Janayugom Online
Aadhish- janayugom

ആദിഷിന്‍റെ ജീവിതം; കരളലിയിപ്പിക്കുന്ന ഒരു കാഴ്ച

സന്തോഷ് എന്‍ രവി
Posted on September 25, 2018, 7:02 pm
കുഞ്ഞ് ആദിഷ് അമ്മയുടെ കൈയ്യില്‍

വിഴിഞ്ഞം: വിഴിഞ്ഞം പൂവന്‍ വിളാകം വീട്ടില്‍ ഷിജിയുടെയും അരുളപ്പന്‍റെയും മകന്‍
ആദിഷിന് വയസ് മൂന്ന്. ആകെ അറിയാവുന്നത് ആഹാരത്തിനായി കരയാനും
നിഷ്‌കളങ്കമായി ചിരിക്കാനും മാത്രം. ഒന്ന് നിവര്‍ന്നിരിക്കണമെങ്കില്‍ പോലും
കഴുത്തൊന്നുറക്കണം. പക്ഷേ, കുഞ്ഞു ആദിഷിന്‍റെ ചികിത്സക്കായി ആശുപത്രി
കയറിയിറങ്ങിയും ദ്രവരൂപത്തിലുള്ള വിലകൂടിയ ഭക്ഷണം നല്‍കിയും മത്സ്യത്തൊഴിലാളിയായ അരുളപ്പന്‍റെ കുടുംബം പട്ടിണിയിലായി.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച രണ്ട് സര്‍ജറികളും തുടര്‍ ചികിത്സയും നല്‍കണമെങ്കില്‍ ഇനി സുമനസുകള്‍ കനിയണം. പ്രസവം വരെ തകരാറില്ലെന്ന് ഉറപ്പിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍, പ്രസവാനന്തരം കുഞ്ഞ് കരഞ്ഞപ്പോഴാണ് തൊണ്ടയിലെ തകരാറ് അവര്‍ കണ്ടെത്തിയത്. പിന്നെ ചില സര്‍ജറികളിലൂടെ എല്ലാത്തിനും മാറ്റമുണ്ടാകുമെന്നും ഉറപ്പു നല്‍കി. ഇരുപതാം ദിവസം ആദിഷിന്റെ ശരീരം നീല നിറത്തിലായി. തുടര്‍ ചികിത്സയും മറ്റുമായി നിറവ്യത്യാസത്തിന് മാറ്റം വന്നെങ്കിലും ഉറച്ച കഴുത്തുമായി നിവര്‍ന്നിരിക്കാന്‍ പോലും വിധി അനുവദിച്ചില്ല. കഴിക്കുന്ന ഭക്ഷണം മൂക്കില്‍കൂടി പുറത്തേക്ക് വരാന്‍ തുടങ്ങിയതോടെ വില കൂടിയപ്രോട്ടീന്‍ പൗഡറുകള്‍ ദ്രവരൂപത്തിലാക്കി നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

മീന്‍ പിടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കുഞ്ഞിന് മാത്രമായി നല്‍കിയതോടെ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായി. കൂടാതെ, മാസത്തില്‍ അഞ്ച് പ്രാവശ്യം പരിശോധനക്കായി വാഹനത്തില്‍ എസ്എടി ആശുപത്രിയില്‍ എത്തണം. നാല് വയസുകാരി മൂത്തമകള്‍ ലക്ഷ്യയും ഭാര്യയും അമ്മയുമടങ്ങിയ കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന അരുളപ്പന്‍ കരുണയുള്ളവരുടെ സഹായം തേടുകയാണ്. അതിനായി എസ്ബിഐ വിഴിഞ്ഞം ബ്രാഞ്ചില്‍ 67249031891 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്സി കോഡ് SBIN0070325.