പൊതുമണ്ഡലത്തില്‍ പ്രാമുഖ്യം നേടിയ പണ്ഡിതന്‍

Web Desk
Posted on July 15, 2019, 10:38 pm

 

സ്വാതന്ത്ര്യ സമരത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന, നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി വളര്‍ന്ന നേതാവായിരുന്നു എന്‍ ഇ ബാലറാം. അദ്ദേഹത്തിന്റെ 25-ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സൈദ്ധാന്തികരില്‍ പ്രമുഖനായിരുന്ന ബാലറാം കിടയറ്റ സംഘാടകന്‍ കൂടിയായിരുന്നു. അര നൂറ്റാണ്ടുകാലം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിവന്ന ആശയ സമരത്തിന്റെ അമരക്കാരില്‍ പ്രമുഖന്‍ ബാലറാമായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി, ഭാരതീയ തത്വചിന്തയിലും മാര്‍ക്‌സിസത്തിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന സൈദ്ധാന്തികന്‍, ചരിത്രകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, സാഹിത്യ നിരൂപകന്‍, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാള്‍, പാര്‍ലമെന്റേറിയന്‍ തുടങ്ങി നാനാതുറകളില്‍ ബാലറാം മായാത്ത മുദ്ര പതിപ്പിച്ചു.
മറ്റു പല പൊതുപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമായി ചരിത്രം, ഭാഷാശാസ്ത്രം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ അഗാധമായ ജ്ഞാനമുള്ള ഒരു പണ്ഡിതനായിരുന്നു എന്‍ ഇ ബാലറാം. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഖനനം ചെയ്ത് പാലി ഭാഷയിലുള്ള ലിഖിതങ്ങള്‍ വ്യാഖ്യാനിച്ച ഗവേഷക സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ജയില്‍ ജീവിതകാലത്ത് ടാഗോറിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള പഠനത്തിനായി അദ്ദേഹം ബംഗാളിഭാഷ പഠിക്കുകയാണ് ആദ്യം ചെയ്തത്. വാഗ്ഭടാനന്ദനെ സംസ്‌കൃതം പഠിപ്പിച്ച സംസ്‌കൃത പണ്ഡിതയായ മുത്തശ്ശി ശ്രീദേവിയില്‍ നിന്ന് നന്നെ ചെറുപ്പത്തില്‍ തന്നെ സംസ്‌കൃത ഭാഷയില്‍ അവഗാഹം നേടിയിരുന്നു.

രാഷ്ട്രീയം, ചരിത്രം, തത്വശാസ്ത്രം, സാഹിത്യം തുടങ്ങിയ സമസ്ത മേഖലകളിലും സങ്കീര്‍ണമായ വിഷയങ്ങളെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളുമെഴുതുമ്പോഴും അദ്ദേഹത്തിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത് ശുദ്ധമായ ഭാഷയും, ലളിതമായ ശൈലിയുമാണ്.
ഇന്ത്യക്ക് എത്ര വയസായി? വളരെ ലളിതമായ ഈ ഒരു ചോദ്യത്തിലൂടെയാണ് ഇന്ത്യയുടെ പ്രാചീന ശിലായുഗ കാലഘട്ടത്തെക്കുറിച്ചുള്ള ബാലറാമിന്റെ ഒരു ലേഖനം തുടങ്ങുന്നത്. എന്നാല്‍ ഏത് സാധാരണ മനുഷ്യനും മനസിലാവുന്ന ഭാഷയില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കാലനിര്‍ണയം 185 കോടി വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പോവുന്നുവെന്നും തെക്കെ ആഫ്രിക്കയും ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒത്തുചേര്‍ന്ന് ഇന്ന് ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ”ഗോണ്ഡ്‌വാന” എന്ന സാങ്കല്‍പിക നാമത്തില്‍ അറിയപ്പെടുന്ന വിശാലമായ വന്‍കരയില്‍ നിന്നും ദക്ഷിണേന്ത്യ എങ്ങനെ വേര്‍പെട്ട് ഇന്നു കാണുന്ന ഇന്ത്യാ ഉപഭൂഖണ്ഡം രൂപപ്പെട്ടുവെന്നും, ഇന്ത്യയില്‍ നിലവിലുള്ള ഭാഷകള്‍ 845 ഓളം വരുമെന്നും, ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിദ്ധ്യത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ഈ ചെറിയ പ്രബന്ധത്തിലൂടെ അദ്ദേഹം വിവരിക്കുന്നു.
ഇന്ത്യയില്‍ നടക്കുന്ന പുരാവസ്തു ഉല്‍ഖനനങ്ങളെക്കുറിച്ചും അവയിലൂടെ ഉരുത്തിരിഞ്ഞു വന്ന പ്രാചീന സംസ്‌കാരങ്ങളെ സംബന്ധിച്ച അറിവുകളെക്കുറിച്ചും ബാലറാമിനെ പോലെ അവഗാഹമുണ്ടായിരുന്നവര്‍ ഇന്ന് ചുരുക്കമാണ്. മനുഷ്യോല്‍പത്തിയെക്കുറിച്ചും ഇന്ത്യാ ചരിത്രത്തെക്കുറിച്ചും മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ആധികാരികമായ പഠനങ്ങളില്‍ പ്രഥമഗണനീയമാണ് ബാലറാമിന്റെ പ്രബന്ധങ്ങള്‍.

