6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024
July 31, 2024
July 16, 2024

മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ തുടര്‍ന്നുപോകുമോയെന്ന് ഭയക്കേണ്ട സാഹചര്യം; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 2, 2023 10:31 pm

ഫെഡറല്‍ സ്വഭാവങ്ങളുള്ള മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ തുടര്‍ന്നുപോകുമോയെന്ന് ഭയപ്പെടേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎഎല്‍ ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത, ഭരണഘടനയെ പരിഹസിക്കുന്ന സംഘ്പരിവാറാണ് ഇന്ന് അധികാരം കയ്യാളുന്നത്. അവരുടെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും, ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള നടപടികളില്‍ നിന്നാണ് രാജ്യത്തിന്റെ ഭാവി സംബന്ധിച്ച ഭയം ഉടലെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഭയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന വേളയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലിന്‌ പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത്‌ ഇന്ത്യൻ ഭരണഘടനയായിരുന്നു. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽ വന്ന രാജ്യത്തെ പാർലമെന്റിൽ ഭരണഘടനയ്ക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്. ഭരണഘടനാ പ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്‌ഘാടന ചടങ്ങിൽ നിന്ന്‌ മാറ്റിനിർത്തപ്പെട്ടു. രാജ്യത്തെ ഏത്‌ ദിശയിലേക്കാണ്‌ കൊണ്ടുപോകുന്നതെന്ന സൂചനയാണിത്‌ നൽകുന്നത്‌. പുതിയ ഇന്ത്യ മതേതരമാകില്ലെന്ന സൂചന ഭയാനകമാണ്‌.
രാജ്യത്ത്‌ സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വൈദേശികമായ എല്ലാറ്റിനെയും എതിര്‍ക്കുമെന്നാണ് സംഘ്പരിവാർ പറയുന്നത്‌. ജനാധിപത്യം, സമത്വം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം, തൊഴിലിടങ്ങളിലെ സ്ത്രീകൾ എല്ലാം വിദേശത്ത്‌ നിന്ന്‌ കൈക്കൊണ്ടവയാണ്‌. ഇതിനെയെല്ലാം ഇല്ലാതാക്കുമെന്നാണ്‌ സംഘ്പരിവാർ പ്രഖ്യാപിക്കുന്നത്‌. ഇത്‌ നാം നേടിയെടുത്ത സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കുന്നതിലേക്ക്‌ നയിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് ബദല്‍ നയങ്ങളുമായി ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ്‌ കേരളം. എല്ലാ വിഭാഗം ജനങ്ങൾക്കും കേരളം സാമൂഹ്യ, രാഷ്ട്രീയ തുല്യത ഉറപ്പാക്കുന്നുണ്ട്‌. അതേസമയം, കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. ഇതിനെല്ലാമെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ സമ്മേളനത്തില്‍ നാളെ

തിരുവനന്തപുരം: ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ റവന്യു മന്ത്രി കെ രാജന്‍ അഭിവാദ്യം ചെയ്യും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കമ്മിഷനുകളില്‍ ‘ഫെഡറലിസം-ഒരു പുനരവലോകനം’ എന്ന വിഷയം മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക നീലൂഫര്‍ ഭഗത്തും, ‘ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍-പ്രാധാന്യവും സ്വാധീനവും’ എന്ന വിഷയം ദേശീയ സെക്രട്ടറി അശ്വനി ബക്ഷിയും, ‘പൗരാവകാശങ്ങളുടെ അവസ്ഥയും വെല്ലുവിളികളും’ എന്ന വിഷയം സുപ്രീം കോടതി അഭിഭാഷക തരന്നം ചീമയും, ‘വനിതകളും നീതിന്യായ സംവിധാനവും’ എന്ന വിഷയത്തില്‍ കേരള ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. പി വസന്തവും നയിക്കും. മുന്‍ എംഎല്‍എ ഡോ. ആര്‍ ലതാദേവി, വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. ആശ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.

തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷയാകും. അഡ്വ. എം എസ് താര നന്ദി രേഖപ്പെടുത്തും. ഉച്ചയ്ക്ക് ശേഷം, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സെക്രട്ടറി അഡ്വ. ബി പ്രഭാകര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഐഎഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി ബി സ്വാമിനാഥന്‍, അഡ്വ. പി എ അയൂബ് ഖാന്‍ എന്നിവര്‍ സംസാരിക്കും.

Eng­lish Sum­ma­ry: A sit­u­a­tion to fear that India will con­tin­ue to be a sec­u­lar democ­ra­cy; Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.