Web Desk

June 09, 2021, 2:35 pm

കെ സുരേന്ദ്രന്‍റെ രാജിക്കായി ബിജെപിയിലെ ഒരുവിഭാഗം രംഗത്ത് ; ഡല്‍ഹി യാത്രക്ക് പിന്നില്‍ രാജിയെന്നു സൂചന

Janayugom Online

വിവാദങ്ങൾ ഉയർന്നതിന്​ പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സു​രേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിച്ചതിനു പിന്നില്‍ രാജിവെയ്പ്പിക്കാനെന്ന വാര്‍ത്ത പുറത്തു വരുന്നു. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. ജോഷി എന്നിവരുമായി കൂടിക്കാഴ്​ച നടത്തും.കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാർഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത്​ ബിഎസ്​പി സ്ഥാനാർഥികെ. സുന്ദരക്ക് പിൻമാറാൻ കോഴ നൽകിയെന്ന ആരോപണം, ​നിയമസഭ തെരഞ്ഞെടുപ്പ് പരാജയം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ കത്തി നിൽക്കുന്നതിനിടെയാണ്​ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോട് രാജിവയ്ക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുമെന്ന് സൂചന. 

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പേരുദോഷം ഒഴിവാക്കാനാകും ഇത്. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ളവരുമായി സുരേന്ദ്രൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. കേരളത്തിലെ സംഘടനാ വിഷയങ്ങളിൽ സിവി ആനന്ദബോസ് നൽകിയ റിപ്പോർട്ട് സുരേന്ദ്രന് എതിരാണ്. ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരും അക്കമിട്ട് നിരത്തി പ്രശ്‌നങ്ങൾ നദ്ദയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക റിപ്പോർട്ട് സുരേന്ദ്രൻ സമർപ്പിക്കും. ഇത് വിശദമായി കേന്ദ്രം പരിശോധിക്കും. ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്നാകും സുരേന്ദ്രൻ നദ്ദയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. പാർട്ടിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല. കൊടകരയിലും അതു തന്നെയാണ് സംഭവിച്ചതെന്നും വിശദീകരിക്കും. കൂടിക്കാഴ്ചകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതായാണ് സൂചന. സമ്പൂർണ്ണ അഴിച്ചു പണിയിലൂടെ എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി പാർട്ടിക്ക് പുനർജീവനം നൽകാമെന്ന നിലപാടാണ് സുരേന്ദ്രനുള്ളത്.

കേരളത്തിലെ ബിജെപി.യുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്ന കുഴൽപ്പണമിടപാട് ആരോപണങ്ങളും സംബന്ധിച്ച് പാർട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളിൽ റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കാണാനിരിക്കുന്നത്. കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാർട്ടിക്ക് കേരളത്തിൽ സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുരുതര വോട്ട് ചോർച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജനറൽ സെക്രട്ടറിമാർ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ചയായി.കേന്ദ്ര നേതൃത്വത്തിൽ പദവി നൽകി സുരേന്ദ്രനെ കേരളത്തിലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതും ബിജെപി കേന്ദ്ര നേൃത്വത്തിന്റെ പരിഗണനയിലാണ്. കേരളത്തിലെ ബിജെപിയിലെ ഒരു വിഭാഗം സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്‍റ്സ്ഥാനം രാജിവെയ്ക്കണമെന്ന നിലപാടിലുമാണ്.

ENGLISH SUMMARY:A sec­tion of BJP in for K Suren­dran’s resignation
You may also like this video