20 April 2024, Saturday

അഫ്താബിനെതിരെ മൂവായിരം പേജുള്ള കുറ്റപത്രം; ഇലക്‌ട്രോണിക്, ഫോറന്‍സിക് തെളിവുകള്‍, നൂറിലേറെ സാക്ഷികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2023 11:06 pm

ശ്രദ്ധ വാള്‍ക്കർ വധക്കേസിൽ 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കി ഡൽഹി പൊലീസ്. നൂറു സാക്ഷികളുടെ മൊഴികളും ഇലക്‌ട്രോണിക്, ഫോറന്‍സിക് തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ അഫ്താബിന്റെ കുറ്റസമ്മതവും നുണ പരിശോധനാ ഫലവും ഫോറന്‍സിക് പരിശോധനാ ഫലവും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ കരട് കുറ്റപത്രം നിയമകാര്യ വിദഗ്ധര്‍ പരിശോധിക്കുകയാണ്. ശേഷം കോടതിയില്‍ സമര്‍പ്പിക്കും.

2022 മേയ് 18നാണ് തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലെ തന്റെ വസതിയിൽ വച്ച് അഫ്‌താബ്‌ ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 35 കഷണങ്ങളാക്കി നഗരത്തിലുടനീളം വലിച്ചെറിയുകയായിരുന്നു. പതിമൂന്നോളം അഴുകിയ ശരീരഭാഗങ്ങൾ, അസ്ഥികൾ എന്നിവ തെക്കൻ ഡൽഹിയിലെ വനങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു. ഛത്തർപൂരിലെ വനത്തില്‍ നിന്ന് ലഭിച്ച അസ്ഥികള്‍ ശ്രദ്ധ വാക്കറിന്റെതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടും കുറ്റപത്രത്തിന്റെ ഭാഗമാകും. 

ഫ്ലാറ്റിൽ നിന്ന് കത്തികൾ ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങൾ ഡൽഹി പൊലീസ് കണ്ടെടുത്തിരുന്നു. അഫ്‌താബ് പൂനെ വാലയുടെ കുറ്റസമ്മത മൊഴിയും നർക്കോ ടെസ്‌റ്റിന്റെ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും ഈ രണ്ട് റിപ്പോർട്ടുകൾക്കും കോടതിയിൽ വലിയ പ്രാധാന്യമില്ലെന്നാണ് വിലയിരുത്തൽ. 

മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍, ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം കുടുംബങ്ങള്‍ അംഗീകരിച്ചില്ല. ഇതോടെ ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറുകയായിരുന്നു. വിവാഹം കഴിക്കാന്‍ ശ്രദ്ധ പതിവായി അഫ്താബിനെ നിര്‍ബന്ധിച്ചിരുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് അഫ്‌താബ് കുറ്റസമ്മതത്തിൽ പൊലീസിനോട് പറഞ്ഞിരുന്നു.
മകളെ കാണാനില്ലെന്ന് കാണിച്ച്‌ ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Eng­lish Sum­ma­ry: A three thou­sand page indict­ment against Aftab; Elec­tron­ic and foren­sic evi­dence, over 100 witnesses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.