പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസില്‍ പ്രത്യേകം എഫ്ഐആർ വേണം

Web Desk

കൊച്ചി

Posted on September 16, 2020, 10:07 pm

പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു ഹൈക്കോടതി. പോപ്പുലർ ഫിനാൻസ് കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ കേന്ദ്രസർക്കാരിന്റെ പെഴ്സണൽ മന്ത്രാലയം ഉടനടി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തു നിലവിലുള്ള നിക്ഷേപ സംരക്ഷണ നിയമത്തിലൂടെ പോപ്പുലർ ഫിനാൻസിന്റെ 271 ശാഖകളിൽ പണയം വച്ചിരിക്കുന്ന സ്വർണത്തിന്റെയും മറ്റ് രേഖകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളാനും ഹൈക്കോടതി നിർദ്ദേശം നൽകി. എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വർണവും പണവും കണ്ടുകെട്ടണം.

ഹൈക്കോടതിയുടെ മുന്നിൽ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട ആറ് ഹർജികളാണ് എത്തിയത്. ഇതിൽ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹർജിയും ഉണ്ടായിരുന്നു. നിക്ഷേപ സംരക്ഷണ നിയമ പ്രകാരം പോപ്പുലർ ഫിനാൻസിന്റെ ശാഖകളിലുള്ള സ്വർണവും പണവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിൽ ഉൾപ്പെടും. ഈ ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസന്വേഷണത്തിന് സർക്കാരിന്റെ പൂർണ സഹകരണം ആവശ്യമാണെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയാണെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കാൻ നിർദ്ദേശിക്കണമെന്നും സിബിഐ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. ഇത് കോടതി അംഗീകരിച്ചു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരോ ജില്ലകളിലും ഓരോ എഫ്ഐആറുകൾ എടുക്കാൻ നിർദ്ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് സർക്കുലർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 13 എഫ്ഐആറുകളാണ് സംസ്ഥാനത്ത് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സർക്കുലർ റദ്ദാക്കിയാണ് ഓരോ പരാതിയിലും ഓരോ എഫ്ഐആർ വേണമെന്നു കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് വി ജി അരുൺ ആണ് കേസ് പരിഗണിച്ചത്.

തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ മൂവായിരത്തിലേറെ പരാതികൾ ലഭിച്ചെന്നും അന്വേഷണം ഇഴയുന്നെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും പത്തനംതിട്ട പൊലീസ് മേധാവി കെ ജി സൈമൺ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലായി 238 ശാഖകളാണു പോപ്പുലർ ഫിനാൻസ് ലിമിറ്റഡിനുള്ളത്. നിക്ഷേപകരുടെ എണ്ണം ഏകദേശം ഇരുപതിനായിരത്തിലേറെയാണ്. 1600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു പ്രാഥമിക കണക്ക്.

ENGLISH SUMMARY: A sep­a­rate FIR is required in the case of pop­u­lar finance fraud
You may also like this video