6 February 2025, Thursday
KSFE Galaxy Chits Banner 2

ഇടതുപക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന പണിമുടക്കം

ജയശ്ചന്ദ്രൻ കല്ലിംഗൽ
January 21, 2025 4:30 am

കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ സൂചനാ പണിമുടക്കം നടത്തുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക എന്ന ആവശ്യത്തോടൊപ്പം ജീവനക്കാരുടെയും അധ്യാപകരുടെയും വേ­തന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും, കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും ചെയ്യുന്നത് പണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങളാണ്. പെൻഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2012 മുതൽ ആരംഭിച്ച പ്രക്ഷോഭസമരങ്ങൾക്ക് അധ്യാപക സർവീസ് സംഘടനാ സമരസമിതി നേതൃത്വം നൽകി വരികയാണ്. 2012ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് 2013 ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയത്. വലതുപക്ഷ കോർപറേറ്റ് അജണ്ടകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്താകെ 2004ൽ തന്നെ എ ബി വാജ്പേയിയുടെ ബിജെപി സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ തുടർച്ചയായാണ് കേരളത്തിലും ഈ നയം സ്വീകരിച്ചത്. അന്നുമുതൽ രാജ്യത്ത് ഇടതുപക്ഷ കക്ഷികളും തൊഴിലാളി പ്രസ്ഥാനങ്ങളും പെൻഷനെ സ്വകാര്യ മൂലധനത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി വരികയായിരുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയവാഡ പാർട്ടി കോൺഗ്രസിന്റെ പ്രധാന പ്രമേയങ്ങളിൽ ഒന്നായും രാജ്യത്ത് നടന്ന എല്ലാ ദേശീയ പണിമുടക്കങ്ങളിലെയും പ്രധാന മുദ്രാവാക്യമായും പഴയ പെൻഷൻ പുനഃസ്ഥാപനം ഇടം നേടുകയും ചെയ്തു. രാജ്യത്ത് ഭരണത്തിലിരിക്കുന്ന വലതുപക്ഷ സർക്കാരുകൾ പുതിയ പെൻഷൻ പദ്ധതിയിലെ അപകടം തിരിച്ചറിഞ്ഞ് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാർ യൂണിഫൈഡ് പെൻഷൻ സ്കീം എന്ന പേരിൽ പുതിയ നിബന്ധനകളോടെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ വ്യക്തത വരുത്തുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളും സർവീസ് സംഘടനകളും ഉറ്റുനോക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് മറ്റൊരു പെൻഷൻ പദ്ധതിക്ക് രൂപം നൽകുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധന മന്ത്രി പ്രഖ്യാപിച്ചിരുന്നതുമാണ്. അടുത്ത ബജറ്റ് കാലമായിട്ടും കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിൽ ഒരിഞ്ച് മുന്നോട്ടുപോകുവാൻ സർക്കാരിന് സാധിച്ചിട്ടില്ല.
സിവിൽ സർവീസിനെ ശാക്തീകരിച്ച് മുന്നോട്ട് പോകുവാൻ ധാർമ്മികമായ ഉത്തരവാദിത്തമുള്ള സർക്കാരാണിത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ പൂർണമായും നിയമനം നടത്തുന്ന ഏക സംസ്ഥാന സർക്കാരാണ് കേരളം. അത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയുമാണ്. എന്നാൽ ജീവനക്കാരുടെ സേവന, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്നും സർക്കാർ പിന്നാക്കം പോയി. 

