Wednesday
18 Sep 2019

രാഷ്ട്രീയ പക്വതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യം

By: Web Desk | Saturday 24 August 2019 11:25 PM IST


രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം അനുദിനം തകരുന്നു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ കേവലം കെട്ടുകഥയാകും. സമ്പദ് വ്യവസ്ഥ സംബന്ധിച്ച അഥരവ്യായാമങ്ങള്‍ രക്ഷക്കെത്തുമെന്നാണ് ഭരണാധികാരികളുടെ ധാരണ. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുവയ്ക്കാന്‍ കഴിയില്ല. മൊത്തം ജനസംഖ്യയുടെ ഒന്നു മുതല്‍ പത്ത് ശതമാനം വരെ വരുന്നവര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് യഥാര്‍ഥ സാമൂഹ്യ സാമ്പത്തിക വികസനം.

ജിഡിപി സംബന്ധിച്ച തെറ്റായ കണക്കുകള്‍ നല്‍കുന്നതിലൂടെ രാജ്യത്തെ വികസനം സംബന്ധിച്ച വ്യക്തമായ ധാരണയില്ല. ലോകബാങ്കിന്റെ തത്വങ്ങള്‍ പിന്തുടരുന്ന റേറ്റിങ് ഏജന്‍സികള്‍പോലും ജിഡിപി സംബന്ധിച്ച കണക്കുകള്‍ തെറ്റെന്ന് പറയുന്നു. തങ്ങളുടെ രാഷ്ട്രീയ മേലാളന്‍മാരുടെ ആജ്ഞകള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ കണക്കുകള്‍ അംഗീകരിക്കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ദേശാന്തര ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല. ഉല്‍പ്പാദന മേഖലയിലെ തളര്‍ച്ച തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ രൂക്ഷമാക്കി. ഉല്‍പ്പാദന മേഖലയില്‍ ഏപ്രില്‍ – ജൂണ്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് കേവലം 3.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 5.1 ശതമാനമായിരുന്നു.
എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. സബ് കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം വാക്കുകളിലൊതുങ്ങുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അതി സമ്പന്നരുടേയും കോര്‍പ്പറേറ്റുകളുടേയും കാല്‍ക്കല്‍ മോഡി സര്‍ക്കാര്‍ അടിയറവച്ചു. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഓരോ ദിവസവും മോഡി സര്‍ക്കാര്‍ തെളിയിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ വികസനത്തെ ഭൂതകാല പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചുനോക്കണം. തീവ്ര ദേശീയതയാണ് മോഡി സര്‍ക്കാരിന്റെ മുഖമുദ്ര. എല്ലായ്‌പ്പോഴും ഫാസിസ്റ്റ് ആശയങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യഥാര്‍ഥ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ റദ്ദാക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക പദവികള്‍ റദ്ദാക്കിയതുമില്ല. വളരെ വ്യക്തമായ ഗൂഢാലോചനയും കണക്കുകൂട്ടലുകളുമോടെയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

വളരെ കൃത്യതയോടെയും രാഷ്ട്രീയ വിവേകത്തോടെയും എടുക്കേണ്ടതാണ് കശ്മീരുമായി ബന്ധപ്പെട്ട തീരുമാനം. എന്നാല്‍ മോഡി സര്‍ക്കാര്‍ ഇതിന് വിപരീതമായ ദിശയിലേക്കാണ് നീങ്ങിയത്. കശ്മീര്‍ വിഷയം ഇന്ത്യ- പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാടാണ് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ സ്വീകരിച്ചിരുന്നത്. പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം എന്ന ദിശയിലേയ്ക്കുള്ള രണ്ട് നാഴികക്കല്ലുകളായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ഷിംല ഉടമ്പടിയും വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തെ ലാഹോര്‍ പ്രഖ്യാപനവും. എന്നാല്‍ ഇതൊക്കെ മോഡി മാറ്റിമറിച്ചു. മോഡിയുടെ സഹായത്തോടെ കശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമായി. യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞു. പാകിസ്ഥാനും ഇതൊരു സുവര്‍ണ അവസരമാക്കി. ജനങ്ങള്‍ നേരിടുന്ന പട്ടിണി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും കഴിഞ്ഞു.

യുദ്ധവെറിയന്‍മാരും അമേരിക്കയിലെ ആയുധ കച്ചവടക്കാരും മാത്രമാണ് മോഡി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നത്. യുദ്ധം ഉണ്ടാകുമ്പോള്‍ ഒരു രാജ്യത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം യുദ്ധക്കൊതിയന്‍മാര്‍ കണക്കാക്കാറില്ല. ഇപ്പോള്‍ ആണവായുധത്തെ കുറിച്ചും മോഡി സര്‍ക്കാര്‍ പ്രസംഗിക്കുന്നു. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള ഇന്ത്യയുടെ നിലപാട് പുനപ്പരിശോധിക്കുമെന്ന് വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആണവയുദ്ധം ഉണ്ടായാല്‍ ആരും വിജയിക്കില്ലെന്നത് ഒരു വാസ്തവമാണ്.
ഇരുരാജ്യങ്ങള്‍ നശിക്കും. ആണവ വികിരണങ്ങള്‍ക്ക് അറിയില്ല ശത്രുക്കളേയും മിത്രങ്ങളേയും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ആണവായുധമല്ല ഉപയോഗിക്കേണ്ടത്. ഇത് യുക്തിരഹിതമാണ്, വിനാശകാരിയാണ്. രാജ്യത്തെ യുക്തിബോധമുള്ള ജനങ്ങള്‍ സടകുടഞ്ഞെണീറ്റ് രാജ്യത്തെ ഭരണാധികാരികളോട് ഇക്കാര്യം പറയേണ്ട നിമിഷമാണിത്. രാഷ്ട്രീയ പക്വതയോടും നയതന്ത്ര വിവേകത്തോടെയും മാത്രമാകണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതാണ് ഇന്ത്യയില്‍ നിന്നും വര്‍ത്തമാനകാല ലോകം പ്രതീക്ഷിക്കുന്നത്.