് പ്രചരണമുണ്ട്്്. ഇത് മറികടക്കാനാണ് ഞങ്ങളുടെ ശ്രമം. സംസ്കൃതം സരളമാണ് ,സാധ്യമാണ് ,അനിവാര്യമാണ് എന്ന് ബോധ്യമാക്കാനാണ് സംസ്കൃത സംഭാഷണ ക്ലാസുകളിലൂടെ ശ്രമിക്കുന്നത്. പത്തു ദിവസത്തെ ക്ലാസില്‍ ആകെ 500 വാക്കുകള്ക്കുള്ളിലാണ് പഠിക്കുക. സംസ്കൃതത്തിന്റെ സരളമുഖം കാട്ടിക്കൊടുക്കുകയാണ് ലക്ഷ്യം.’ ദമ്പതികള്‍ നടത്തുന്ന ക്ലാസില്‍ വ്യത്യസ്ഥ മേഖലയിലെ പ്രമുഖരും സാധാരണക്കാരും പഠിതാക്കളാണ്.download
നിലവിലെ പഠനരീതിയില്‍ ഒരു മാര്ക്കുനേടല് പരിപാടിയായി ചുരുങ്ങിയോ സംസ്കൃത പഠനം
‘അല്ല, നല്ല മാറ്റമുണ്ട് പുതിയ ഏകജാലകം വഴി മികവുള്ള കുട്ടികള്‍ എത്തുന്നുണ്ട് ‘. വിജയകുമാരി പറയുന്നു
കേന്ദ്രത്തിന്റെ അഷ്ടാദശി എന്ന പുതിയ പദ്ധതി 18 തരത്തില്‍ ഭാഷയെ വളര്‍ത്താനുതകുന്നതാണ്. കേരളത്തിലെ നിരവധി സംസ്കൃത പഠന കേന്ദ്രങ്ങള്‍ പുതിയ പരിപാടികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
‘നോക്കൂ ആയുര്‍വേദം ഇനി സംസ്കൃതത്തില്‍ മാത്രം നമ്മുടെ കുട്ടികള്‍ പഠിക്കും. എന്‍ജിനീയറിംങ് ,കംപ്യൂട്ടര്‍ സയന്‍സ് എന്നിവ സംസ്കൃതത്തില്‍ പഠിക്കാനാവും.കംപ്യൂട്ടറിന്റെ ഏറ്റവും അനുയോജ്യമായ ഭാഷയാണ് സംസ്കൃതമെന്ന് ഐ ഐ ടി പ്രഫസര്‍ ഡോ.അംബാ കുല്‍ക്കര്‍ണി നടത്തിയ പഠനത്തില്‍ പറയുന്നു. മാഹേശ്വര സൂത്രം മികച്ച കംപ്യൂട്ടര്‍ പ്രോഗ്രാമിന് ഉദാഹരണമാണ്. ‘
ഭാരത സംസ്കാരത്തെ ഇംഗ്ലീഷുകാര്‍ തകര്‍ത്തതു് അതിന്റെ നട്ടെല്ലായിരുന്ന ഒരു ഭാഷയെ തകര്‍ത്തു കൊണ്ടാണ്. സരസ്വതി എന്ന പുരാതന നദി മണ്ണിലാഴ്ന്ന പോലെ സംസ്കൃത ഭാഷയും മറുഭാഷകളുടെ ചേര് നിലങ്ങളിലേക്കു താണുപോയി. ഭാഷാപ്രയോഗത്തിലൂടെ സംസ്കൃതം സര്വ്വവ്യാപിയാക്കാം എന്ന സിദ്ധാന്തത്തിലാണ് ഡോ ഉണ്ണികൃഷ്ണനും ഡോ.വിജയകുമാരിയും വ്യാപക ശ്രമങ്ങള്‍ നടത്തുന്നത്. ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പഠിച്ചും പരീക്ഷ എഴുതിയും മാര്‍ക്കു നേടാമെന്നതാണ് ഭാഷയുടെ മരവിപ്പിന് ഒരു കാരണം. സരളമാര്ഗത്തിലൂടെ സംസ്കൃതത്തില്‍ പ്രിയം ജനിപ്പിക്കുകയാണ് ക്ലാസുകളുടെ രീതി. താല്‍പ്പര്യം ജനിച്ചാല്‍ വിട്ടു പോകാന്‍ കഴിയാത്ത ഭാഷയാണത്. സംഭാഷണം ഭാഷയുടെ നട്ടെല്ലു തന്നെയാണ്. വേദാന്തവും തത്വചിന്തയും ഗണിതവും അടക്കം പല ഗൗരവമുള്ള വിഷയങ്ങളിലും ഗഹന പ്രഭാഷണം നടത്തുന്ന ദമ്പതികള്‍ പക്ഷേ സംസ്കൃത ഭാഷാ പഠന ക്ലാസുകളില്‍ ദ്വിവചനം, മധ്യമ പുരുഷന് എന്നിവ പ്രയോഗിക്കാതെ ലളിത രീതിയാണ് അനുവര്‍ത്തിക്കുക.
മലയാള മടക്കം മിക്ക ഇന്ത്യന്‍ ഭാഷകള്‍ക്കും മികച്ച പദസമ്പത്ത് സമ്മാനിച്ച ഭാഷയാണ് സംസ്കൃതം. മുമ്പ് മലയാള സാഹിത്യത്തിലേക്ക് കടന്നു വന്ന സംസ്കൃതപദങ്ങള്‍ മിക്കതും ഉപേക്ഷിക്കപ്പെടുകയും പകരം ഇംഗ്ലീഷ് വാക്കുകള്‍ സ്ഥാനം നേടുകയും ചെയ്തു. പണ്ട് സാധാരണ സംഭാഷണത്തില്‍ നാം ഉപയോഗിച്ച സംസ്കൃതപദങ്ങള്‍ എന്നേയ്ക്കുമായി ഭാഷക്ക് നഷ്ടമായതായി കാണാം.
സംഭാഷണത്തിലൂടെ ഭാരതത്തിന്റെ ഈടിരിപ്പുകള്‍ മുഴുവന്‍ സ്വന്തമായ ഒരു ഭാഷയെ മൃതാവസ്ഥയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാണ് ഇവരടങ്ങുന്ന വലിയൊരു സംഘത്തിന്റെ ശ്രമം. ആ കൃഷി വിജയിക്കുമെന്ന് ഈ അധ്യാപകര്‍ തങ്ങളുടെ വീട്ടുതോട്ടത്തില്‍ വിളവെടുത്തുതന്നെ കാണിച്ചുതരുന്നു.