1970 മുതൽ 77 വരെ അച്യുതമേനോന്റെ കാലത്താണ് ശക്തമായ ഒരു ഭരണസംവിധാനം കേരളത്തിൽ രൂപംകൊണ്ടത്. ഭൂപരിഷ്കരണം നടപ്പിലാക്കിയും എയ്ഡഡ് മേഖലയിലെ അധ്യാപകരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചും വിപ്ലവകരമായ പുരോഗതി കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിച്ച് ശക്തമായ ഒരു സിവിൽ സർവീസിന് അദ്ദേഹം രൂപം നൽകി. എല്ലാ കാലത്തും ഇടതുപക്ഷ സർക്കാരുകൾ ഇതേ മാതൃക പിന്തുടർന്നു. 2016 മുതൽ 21 വരെ വലിയ പ്രതിസന്ധികളെയാണ് കേരളം നേരിട്ടത്. മഹാപ്രളയവും കോവിഡ് മഹാമാരിയും ഉരുൾ പൊട്ടലുകളും ഉൾപ്പെടെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി ആകെ തകർന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ സർക്കാർ, ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളിൽ അനുകൂലമായ സമീപനം കൈ­ക്കൊണ്ടു. ക്ഷാമബത്ത കു­ടിശിക തീർത്ത് അനുവദിക്കുന്നതിലും 2019 ജൂ­ലൈ ഒന്നു മുതൽ വേതനം പരിഷ്കരിക്കുന്നതിലുമുളള ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചു. സംതൃപ്തമായ സിവിൽ സ­ർവീസ് നാടിന്റെ പു­രോഗതിക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊ­ണ്ടുള്ള ഇടപെടലുകളായിരുന്നു അത്. 

തുടർഭരണത്തിൽ ആ കീഴ്‌വഴക്കങ്ങൾ അപ്പാടെ അട്ടിമറിക്കപ്പെട്ടു. 2024 ജൂലൈ ഒന്നാണ് 12-ാം ശമ്പള പരിഷ്കരണത്തിന്റെ പ്രാബല്യ തീയതി. ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുന്നതിനുപോലും സർക്കാർ തയ്യാറാകാത്തത് ജീവനക്കാരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ വന്ന വലിയ കുറവാണ് ഇതിന് കാരണമെന്നത് ഒരു പരിധിവരെ ശരിയായിരിക്കാം. പക്ഷേ കേന്ദ്രവിഹിതം ലഭിച്ചാൽ മാത്രമേ ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ സാധിക്കൂ എന്ന വാദഗതി അംഗീകരിക്കാൻ കഴിയില്ല. കേരളത്തിന്റെ നികുതി പിരിവുൾപ്പെടെയുള്ള വരുമാനങ്ങൾ കഴിഞ്ഞ നാല് വർഷംകൊണ്ട് ഇരട്ടിയായി. വരുമാന വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുമ്പോൾ ജീവനക്കാർക്കും തൊഴിലാളികൾക്കും അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. 

വിലക്കയറ്റമോ പണപ്പെരുപ്പമോ ഇല്ലെങ്കിൽ ക്ഷാമബത്ത പ്രഖ്യാപിക്കപ്പെടില്ല. ക്ഷാമബത്തയുടെ തോത് നിശ്ചയിക്കുന്നത് അംഗീകൃത ഭരണസംവിധാനമാണ്. ഇതിനാലാണ് അത് സ്റ്റാറ്റ്യൂട്ടറിയായ ഒരു അവകാശമായി മാറുന്നത്. താഴ്ന്ന സ്കെയിലിൽ ജോലി ചെയ്യുന്നവർക്ക് ഒന്നര ലക്ഷത്തിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ ജീവിതാവസ്ഥ ഉൾക്കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം ആനുകൂല്യങ്ങൾ ഉറപ്പാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്. എന്നാൽ തുടർ ഉത്തരവ് പുറപ്പെടുവിക്കാനോ നടപടികൾ സ്വീകരിക്കുവാനോ ധനകാര്യ വകുപ്പിന് കഴിഞ്ഞില്ല.
ഇത്തരം വിഷയങ്ങൾ ഉയർത്തി അധ്യാപക സർവീസ് സംഘടനാ സമരസമിതി നിരവധി പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷമായി സംഘടിപ്പിച്ചത്. പക്ഷേ ജനാധിപത്യപരമായ സമരങ്ങളെ അഭിസംബോധന ചെയ്യുന്നതിന് സർക്കാർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജനുവരി 22ലെ സൂചനാ പണിമുടക്കം പ്രഖ്യാപിക്കപ്പെട്ടത്. ഇടതുപക്ഷ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സർക്കാരിനോട് ഈ പണിമുടക്കിലൂടെ ജീവനക്കാരും അധ്യാപകരും ആവശ്യപ്പെടുന്നത്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.