Web Desk

കെ കെ ജയേഷ്

May 24, 2020, 5:10 am

ഒരു വേനൽ കാറ്റായ്

Janayugom Online

കോഴിക്കോട്ടെ ഒരു ഹോട്ടലിലിരുന്ന് ടിഷ്യു പേപ്പറിൽ നാലു വരി കുറിക്കുമ്പോൾ അത് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് പ്രകാശ് മാരാർ ചിന്തിച്ചിരുന്നില്ല. എന്നാൽ മാരാർ കുറിച്ച നാലുവരി ഇഷ്ടപ്പെട്ട സംവിധായകൻ തന്റെ പുതിയ സിനിമയിൽ മാരാർക്ക് പാട്ടെഴുതാൻ അവസരം നൽകി. പിന്നീടിങ്ങോട്ട് നിരവധി സിനികളിലും നാടകങ്ങളിലും ആൽബങ്ങളിലും പ്രണയാർദ്രമായ വരികളെഴുതി ശ്രദ്ധേയനാവുകയായിരുന്നു പ്രകാശ് മാരാർ. ബാലുശ്ശേരി പനങ്ങാട് നോർത്തിലെ സുമഗിരി വീട്ടിലിരുന്ന് തന്റെ ജീവിതാനുഭവങ്ങൾ മാരാർ ജനയുഗം വാരാന്തവുമായി പങ്കുവെക്കുന്നു.

ടിഷ്യുപേപ്പറിൽ കുറിച്ച വരികൾ ആൽബങ്ങൾക്ക് പാട്ടെഴുതിക്കൊണ്ടിരുന്ന സമയം. ബാലുശ്ശേരി സന്ധ്യ തിയേറ്റർ ഉടമ ജീവരാജിന്റെ വീട്ടിലെ സ്റ്റുഡിയോയിലായിരുന്നു അന്നൊക്കെ റെക്കോർഡിംഗ്. ഒരു ദിവസം എഴുത്തുകാരൻ വി ആർ സുധീഷും സംവിധായകനും റോബിൻ തിരുമലയും ജീവന്റെ വീട്ടിൽ വന്നപ്പോൾ ഞാനെഴുതിയ ഒരു ആൽബത്തിലെ പാട്ടുകൾ ശ്രദ്ധിച്ചു. പിന്നീടൊരു ദിവസം റോബിൻ എന്നെ ഫോണിൽ വിളിച്ചു. അടുത്ത സിനിമയൊരുക്കുമ്പോൾ ഒരു പാട്ട് എഴുതാൻ അവസരം തരാമെന്നായിരുന്നു വാഗ്ദാനം. വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം റോബിൻ തിരുമലയെ കോഴിക്കോട്ട് വെച്ചു കണ്ടു.

നമുക്കൊരു ചായ കുടിച്ചൂടെ എന്ന് ചോദ്യം. അങ്ങനെ മിഠായിത്തെരുവിലെ ഒരു ചായക്കടയിൽ ഞങ്ങളിരുന്നു. ഞാനൊരു സന്ദർഭവും ട്യൂണും പറഞ്ഞാൽ നാലു വരി എഴുതിത്തരുമോ എന്നായി അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. അകലെ ഒരു പാടവരമ്പത്തിരുന്ന് ഒരു പയ്യൻ ദൂരെ ഒറ്റക്കിരിക്കുന്ന തന്റെ കാമുകിയെ ഓർക്കുന്ന സന്ദർഭം. ഞാനുടനെ ടിഷ്യു പേപ്പറെടുത്ത് നാലു വരി കുറിച്ചു. മഞ്ഞു നിലാവിൻ പുഞ്ചിരി വീഴും, മഞ്ജുള നിളയുടെ തീരത്ത്..… എന്നിങ്ങനെയായിരുന്നു ആ വരികൾ. ഇതിഷ്ടപ്പെട്ട റോബിൻ തിരുമല അടുത്ത സിനിമയിൽ ഒരു പാട്ടെഴുതാൻ എന്നെ വിളിച്ചു. മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എം ഡി അജയഘോഷിന്റെ ഒരു ഹിറ്റ് നോവലായിരുന്നു അദ്ദേഹം ‘ചെമ്പട’ എന്ന പേരിൽ സിനിമയാക്കിയത്.

