ടികെ അനില്‍ കുമാര്‍

February 02, 2020, 4:34 am

മനസ്സിൽ ഒരായിരം ഓർമ്മകളുടെ തിരയിളക്കം

 സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ് കുമാരന്റെ സഹോദരി കെ പി തങ്കമ്മ സഹോദരനെ അനുസ്മരിക്കുന്നു
Janayugom Online

മനസ്സിൽ ഒരായിരം ഓർമ്മകളുടെ തിരയിളക്കമാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ് കുമാരന്റെ സഹോദരി കെ പി തങ്കമ്മയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഉണ്ടായിരുന്ന കാലത്ത് ഒട്ടേറെ നേതാക്കൾ ഒളിവിൽ താമസിച്ച വീടാണ് ആലപ്പുഴ ആര്യാട് അവലൂക്കുന്ന് കൊച്ചുതകിടിയിൽ. പി കൃഷ്ണപിള്ള, സി ജി സദാശിവൻ, പി ടി പുന്നൂസ്, ഇ കെ നയനാർ, വി എസ് അചുതാനന്ദൻ, കെ വി പത്രോസ്, പി ജി പത്മനാഭൻ അങ്ങനെ നീളുന്നു നേതാക്കളുടെ നിര. പുലർച്ചെ തന്നെ എഴുന്നേറ്റ് അമ്മ എല്ലാവർക്കും ഭക്ഷണം തയ്യാറാക്കും. അപ്പോഴും മകനായ എസ് കുമാരൻ ഭക്ഷണം കഴിക്കാൻ വീട്ടിലില്ലായിരുന്നു. മകൻ എവിടെയെന്ന് അമ്മ തിരക്കുമ്പോൾ സുരക്ഷിതമായി തന്നെ ഉണ്ടെന്നായിരുന്നു സഹപ്രവർത്തകരുടെ മറുപടി. ഏറെ നാളുകളായി എസ് കുമാരൻ ഒളിവിലായിരുന്നു. എസ് കുമാരനെ കണ്ടാൽ തലവെട്ടി മാറ്റുമെന്ന് പൊലീസുകാർ തുടർച്ചയായി വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. ഒരു ദിവസം നാടുമുഴുവൻ പട്ടാളത്തിന്റെ ബഹളം. ഞങ്ങൾ ഭയന്ന് കഴിയുകയായിരുന്നു. അണ്ണനെ പിടിക്കുമോയെന്നുള്ള ഭീതി. രണ്ടുപേരെ പൊലീസ് പിടികൂടി. സി കെ കുമാരപണിക്കരും എസ് കുമാരനുമായിരുന്നു അത്. പോകുന്ന വഴി ഈ ആളിനെ അറിയാമോ എന്ന് പൊലീസ് നാട്ടുകാരോട് തിരക്കുന്നുണ്ടായിരുന്നു.

എസ് കുമാരനെ എല്ലാവർക്കും അറിയാം. എങ്കിലും ഇല്ലന്നായിരുന്നു അവരുടെ മറുപടി. കുറച്ചുകഴിഞ്ഞപ്പോൾ കുട്ടികൾ കളിക്കുന്ന മൈതാനത്തിലൂടെ ആയിരുന്നു ഇവരുടെ യാത്ര. അയ്യോ എസ് കുമരാനെ പിടിച്ചുവെന്ന് കുട്ടികൾ ഉറക്കെ കരഞ്ഞു. അപ്പോഴാണ് പട്ടാളക്കാർക്ക് മനസ്സിലായത്. തങ്ങൾ പിടികൂടിയത് എസ് കുമാരനെയാണെന്ന്. ഇതറിഞ്ഞ് അച്ഛൻ അവശതയിൽ കിടപ്പായി. ജയലിൽ 22 ദിവസത്തോളം എസ് കുമാരൻ നിരാഹാരം കിടന്നു. പിന്നീട് ജയിൽ അധികൃതർ ആശുപത്രിയിലേയ്ക്ക് മാറ്റി. അമ്മ കാണാൻ ചെന്നെങ്കിലും പൊലീസുകാർ അനുവദിച്ചില്ല. കാണാതെ പോകില്ലെന്ന് അമ്മയും പറഞ്ഞു. പിന്നീടാണ്. അമ്മയെ കാണിച്ചത്. ഇതിനിടയിൽ മൂത്തസഹോദരൻ എസ് ദാമോദരനെയും തിരക്കി പൊലീസ് സ്ഥിരമായി വീട്ടിൽ വരാൻ തുടങ്ങി. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എസ് ദാമോദരൻ വന്നപ്പോൾ ഒരു പൊലീസുകാരൻ ചാടിവീണ് പിടിച്ചു. ഇതുകണ്ട നാട്ടുകാർ ഇടപെട്ടാണ് ചേട്ടനെ രക്ഷപെടുത്തിയത്. പിന്നെ വീട്ടിൽ പൊലീസുകാർ സ്ഥിരം വന്നുകൊണ്ടേ ഇരുന്നു. പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ആശ്വാസ വാക്കുമായി വീട്ടിലെത്തി.

