പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു സെമിനാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിക്കും കശ്മീരിൽ നിന്നുള്ള വിരമിച്ച പ്രൊഫ. ഷെയ്ഖ് ഷൗക്കത് ഹുസൈനും എതിരെ കിരാത യുഎപിഎ നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ തീരുമാനം അന്താരാഷ്ട്രത്തലത്തിൽ ചോദ്യംചെയ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ തുർക്ക് മനുഷ്യാവകാശ പരിരക്ഷകർക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വിഷയത്തിൽ ഇപ്പോൾ യുഎപിഎ ചുമത്തി കേസെടുക്കാൻ അനുമതിനൽകിയത് ഭരണകൂടത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. കശ്മീരിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് ന്യൂ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദേശമനുസരിച്ചാണ് 2010 നവംബർ 17ന് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. കേസിൽ കുറ്റാരോപിതരായ സയ്യദ് അലി ഷാ ഗിലാനി, സയ്യദ് അബ്ദുൾറഹ്‌മാൻ ഗിലാനി എന്നിവർ ഇതിനകം മരിച്ചുപോയി. അവശേഷിക്കുന്ന രണ്ട് കുറ്റാരോപിതർക്കെതിരെയാണ് യുഎപിഎ ചുമത്തി വിചാരണയ്ക്ക് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഭീകരപ്രവർത്തനം ആരോപിച്ച് കേസെടുക്കുന്നതോടെ ഇരുവരെയും ജാമ്യം കൂടാതെ തുറുങ്കിലടയ്ക്കുക എന്ന ലക്ഷ്യമാണ് ഭരണകൂടത്തിനുള്ളതെന്ന് വ്യക്തം. ലെഫ്റ്റനന്റ് ഗവർണർ കുറ്റാരോപിതർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ മൂന്ന് വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. അതുപ്രകാരം കുറ്റാരോപിതർക്ക് നൽകാവുന്ന പരമാവധി ശിക്ഷ മൂന്നുവർഷം മാത്രമായിരിക്കും എന്നതാണ് യുഎപിഎയുടെ പതിമൂന്നാം വകുപ്പ് അനുസരിച്ച് കേസെടുക്കാൻ അനുമതി നല്‍കാന്‍ പ്രേരകമായത്. അതനുസരിച്ച് കുറ്റാരോപിതരെ ഏഴുവർഷം വരെ തുറുങ്കിലടയ്ക്കാനാവും.
യുഎപിഎ നിയമത്തിന്റെ വിവിധ വകുപ്പുകളും ചട്ടങ്ങളും അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ വഴി അന്വേഷണം നടത്തുന്നതും കേസെടുക്കുന്നതും സർക്കാരാണ്. കേന്ദ്ര സർക്കാർ ഈ നിയമനിർമ്മാണം നടത്തുമ്പോൾത്തന്നെ നിയമനിർമ്മാതാക്കൾ അതിന്റെ ദുരുപയോഗ സാധ്യത തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അന്വേഷണത്തിൽ സമാഹരിക്കുന്ന തെളിവുകൾ ഒരു സ്വതന്ത്ര അധികാരകേന്ദ്രം വിലയിരുത്തി വേണം വിചാരണാ നടപടികൾക്ക് യോഗ്യമാണെന്ന് ശുപാർശ ചെയ്യാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിയമത്തിലെ വ്യവസ്ഥയനുസരിച്ച് അന്വേഷണ ഏജൻസിക്ക് അത് പൂർത്തിയാക്കാൻ 180 ദിവസം അനുവദിക്കുന്നുണ്ട്. അവർ ഹാജരാക്കുന്ന തെളിവുകൾ പരിശോധിച്ച് വിചാരണയ്ക്ക് ഉത്തരവിടാൻ ഒരു പതിറ്റാണ്ടിലേറെ സമയം വേണ്ടി വന്നുവെന്നത് അന്വേഷണം, വിചാരണയ്ക്കുള്ള ഉത്തരവ് എന്നിവയെ അസാധാരണവും ദുരൂഹവുമാക്കുന്നു. വിചാരണ ഉത്തരവ് സംബന്ധിച്ച് പരമോന്നത കോടതി വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിചാരണയ്ക്ക് അനുമതി നൽകുന്ന, മതിയായ യോഗ്യതയുള്ള, അധികാരകേന്ദ്രത്തിന് അതിന് ആവശ്യമായ വസ്തുതാപരമായ തെളിവുകൾ ലഭ്യമാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിയണം. അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ ആരോപിതമായ കുറ്റകൃത്യം സംബന്ധിച്ച വസ്തുതകളും സാഹചര്യങ്ങളും സമഗ്രമായി പ്രതിപാദിക്കപ്പെടണം. എന്നാൽ അരുന്ധതി റോയിക്കും ഷെയ്ഖ് ഷൗഖത് ഹുസൈനും എതിരായ വിചാരണാ അനുമതിയിൽ അത്തരത്തിൽ എന്തെങ്കിലും വസ്തുതകൾ ഉള്ളതായി യാതൊന്നും പുറത്തുവന്നിട്ടില്ല. ഇത് വ്യക്തമാക്കുന്നത് ഭരണകൂടത്തോട് വിയോജിക്കുന്നവരെയും വിമർശനം ഉന്നയിക്കാനുള്ള തന്റേടം പ്രകടിപ്പിക്കുന്നവരെയും നിശബ്ദരാക്കാനും പൊതുജീവിതത്തിൽ നിന്നും നിഷ്കാസനം ചെയ്യാനുമുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ലെഫ്റ്റനന്റ് ഗവർണറുടെ വിചാരണാനുമതി എന്നതാണ്.
അരുന്ധതി റോയിയോടും അവരടക്കം ഭരണകൂടത്തോടും വ്യവസ്ഥിതിയോടും കലഹിക്കുന്നവരോട് വിയോജിക്കാനും അതിനെ വിമർശിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശത്തെ ആർക്കും നിഷേധിക്കാനാവില്ല. എന്നാൽ അത്തരക്കാരെ രാജ്യദ്രോഹികളും ഭീകരവാദികളുമാക്കി മുദ്രകുത്തി തുറുങ്കിലടയ്ക്കാനും നിശബ്ദരാക്കാനും നടക്കുന്ന ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അന്യമാണ്. വിമർശകരെയും രാഷ്ട്രീയ പ്രതിയോഗികളെയും നിശബ്ദരാക്കാനും അത്തരക്കാരെ എക്കാലത്തേക്കും കാരാഗ്രഹത്തിന്റെ ഇരുട്ടിലേക്ക് തള്ളുന്നതിനും കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സാക്ഷ്യം വഹിക്കേണ്ടിവന്നു. വയോധികനായ സ്റ്റാൻസ്വാമിയുടെ രക്തസാക്ഷിത്വവും മറ്റനേകം മനുഷ്യാവകാശ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും കാരാഗൃഹവാസത്തിനും കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന ഇന്ത്യ ആ ഇരുണ്ട ദിനങ്ങൾ ആവർത്തിക്കാൻ അനുവദിച്ചുകൂട. ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പുനഃസ്ഥാപിക്കപ്പെട്ട ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ഭരണകൂട ഫാസിസത്തെ ചെറുക്കൻ ഇന്ത്യക്ക് കഴിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.