ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക

Web Desk
Posted on March 28, 2019, 11:59 am

ന്യൂഡല്‍ഹി : ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക ; മറുപടിയുമായി ഇന്ത്യ. ഉപഗ്രഹവേധ പരീക്ഷണം ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമെന്നാണ് അമേരിക്ക പറയുന്നത്.

എന്നാല്‍, പരീക്ഷണത്തിലെ അവശിഷ്ടങ്ങളെക്കുറിച്ച്‌ ആശങ്ക വേണ്ടെന്ന് ഇന്ത്യ അറിയിച്ചു. അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റിലാണ് പരീക്ഷണം നടത്തിയതെന്നും ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള ഇടമാണെന്നും പരീക്ഷണത്തില്‍ ഉണ്ടായ 250 ചെറു ഭാഗങ്ങളെ നിരീക്ഷിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചത്. ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഉപഗ്രഹത്തെ ആക്രമിച്ച്‌ വീഴ്ത്തുന്നതില്‍ മിഷന്‍ ശക്തി വിജയിച്ചു. മൂന്ന് മിനിറ്റില്‍ ഇന്ത്യ വിജയം കണ്ടു, മോഡി വ്യക്തമാക്കി.