ഡോ. ജിപ്‍സണ്‍ വി പോള്‍

March 21, 2020, 5:30 am

ചിതലരിക്കുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ

Janayugom Online

രാഷ്ട്രപതിയുടെ സവിശേഷ അധികാരമുപയോഗിച്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് ഇന്ത്യന്‍ ന്യായാധിപ സിംഹാസനത്തില്‍ ഉത്തുംഗ പദവി വഹിച്ചിരുന്ന രഞ്ജന്‍ ഗൊഗോയിയെ നിയമിച്ചു എന്ന വാര്‍ത്ത നീതിന്യായ വ്യവസ്ഥയില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഏത് ‍ പൗരനെയും ആശങ്കയില്‍ ആക്കിയിരിക്കുന്നു. ഭരണഘടനയുടെയും ജനാധിപത്യ‑മതേതര മൂല്യങ്ങളുടെയും കാവലാളും ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളില്‍ ഒന്നായ നീതിന്യായ വ്യവസ്ഥിതിക്ക് ഏറ്റ അപചയത്തിന്റെ കാണപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് ഈ സ്ഥാനലബ്ധി എന്നത് തര്‍ക്കേതര വിഷയമാണ്. രഞ്ജന്‍ ഗൊഗോയിയുടെ സഹപ്രവര്‍ത്തകരായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് ആര്‍ ലൊക്കറും പ്രതികരിച്ചത്. നീതിന്യായ വ്യവസ്ഥിതിയുടെ സ്വതന്ത്രസ്വഭാവുത്തിനും നിഷ്പക്ഷതയ്ക്കും തുരങ്കം വയ്ക്കുന്നതാണ് ഈ നടപടി എന്നാണ്. ജുഡിഷ്യറിക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇത്തരം നടപടികള്‍.

ബാബറി മസ്ജിദിനെ തര്‍ക്കഭൂമിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ച മലയാളിയായ കെ കെ നായരെയും ഭാര്യ ശകുന്തളാ നായരെയും ഹിന്ദു മഹാസഭയുടെയും ബിജെപിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെയും ബാനറില്‍ ആദ്യം ഉത്തര്‍പ്രദേശ് നിയമസഭയിലേക്കും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും എത്തിച്ച നടപടിയാണ് ‍ ഓര്‍മ്മയില്‍ വരുന്നത്. ബാബറി മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കാനും പിന്നീടുണ്ടായ തര്‍ക്കത്തില്‍ പള്ളി പൂട്ടിയിടാനും ജില്ലാ രജിസ്ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്ന കെ കെ നായര്‍ക്കായി. ഈ തര്‍ക്കമാണ് പിന്നീട് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായ ബാബറി മസ്ജിദിന്റെ തകര്‍ക്കലില്‍ കലാശിച്ചത്. ഇതുകൊണ്ടെല്ലാമാണ് ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനവും അയോധ്യ വിധി പ്രസ്താവവും സംശയത്തിന്റെ നിഴലില്‍ ആകുന്നത്. ഒരു രാജ്യത്തിലെ നിയമത്തെ വ്യാഖ്യാനിക്കുന്നതിനും തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനും ഉള്ള ജനാധിപത്യപരമായ സംവിധാനമാണ് നീതിന്യായവ്യവസ്ഥ. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തെ പരിശോധിക്കുന്നതിനും ഭരണഘടന പരമോന്നത നിയമം എന്ന് വിധിക്കാനും അധികാരമുള്ളതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി. അതുകൊണ്ടാണ് സിറ്റിസണ്‍ അമെന്റ്മെന്റ് ആക്ട് (സിഎഎ) പോലുള്ള വന്‍ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരായി നൂറുകണക്കിന് ഹര്‍ജികള്‍ ഇന്ത്യന്‍ സുപ്രീംകോടതിയില്‍ എത്തുന്നത്.