ഒരു പാട്ടെഴുതാൻ വിളിച്ച എനിക്ക് അദ്ദേഹം അഞ്ചു പാട്ടുകളെഴുതാനുള്ള അവസരമാണ് നൽകിയത്. പടം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ബാലയായിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്. കല്ലുരുക്കിപ്പു, രാവിൻ വിരൽ തുമ്പിൽ, തുമ്പേ തുമ്പേ, ഒരു പാട്ടായി, മേലേ ഏതോ ഒരു മിന്നാമിന്നി, പതിയെ വന്ന തുടങ്ങിയ പാട്ടുകൾ പാടിയത് എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്, നജീം അർഷാദ്, അഫ്സൽ, പ്രദീപ് പള്ളുരുത്തി, സിസിലി, സതീഷ് ബാബു തുടങ്ങിയവരായിരുന്നു. മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ പാടി അഭിനയിച്ചതിനെത്തുടർന്ന് ചെമ്പട ഏറെ വിവാദവും ഉയർത്തിയിരുന്നു. എം കെ മുനീറിന്റെ സിനിമാ അഭിനയത്തിനെതിരെ പല പാർട്ടി നേതാക്കളും രംഗത്തെത്തുകയും ചെയ്തു. ഒടുവിൽ മുനീർ പാടിയ ഗാനവും അഭിനയിച്ച രംഗങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

പാട്ടെഴുതി തുടങ്ങിയ കാലം 

പനങ്ങാട് നോർത്ത് എ യു പി സ്കൂളിലും ബാലുശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലും ബാലുശ്ശേരിയിലെ കോളെജ് ഓഫ് ഇംഗ്ലീഷ് എന്ന പാരലൽ കോളെജിലുമായിരുന്നു എന്റെ വിദ്യാഭ്യാസം. പിന്നീട് ഹിന്ദി അധ്യാപക കോഴ്സും കഴിഞ്ഞു. തുടർന്ന് താമരശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹിന്ദി അധ്യാപകനായി ചേർന്നു. വിദ്യാഭ്യാസ കാലം മുതൽക്കു തന്നെ ഞാൻ പാട്ടുകൾ എഴുതി തുടങ്ങിയിരുന്നു.

അധ്യാപകനായതോടെ ആകാശവാണിയിൽ യുവവാണിയിൽ എന്റെ പാട്ടുകൾ വരാൻ തുടങ്ങി. ഹിന്ദി പാട്ടുകളും അന്ന് എഴുതിയിരുന്നു. പിന്നീട് നാടക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. കോഴിക്കോട് കിഡ്സൺ കോർണറും ഡി സി ബുക്സുമായിരുന്നു ഞങ്ങൾ സുഹൃത്തുക്കളുടെ കേന്ദ്രം. പാട്ടും നാടകവും സാഹിത്യ ചർച്ചകളുമായി ഞങ്ങൾ മിക്ക ദിവസങ്ങളിലും അവിടെ കൂടി. എഴുത്തുകാരി ഇന്ദു മേനോൻ, തിരക്കഥാകൃത്ത് ജി എസ് അനിൽ, നാടകകൃത്ത് സതീഷ് കെ സതീഷ്, സംവിധായകൻ രൂപേഷ് പോൾ തുടങ്ങിയവരെല്ലാം അവിടെ എത്തുമായിരുന്നു.

ജുഡീഷ്യറിയിലൂടെ മുഖ്യധാരയിലേക്ക്

പനങ്ങാട് സ്വദേശിയായ പാവുള്ളാട്ട് മുരളി എന്ന സുഹൃത്ത് ഒരു നാടക ട്രൂപ്പ് രൂപീകരിച്ചു. അങ്ങനെ അവരുടെ ആദ്യ നാടകമായ ജുഡീഷ്യറിയ്ക്ക് പാട്ടെഴുതിക്കൊണ്ടാണ് പ്രൊഫഷണൽ നാടകവേദിയിലേക്കുള്ള കാൽവെപ്പ്. പിന്നീട് ഷാജി കണയംകോടിന്റെ ചാണക്യ എന്ന നാടകത്തിലും പാട്ടെഴുതി. പ്രദീപ് റോയ് സംവിധാനം ചെയ്ത മഹാ പ്രയാണം, പ്രദീപ് കുമാർ കാവുന്തറ രചിച്ച ദല്ലാൾ, നിഷ്ക്കളങ്കൻ തുടങ്ങി നിരവധി നാടകങ്ങൾക്ക് ഇതിനിടെ പാട്ടെഴുതിയിട്ടുണ്ട്.

സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ മനോജ് ബാലുശ്ശേരി വഴിയാണ് ഗമനം ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകൻ ശ്രീപ്രകാശിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്ത ടി കക്ഷിയുടെ അനന്തരാവകാശി എന്ന സീരിയലിനും പാട്ടെഴുതി. ആൽബത്തിന്റെയും ഭക്തിഗാനങ്ങളുടെയും കാലമായിരുന്നു അത്. നവോദബാലകൃഷ്ണൻ സംഗീതം ചെയ്ത പ്രണയം സാന്ദ്രം, നീയറിയാതെ തുടങ്ങിയ ആൽബങ്ങൾക്ക് അക്കാലത്ത് പാട്ടുകളെഴുതി. നീയറിയാതെ എന്ന ആൽബത്തിലെ പാട്ടിന് ഗായത്രിയ്ക്ക് അവാർഡും ലഭിച്ചു. ഇരുപതോളം ഭക്തിഗാന ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സിനിമയുടെ ലോകം

ചെമ്പടയ്ക്കു ശേഷം ഹരിദാസ് സംവിധാനം ചെയ്ത ചെറിയ കള്ളനും വലിയ പൊലീസും എന്ന സിനിയിൽ പാട്ടെഴുതി. കുമാരാ എന്ന് തുടങ്ങുന്ന തമാശ പാട്ടായിരുന്നു അത്. സലീം കുമാറും മുകേഷുമെല്ലാമായിരുന്നു രംഗത്ത്. ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ചിത്രത്തിലെ മറ്റ് പാട്ടുകൾ എഴുതിയത്. പിന്നീട് ഗോവിന്ദൻ കുട്ടി അടൂർ സംവിധാനം ചെയ്ത ത്രീ ചാർ സൗ ബീസ് എന്ന ചിത്രത്തിൽ ഒരു പാട്ടെഴുതി. ജാസി ഗിഫ്റ്റായിരുന്നു സംഗീതം. തുടർന്ന് ദേവീദാസൻ സംവിധാനം ചെയ്ത മുകേഷ് നായകനായ മഹാരാജാ ടാക്കീസ് എന്ന ചിത്രത്തിലെ രണ്ടു പാട്ടുകൾ. തേജ് മെർവിനായിരുന്നു സംഗീതം. പടം പരാജയപ്പെട്ടെങ്കിലും ആരോ പിന്നെയും, മലയാള നാടിനു തുടങ്ങിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഹരിദാസിന്റെ വീണ്ടും കണ്ണൂർ എന്ന സിനിമ വരുന്നത്. അനൂപ് മേനോൻ നായകനായ ചിത്രത്തിൽ രണ്ടു പാട്ടുകൾ എഴുതി.

നീ വിട പറയും, മെല്ലെ മെല്ലെ മഴയായി എന്നീ പാട്ടുകൾ. ഇതിൽ മെല്ലെ മെല്ലെ എന്ന പാട്ട് ഹിറ്റായി. വിനീത് കുമാർ നായകനായ വേഗത്തിലെ പാട്ടിന് സംഗീതം പകർന്നത് തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദായിരുന്നു. സുഹൃത്ത് ജി എസ് അനിൽ തിരക്കഥയും എൻ ജി റോഷൻ മേയ്കപ്പും നിർവ്വഹിച്ച ഒറീസ്സ എന്ന ചിത്രത്തിൽ രണ്ടു പാട്ടുകൾ എഴുതി. മേഘമേ, പിടയുക എന്നീ പാട്ടുകളായിരുന്നു എഴുതിയത്. പിടയുക എന്ന പാട്ട് പാടിയത് പി ജയചന്ദ്രനായിരുന്നു. രതീഷ് വേഗയായിരുന്നു സംഗീതം.

ചിത്രത്തിലെ മറ്റ് പാട്ടുകൾ എഴുതിയത് കവി ആലങ്കോട് ലീലാകൃഷ്ണനായിരുന്നു. സംവിധായകൻ രഞ്ജിത്തിന്റെ കഥയെ ആസ്പദമാക്കി സുഹൃത്തായ പ്രദീപ് കുമാർ കാവുന്തറ രചന നിർവ്വഹിച്ച് ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലെ എന്നും കാണും ഞാൻ എന്ന പാട്ടെഴുതാനും ഭാഗ്യം ലഭിച്ചു. നടൻ വിനീത് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. എസ് രമേശൻ നായരുടെ മകൻ മനു രമേശനായിരുന്നു സംഗീതം. രഞ്ജിനിയായിരുന്നു പാട്ടു പാടിയത്.