പിറ്റേദിവസം രാവിലെ 10 മണിയോടെ ഒരാളെ വീട്ടിൽ കൊണ്ട് ഇരുത്തി. അച്ഛനും അമ്മയും ഓടിച്ചെന്ന് നോക്കിയപ്പോൾ എസ് കുമാരൻ പറഞ്ഞു. ആരും മിണ്ടരുതെന്ന്. പെട്ടെന്ന് ഒരു വിഷഹാരിയുടെ അടുത്തുകൊണ്ടുപോകണം. ഉടൻ തന്നെ അവർ യാത്രയായി. വൈകിട്ട് ഏഴു മണിയായപ്പോൾ വീട്ടിൽ ഒരാൾ വന്നു. അപ്പോഴാണ് പാമ്പുകടിയേറ്റത് കൃഷ്ണപിള്ളയ്ക്കാണെന്ന് മനസ്സിലായത്. സംഭവം അറിഞ്ഞ് എസ് കുമാരൻ അയ്യോ എന്ന് ഉറക്കെ വിളിച്ചു. മൃതദേഹം ഒരു കാരണവശാലും പൊലീസിന് കൊടുക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. ചുടുകാട്ടിലാണ് അടക്കിയത്. കൃഷ്ണപിള്ളയുടെ മരണം രേഖാമൂലം അറിയിക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്യാൻ ആളെത്തി. വീട് പൂട്ടി മുദ്രവെയ്ക്കാനായിരുന്നു അവർ ഒരുങ്ങിയത്. എസ് കുമാരന്റെ പേരിലായിരുന്നു കേസ്. ആള് ഹാജരാകാത്തതിനാൽ വീട് കണ്ടുകെട്ടണം. കൊലക്കേസ് പ്രതിയായ നയനാരെ താമസിപ്പിച്ച സംഭവത്തിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സുകുമാരൻ എന്ന പേരിലാണ് നായനാർ ഒളിവിൽ താമസിച്ചത്. ഒരു രാത്രി എന്തോ ഒരു ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ നൂറുകണക്കിന് പട്ടാളക്കാർ തോക്കും പിടിച്ച് വീടിന് മുന്നിൽ. ചേട്ടന്മാരുടെ വരവും പോക്കും എപ്പോഴക്കെയാണെന്ന് ചോദിച്ചു. ഒത്തിരിനാളായി വന്നിട്ട് എന്നായിരുന്നു എന്റെ മറുപടി. അതിൽ ഒരു പൊലീസുകാരൻ വലിഞ്ഞ് മച്ചിന്റെ മുകളിൽ കയറി. അങ്ങനെ എത്രയോ രാത്രികൾ പട്ടാളക്കാരുടെ പീഡനം മൂലം ഉറക്കമില്ലാതെ പോയി. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി. ഒരു സഹോദരൻ എസ് കുമാരൻ സിപിഐ യിലും മറ്റൊരു സഹോദരൻ എസ് ദാമോദരൻ സിപിഐ എമിലും ആയിരുന്നു. എന്നാൽ വീട്ടിൽ രണ്ടു പാർട്ടികളുടേയും യോഗം ചേരും. നേതാക്കളും പ്രവർത്തകരും വളരെ സൗഹാർദ്ദപൂർവ്വമാണ് കഴിഞ്ഞിരുന്നത്. ക്യാപ്ഷൻ ഫോട്ടോ 1 — എസ് കുമാരനും എസ് ദാമോദരനും ഒരു വിവാഹ ചടങ്ങിൽ ഫോട്ടോ 2 — കെ പി തങ്കമ്മ