Janayugom Online
season-in-france-a-hug

ഫ്രാന്‍സിലെ ഒരു വിനോദകാലം

Web Desk
Posted on December 09, 2017, 9:54 pm

ജോസ് ഡേവിഡ്

ആഫ്രിക്കയുടെ മധ്യത്തിലെ നിഴല്‍പ്പൊട്ടു പോലെയുള്ള ഒരു കുഞ്ഞുനാടാണ് ചാഡ്. അവിടത്തെ സിനിമകളെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാം. ആകെ രണ്ട് ചലച്ചിത്ര സംവിധായകരേ അവിടെയുള്ളു. രണ്ടുപേരും ഫ്രാന്‍സില്‍ ജീവിക്കുന്നു. ചാഡില്‍ ആകെ ഒരു സിനിമ കൊട്ടക. ഗ്രാമങ്ങളില്‍, മഴയില്ലാത്തപ്പോള്‍ സിനിമ കാണാം. ഛായാഗ്രാഹകരില്ല, സിനിമ ടെക്‌നീഷ്യന്മാരില്ല; പക്ഷേ ചാഡ് സിനിമയുണ്ടാക്കുന്നു.
”എന്തുകൊണ്ടാണെന്നോ” മഹമ്മദ് സലെ ഹാരോണ്‍ ചോദിക്കുന്നു. ”അല്ലെങ്കില്‍ ഞങ്ങളുടെ മുഖങ്ങള്‍ കാണാന്‍ കഴിയില്ല. പകരം അമേരിക്കയുടേയോ യൂറോപ്പിന്റെയോ മുഖങ്ങള്‍ മാത്രം. മുഖങ്ങളിലൂടെ ഞങ്ങളെ കോളനിവല്‍ക്കരിക്കുന്നു.”
മഹമ്മദ് സലെ ഹാരോണിന്റെ ഏറ്റവും പുതിയ ചിത്രം ”എ സീസണ്‍ ഇന്‍ ഫ്രാന്‍സ്”ടാഗോറിലെ നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. സിനിമയുടെ ആമുഖമായി ഹാരോണ്‍ പറഞ്ഞു: ഇതു ഒരു പ്രണയകഥയാണ്. സീസണ്‍ എന്നാല്‍ ഫ്രാന്‍സില്‍ വിനോദയാത്രികരുടെ ആഗമനകാലം.

സിനിമ തീര്‍ന്നപ്പോള്‍ ഹാരോണ്‍ വീണ്ടും കാണികള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ”ചാഡില്‍ നിന്നും ഫ്രാന്‍സില്‍ കുടിയേറാന്‍ വന്ന ഒരാള്‍ക്കു അനുമതി നിഷേധിച്ചപ്പോള്‍ അയാള്‍ ആത്മാഹൂതി ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തോന്നിയതാണീ കഥ.”
ഇതില്‍ പ്രണയമുണ്ട്; ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിന്റെ പ്രണയം. ചാഡിലെ സ്‌കൂള്‍ അധ്യാപകനായ അബ്ബാസ്, ആഭ്യന്തര കലഹത്തെ തുടര്‍ന്ന്, അമ്മ നഷ്ടപ്പെട്ട രണ്ടു മക്കളുമായി ഫ്രാന്‍സില്‍ അഭയാര്‍ഥികളാകുന്നതിന്റെ വര്‍ണനയാണ് ചിത്രം. പച്ചക്കറിക്കടയില്‍ ജോലിക്കാരനാകുന്ന അബ്ബാസിന് വീട്ടില്‍ അഭയം നല്‍കുന്ന ഫ്രഞ്ചുകാരി കരോളിന്‍. അവര്‍ക്കിടയിലെ ലോലമായ പ്രണയം.
”റോഹിങ്ക്യന്‍ അഭയാര്‍ഥിപ്രശ്‌നം രൂക്ഷമാകും മുമ്പാണ് ഈ ചിത്രം ചെയ്തത്. പക്ഷേ ലോകമെങ്ങും സ്വന്തം ഇടം ഇല്ലാതാകുന്നവന്റെ നോവ് ഒന്നുതന്നെ,”- ഹാരോണ്‍.
ഒരു ഡോളറേ കയ്യിലുള്ളുവെങ്കിലും ഞാന്‍ ചിത്രമെടുക്കും.നാടിന്റെ കഥ പറയാന്‍, കല നിര്‍മിക്കാന്‍— ഹാരോണ്‍.
”ബൈ ബൈ ആഫ്രിക്ക”യുടെ പ്രിവ്യു നാട്ടിലെ ഏക തീയേറ്ററില്‍ നടക്കുമ്പോള്‍ ഹാരോണിന്റെ ഗ്രാമങ്ങളിലെ ഒട്ടേറെപേര്‍ നല്ല ഉടുപ്പിട്ടു വന്ന് തീയേറ്ററിന് മുന്നില്‍ കൂടിയിരിക്കുന്നു. അടുത്തുചെന്ന് എന്തേ ഇവിടിരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നു, ഞങ്ങള്‍ക്കും പടം കാണണം. പക്ഷേ പണം കയ്യിലില്ല. ”ഞാനവര്‍ക്ക് സിനിമാ ടിക്കറ്റെടുക്കാന്‍ പണം നല്‍കേണ്ടി വന്നു.” ബൈ ബൈ ആഫ്രിക്ക ഹാരോണിന്റെ പ്രഥമ ചിത്രമാണ്.
ആത്മാഹൂതി ചെയ്യുന്ന അഭയാര്‍ഥി കല്ലറയിലും അഭയാര്‍ഥിയാണ്. അഞ്ചുവര്‍ഷം ശവം അവിടെ സൂക്ഷിക്കും, ഏറ്റുവാങ്ങി സംസ്‌കരിച്ചില്ലെങ്കില്‍ കത്തിച്ചുകളയും. സംസ്‌കരിക്കപ്പെടാത്തതു വലിയ അപമാനമായി കരുതുന്ന ജനത. കല്ലറയില്‍ നിന്നും ഒരു ചിത്രശലഭം പറന്നുയരുന്നു, അവരുടെ വിശ്വാസം പോലെ ഒന്നും അവസാനിക്കാതെ.