ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകർത്തത് ഭയാനകമായ നടപടി

Web Desk
Posted on April 02, 2019, 6:51 pm

വാഷിങ്ടൻ: പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകർത്തതു ഭയാനകമായ നടപടി ആയെന്നു നാസ. ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്, അത് ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്നും നാസ വ്യക്തമാക്കി.

ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങൾക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെ നാസ തലവൻ ജിം ബ്രൈഡന്‍സ്റ്റൈന്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം.

ഭൂമിയിൽനിന്നു 300 കിലോമീറ്റർ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകർത്തത്.

‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈൽ (എ–സാറ്റ്) പരീക്ഷണം 3 മിനിറ്റിൽ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അറിയിച്ചത്