ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ പത്തടി നീളമുള്ള രാജവെമ്പാല; രക്ഷിച്ച് കാട്ടിലേയ്ക്കയച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹം

Web Desk
Posted on November 25, 2019, 6:30 pm

ഡെറാഡൂണ്‍: പത്തടി നീളമുള്ള രാജവെമ്പാലയെ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കത്ത്‌ഗോദാം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മൂന്ന് വനംവകുപ്പ് ഉദ്യോഗസഥര്‍ അതിസാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഉത്തരാഖണ്ഡ് വനം വകുപ്പ് ഉദ്യോഗസ്ഥനായ ഡോ. പിഎം ദകാതേയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാമ്പിനെ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം റെയില്‍വെ അധികൃതരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. ട്രെയിന്‍ കത്ത്‌ഗോദാം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ബോഗിക്കടിയിലെ എഞ്ചിന്‍ ഭാഗത്ത് ചുറ്റിയനിലയില്‍ രാജവെമ്പാലയെ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രകകാരെ ഇറക്കി റെയില്‍വെ അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് രക്ഷിച്ച രാജവെമ്പാലയെ ഉദ്യോഗസ്ഥര്‍ കാട്ടിലേക്കയച്ചു.