നെല്ലിക്കയുടെ മധുരം

എഡിറ്റർ ബിജിത്ത് ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു നെല്ലിക്ക. ദീപക്, പ്രശസ്ത ഹിന്ദി നടൻ അതുൽ കുൽക്കർണി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത്. ഈ സിനിമയിൽ അഞ്ചു ഗാനങ്ങളാണ് ഞാൻ എഴുതിയത്. ഓരോ പാട്ടുകൾ റഫീഖ് അഹമ്മദും സന്തോഷ് വർമ്മയും എഴുതി. ചിത്രത്തിലെ നൂർ ഇലാഹി എന്നു തുടങ്ങുന്ന ഹിന്ദി ഗാനത്തിൽ വരുന്ന മലയാളം വരികളും ഞാനാണ് എഴുതിയത്. തിയേറ്ററിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ടി വിയിലും മറ്റും വന്നപ്പോൾ ചിത്രത്തിനും അതിലെ പാട്ടുകൾക്കും നല്ല അഭിപ്രായം ലഭിച്ചു. ചിറകുരുമ്മി മെല്ലെ, രാവിൻ നിഴലോരം, സ്വപ്നച്ചിറകിലൊന്നായി, മരണമില്ലാത്ത തുടങ്ങിയ പാട്ടുകളാണ് ഞാൻ എഴുതിയത്. എ ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ റൗഫ് നിർമ്മിച്ച ചിത്രം എഡിറ്റിംഗിലും ക്ലൈമാക്സിലും ചില മാറ്റങ്ങൾ വരുത്തി വീണ്ടും പ്രദർശനത്തിനെത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് സാധിച്ചില്ല.

കനൽ

എം പത്മകുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ കനലിൽ ഞാനെഴുതിയ ഒരു വേനൽക്കാറ്റായ് മെല്ലെ മെല്ലെ ആരോ. . എന്ന തുടങ്ങുന്ന പാട്ട് നല്ല അഭിപ്രായം നേടിയെടുത്തു. അനൂപ് മേനോനായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്. വിനു തോമസായിരുന്നു ഞാനെഴുതിയ പാട്ടിന് സംഗീതം നൽകിയത്. ചിത്രയും സുദീപ് കുമാറുമായിരുന്നു ഗായകർ. ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഔസേപ്പച്ചനായിരുന്നു സംഗീതം നൽകിയത്. മോഹൻലാലിനെപ്പോലൊരു വലിയ നടന്റെ പടത്തിൽ പാട്ടെഴുതുക എന്ന ആഗ്രഹം കനലിലൂടെ സാധ്യമായി.

പുറത്തിറങ്ങാതെ പോയ ഗ്രീൻ ആപ്പിൾ

ഗ്രീൻ ആപ്പിൾ എന്ന ചിത്തിൽ ഞാനെഴുതിയ പാട്ടുകൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചനായിരുന്നു. രണ്ട് പാട്ടുകളാണ് ചിത്രത്തിൽ ഞാനെഴുതിയത്. മുക്കാൽ ഭാഗത്തോളം ചിത്രീകരിച്ച സിനിമ പിന്നീട് സാമ്പത്തിക പ്രയാസങ്ങൾ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നഷ്ടമായി. മൃദുല വാര്യർ പാടിയ മഴയുടെ വിരല്‍ തൊട്ട പുഴയുടെ കവിളിൽ ചെറു നുണ കുഴികളായ് പ്രണയം എന്ന പാട്ട് എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ആ പാട്ടും പുറത്തുവന്നില്ല.

കോവിഡ് കാലം

ലോകമെങ്ങും കോവിഡ് ഭീതിയിലാണ്. അതിനിടയിൽ സിനിമാ ചർച്ചകളും പാതി വഴിയിൽ നിൽക്കുന്നു. എം മോഹനൻ, ബിജിത്ത് ബാല തുടങ്ങിയവരുടെ പുതിയ ചിത്രങ്ങൾക്ക് പാട്ടെഴുതാൻ അവസരം ലഭിച്ചിരുന്നു. കോവിഡ് കാരണം എല്ലാം പാതി വഴിയിൽ നിൽക്കുകയാണ്. നന്ദനം എന്ന സിനിമയെ അടിസ്ഥാനമാക്കി ഒരുക്കുന്ന സീരിയലിനുവേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്. സിനിമ അവസാനിച്ചിടത്തു നിന്ന് മുന്നോട്ട് സഞ്ചരിക്കുന്ന പ്രമേയമാണ് യദു നന്ദനം എന്ന ഈ സീരിയലിന്റേത്. സംവിധായകൻ രഞ്ജിത്തിന്റെ സഹോദരൻ രഘുവാണ് നിർമ്മാതാവ്. ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് ആണ് ഞാനെഴുതിയത്. കുറേ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും പിന്നീട് അതും കോവിഡിൽ കുടുങ്ങി. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ ദി ഡാർക്ക് സൈറ്റ് എന്നൊരു ഷോർട്ട് ഫിലിം കഥയെഴുതി സംവിധാനം ചെയ്തു. നല്ല അഭിപ്രായമാണ് ഷോർട്ട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിൽ വലിയ സന്തോഷം.