വലതുപക്ഷ വീക്ഷണമുള്ള ഫാസിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഭരണകൂടത്തില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ സാമാന്യ ജനത്തിന്റെ ഏക ആശ്രയസ്ഥാനമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ. ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയുടെ മൂല്യം അളക്കുന്നത് അവിടങ്ങളിലെ നീതിന്യായ വ്യവസ്ഥിതിയുടെ സ്വതന്ത്രമായ നിലനില്‍പ്പിനെക്കൂടി പരിഗണിച്ചാണ്. ഡല്‍ഹി കലാപത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി-ആര്‍എസ്എസ് നേതാ‌ക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഡല്‍ഹി ഹെെക്കോടതി ജഡ്ജി മുരളീധറിനെ പാതിരാത്രിയില്‍ സ്ഥലം മാറ്റിയതും സമീപകാല ചരിത്രത്തിലെ കറുത്ത പൊട്ടുകളിലൊന്നാണ്. 1984ലെ ഡല്‍ഹി സിഖ് കലാപത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജി തന്നെ ആയിരുന്നു എന്നതിനാല്‍ തന്നെ നീതിവ്യവസ്ഥിതിയോടുള്ള തന്റെ കടമ നിറവേറ്റുന്നതില്‍ അദ്ദേഹം പക്ഷപാതരഹിതന്‍ ആയിരുന്നു എന്നും കണ്ടെത്താം.‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ നടപടി സ്വീകരിച്ചു. ജസ്റ്റിസ് ലോധയുടെ സംശയാസ്പദ സാഹചര്യത്തിലെ മരണവും ഇന്ത്യന്‍ രാഷ്ട്രീയ‑കോലാഹലങ്ങളില്‍ മുങ്ങിപ്പോയെങ്കിലും നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഒരു ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു. ലോധയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബങ്ങളും സുഹൃത്തുക്കളും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ആയിട്ടില്ല. ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റം എന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനയാണ്. 1726ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനി മദ്രാസ്, കൊല്‍ക്കത്ത, ബോംബെ എന്നിവിടങ്ങളില്‍ ആരംഭിച്ച ‘മേയേഷ്സ് കോര്‍ട്ടില്‍’ നിന്നാണ് ഇന്നത്തെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ തുടക്കം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ഇന്ത്യാഭരണം ഏറ്റെടുത്ത ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കിയ 1859ലെ സിവില്‍ പ്രൊസിജ്യര്‍ കോഡും 1860ലെ ഇന്ത്യന്‍ പീനല്‍കോഡും 1861ലെ ക്രിമിനല്‍ പ്രൊസിഡര്‍ കോഡും തന്നെയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ചട്ടക്കൂട്.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വതന്ത്രവും ഭീതിമുക്തവുമായ ഒരു നീതിന്യായ സംവിധാനമാണ് കെട്ടിപ്പടുത്തത്. ഗവണ്‍മെന്റിന്റെ ഭാഗമായ നിയമനിര്‍മ്മാണങ്ങളുടെയും ഭരണനിര്‍വഹണ സംവിധാനത്തിന്റെയും നിഴല്‍പോലും പതിക്കാതെ സര്‍വസ്വാതന്ത്രമായി ഒരു ജുഡീഷ്യല്‍ സംവിധാനമാണ് ഒരുക്കിയത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിലോ നിയമിക്കുന്നതിലോ, സ്ഥലം മാറ്റുന്നതിനോ പോലും സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ സ്വാധീനമില്ലാത്ത രീതിയിലാണ് നീതിവ്യവസ്ഥിതിയെ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള കൊളീജിയം ആണ് ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റം പോലും തീരുമാനിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ്പും പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തിയിരുന്നതായി കാണാം. ഒരാള്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് അവിഹിതമായ രീതിയില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരുത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുപോലും അധികാരമില്ല. പാര്‍ലമെന്റില്‍ അധികാരപരിധിയില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ സുപ്രീംകോടതിയിലെയോ-ഹെെക്കോടതി ജഡ്ജിമാരെയോ പേരടുത്തോ- പ്രത്യേക വിധികളെ മുന്‍നിര്‍ത്തിയോ വിമര്‍ശിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റ് മെമ്പര്‍മാരെപോലും ഇന്ത്യന്‍ ഭരണഘടന വിലക്കിയിരിക്കുന്നു. ഇത്രയും സ്വതന്ത്രവും സുതാര്യവുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ ജഡ്ജിമാരാണ് രാഷ്ട്രീയ നേതൃത്വം നീട്ടുന്ന അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ വിടുവേല ചെയ്യുന്നത് എന്ന് ഓര്‍ക്കുമ്പോഴാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ അപചയത്തെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടിവരുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ സ്പീക്കര്‍ക്കും ഭരണനിര്‍വഹണ വിഭാഗത്തിന്റെ തലവനായ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും തുല്യമായ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ സ്ഥാനം അലങ്കരിച്ച ഉത്തുംഗപുംഗവന്‍മാരാണ് രാജ്യസഭാ മെംബറും ഗവര്‍ണറും ഒക്കെ ആകുന്നത് എന്നോര്‍ക്കുമ്പോഴാണ് അപചയത്തിന്റെ ആഴം വ്യക്തമാകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകനായിട്ടാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ഇന്ത്യന്‍ ഭരണഘടന തന്നെ വിഭാവനം ചെയ്തിരിക്കന്നത്. ഭരണഘടനയുടെ 13-ാം അനുച്ഛേദത്തില്‍ ‘നീതിന്യായ പുനഃപരിശോധന’ (ജുഡീഷ്യല്‍ റിവ്യൂ) അധികാരം കോടതികള്‍ക്ക് നല്‍കിയിരിക്കുന്നു. അനുച്ഛേദം 32 അനുസരിച്ച് സുപ്രീംകോടതിക്കും അനുച്ഛേദം 226 അനുസരിച്ച് ഹെെക്കോടതികള്‍ക്കും മൗലിക അവകാശങ്ങളുടെ സംരക്ഷണവും ജുഡീഷ്യറിയുടെ കടമയാണ് പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ ഗെഗോയി പൊതുവേദിയില്‍ നടത്തിയ പരാമര്‍ശം സുപ്രീംകോടതി ജഡ്ജിക്ക് ചേര്‍ന്നതായിരുന്നില്ല. സിഎഎക്കും എന്‍പിആറിനും എതിരായ ഹര്‍ജികളില്‍ വരാനിരിക്കുന്ന വിധികള്‍ക്കായി കാതോര്‍ക്കുന്ന രാജ്യത്തിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ജനാധിപത്യവും-മതേതരത്വവും ശക്തിപ്പെടണമെങ്കില്‍ നീതിയുക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥിതി അത്യന്താപേക്ഷിതമാണ്. ഫാസിസ്റ്റ് കാലത്തെ കോടതികള്‍ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് അടിമപ്പെടാന്‍ പാടില്ല. അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പടെയുള്ള രാജ്യദ്രോഹ നടപടികളില്‍ ശക്തമായ നടപടിയെടുക്കേണ്ട സാഹചര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ലോകത്തിലെ എല്ലാ ഭരണകൂടങ്ങളും കോടതികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഹിറ്റ്ലറും മുസോളിനിയും ജുഡീഷ്യറിയെ സ്വാധീനിച്ച് തന്നെയാണ് തങ്ങളുടെ കരിനിയമങ്ങളെ രാജ്യരക്ഷാ നിയമങ്ങളാക്കി അവതരിപ്പിച്ചു എന്നുള്ളത് ഭയശങ്കകളെ അകറ്റുന്നതാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ശക്തമായ നടപടി എടുക്കേണ്ട റിസര്‍വ് ബാങ്ക് പലപ്പോഴും രാഷ്ട്രീയ ചട്ടുകമായി മാറുന്ന കാഴ്ചകാണുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ ഏക ആശ്രയവും അഭയസ്ഥാനവുമായ നീതിന്യായ വ്യവസ്ഥിതിയെ സംരക്ഷിച്ചേ മതിയാകൂ. ജുഡീഷ്യറി വിമര്‍ശന വിധേയമാകേണ്ടിയിരിക്കുന്നു.

ENGLISH SUMMARY:A scat­tered Indi­an judiciary