Web Desk

കാസർകോട്

January 25, 2020, 4:22 am

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു

Janayugom Online

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധികതടവ് അനുവദിക്കണം. കിനാനൂർ കളിയാനം പെരിയാലിലെ പി രാജൻ നായരെ(54)യാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ സർക്കാർ എൽ പി സ്കൂളിലാണ് സംഭവം നടന്നത്. ഐ ടി സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് രാജൻ നായർ നാലാം ക്ലാസിൽ പഠിക്കുന്ന ഒൻപത് വയസ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കാസർകോട് പോക്സോ കോടതി ജഡ്ജ് പി എസ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാർ 10 ലക്ഷം രൂപ നൽകണമെന്ന് കോടതി നേരിട്ട് വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് രാജപുരം എസ്ഐ ആയിരുന്ന എം വി ഷിജുയായിരുന്നു. സാധാരണ ഇത്തരം കേസുകളിൽ ലീഗൽ സർവ്വീസ് അതോറിറ്റി മുഖേനെയാണ് നഷ്ടപരിഹാരം നൽകാൻ വിധിക്കാറുള്ളത്.