ഇന്ന് ഇന്ത്യാ ചരിത്ര ഗവേഷകന്മാര്‍ വലിയ പ്രാധാന്യം നല്‍കുന്ന ഒരു പഠനശാഖയാണ്, ആര്യന്മാരുടെ ആഗമനകാലത്തെ ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥ. ആര്യന്മാര്‍ ഇന്ത്യയിലേക്കുവന്ന ബി സി ഏഴാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനുമിടയിലുള്ള കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്ന 82 ഗണങ്ങളെക്കുറിച്ചും ആര്യന്‍ അധിനിവേശകാലത്ത് അവര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെക്കുറിച്ചും അവരെ എങ്ങനെയാണ് ആര്യന്മാര്‍ യുദ്ധം വഴിയും അവരുടെ സ്ത്രീകളെ വിവാഹം ചെയ്തും തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്നത് എന്നും അദ്ദേഹം മഹാഭാരതത്തില്‍ നിന്നും ഗ്രീക്ക് ചരിത്രകാരന്മാരില്‍ നിന്നും പാണിനിയില്‍ നിന്നും പാലി സാഹിത്യത്തില്‍ നിന്നും ലഭിച്ച അറിവുകളിലൂടെ വിശദീകരിക്കുന്നു.
കുന്തി, പാഞ്ചാലി, സുഭദ്ര, ഹിഡുംബി തുടങ്ങിയ രാജപത്‌നിമാര്‍ ഗണാംഗനകളായിരുന്നു എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. പഞ്ചാബിലും സിന്ധിലുമുണ്ടായിരുന്ന ഒട്ടനവധി ഗണങ്ങളെ നശിപ്പിച്ചാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മടങ്ങിയത്. അശോകചക്രവര്‍ത്തിയുടെ കലിംഗ യുദ്ധത്തില്‍ കലിംഗ ഗണങ്ങളാണ് തകര്‍ന്നു പോയത്. യാദവരും, പാഞ്ചാലരും, ലച്ഛവികളും, അന്ധകരും, കഥകരുമൊക്കെ അടങ്ങിയ വിവിധ ഗണവര്‍ഗങ്ങള്‍ ഈ കൂട്ടക്കുരുതികളെ അതിജീവിച്ചു. ആര്യാധിനിവേശം ഇന്ത്യയിലെത്തിച്ച ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് വെളിയിലുള്ള അവര്‍ണ്ണരായി അവര്‍ നാടുവാഴിത്ത വ്യവസ്ഥയിലും തുടര്‍ന്നു. ശതപഥബ്രാഹ്മണം എന്ന പ്രബന്ധത്തില്‍ ഋഗ്വേദ കാലഘട്ടത്തിനു ശേഷമുള്ള ആര്യന്മാരുടെ വളര്‍ച്ചയും ജാതിസമ്പ്രദായം സമൂഹത്തില്‍ വേരൂന്നുന്നതും ക്രമബന്ധമായി വിശദീകരിക്കുന്നു.
ഈ കാലഘട്ടത്തിലാണ് ബ്രാഹ്മണ മേധാവിത്വം സമൂഹത്തില്‍ വ്യാപകമാവുന്നതും മുന്‍പേ പറഞ്ഞ ഗണവര്‍ഗ്ഗങ്ങളില്‍പ്പെട്ടവരെ ദാസന്മാരും അടിമകളുമാക്കുന്നതും. ഈ രാജ്യത്തെ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളുടെയും അവര്‍ണ്ണരുടെയും ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ചരിത്രപണ്ഡിതന്മാരില്‍ പ്രഥമഗണനീയനാണ് ബാലറാം. ഇന്ത്യാ ചരിത്രത്തിന്റെ നാള്‍വഴികള്‍ തേടുന്നവര്‍ക്ക് ഇന്നും വഴികാട്ടിയാണ് അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍. ഇന്ന് കൗരവന്‍മാര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും രാവണന് 25 വിമാനമുണ്ടായിരുന്നുവെന്നുമൊക്കെ ചരിത്രവിജ്ഞാനം വിളമ്പുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ള വ്യാജപണ്ഡിതന്മാരെ നിര്‍ബന്ധപൂര്‍വ്വം ബാലറാമിന്റെ ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍ പഠിപ്പിക്കേണ്ടതാണ്.
ആധുനിക സാഹിത്യത്തെക്കുറിച്ചും പ്രത്യേകിച്ച് 1940 കളില്‍ വളര്‍ന്നുവന്ന അസ്തിത്വവാദ പ്രസ്ഥാനത്തെക്കുറിച്ചും വിശദമായും ആധികാരികമായും ബാലറാം പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാരതീയ സൗന്ദര്യ ശാസ്ത്ര തത്വങ്ങളെ മാര്‍ക്‌സിയന്‍ പഠനരീതി ഉപയോഗിച്ച് പഠിക്കുകയും ആ തത്വങ്ങളെ മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്ര വീക്ഷണങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്തു, ബാലറാം. മാര്‍ക്‌സിസ്റ്റിതര വിമര്‍ശന പദ്ധതികളെയും അദ്ദേഹം ഉള്‍ക്കൊള്ളുന്നു.
എന്‍ ഇ ബാലറാം ഒരു സ്വാതന്ത്ര്യസമര സേനാനി, പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍ ഭരണാധികാരി എന്നീ നിലകളിലെല്ലാം വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ചരിത്രം, സാഹിത്യ നിരൂപണം, പുരാവസ്തു ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വൈജ്ഞാനിക സാഹിത്യ മേഖലയില്‍ മലയാള ഭാഷയ്ക്ക് ബൃഹത്തായ സംഭാവനകള്‍ നല്‍കിയിരുന്നു എന്ന കാര്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല. അതിനു പ്രധാന കാരണമായി തോന്നുന്നത് പൊതുമണ്ഡലത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാമുഖ്യം തന്നെയാണ്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യശോധാവള്യം, വൈജ്ഞാനിക രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വലിയ സംഭാവനകള്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിക്കാനിടയാക്കിയില്ല. അദ്ദേഹത്തിന്റെ സാഹിത്യ, സാമൂഹ്യ രംഗങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ലോക ചരിത്രത്തിന്റെയും ഇന്ത്യാ ചരിത്രത്തിന്റെയും വിവിധ ഘട്ടങ്ങളും വിവിധ സാമൂഹ്യ സ്ഥാപനങ്ങളുടെയും കോയ്മകളുടെയും വളര്‍ച്ചയുടെയും, സമൂഹത്തില്‍ അവ ഉളവാക്കിയ പ്രത്യാഘാതങ്ങളുടെയും യുക്തിഭദ്രമായ അപഗ്രഥനത്തിന് ബാലറാമിന്റെ ഗ്രന്ഥങ്ങള്‍ വലിയ വഴിക്കാട്ടിയായിരിക്കും.
അന്യമത വിരോധമെന്ന വികാരത്തെ ആളിക്കത്തിച്ച് ഏറ്റവും പിന്തിരിപ്പനായ ഒരു ഭരണകൂടം സ്ഥാപിക്കാനാണ് ബിജെപി ഹിന്ദുത്വവാദം ഉന്നയിക്കുന്നതെന്ന് ബാലറാം എഴുതി. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും ഇന്ത്യയില്‍ പുഷ്ടി പ്രാപിച്ചുവരുന്ന സിവില്‍ സൊസൈറ്റിയേയും വിരൂപപ്പെടുത്താനോ മാറ്റാനോ ആണ് ബിജെപി ശ്രമിക്കുന്നതെന്ന ബാലറാമിന്റെ മുന്നറിയിപ്പ് ശരിയായി വരികയാണ്. ഹിന്ദു വര്‍ഗീയതയായിരിക്കും ഇന്ത്യയില്‍ ഫാസിസത്തിന് വഴിതുറക്കുക എന്ന് രാഷ്ട്രീയ ചിന്തകന്മാര്‍ പറഞ്ഞത് ഇവിടെ സ്മരണീയമാണ്.
വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള മാര്‍ഗം മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ദേശീയ പുരോഗതിയിലും പാവപ്പെട്ടവരുടെ സംരക്ഷണത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പ് മാത്രമാണ്. അത്തരമൊരു ചെറുത്തുനില്‍പ്പ് വളര്‍ത്തിക്കൊണ്ടുവരാന്‍ ബാലറാമിന്റെ സ്മരണ നമുക്ക് കരുത്ത് പകരട്ടെ.