സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേരുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേരാണ് നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് നാല് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തിവരുന്നുണ്ട്. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ക്കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്, വെന്റിലേറ്ററിൽ തുടരുന്ന യുവതിക്ക് ഇന്നലെ ആന്റിബോഡിയായ മോണോ ക്ലോണൽ രണ്ട് ഡോസ് നൽകി. യുവതിക്കൊപ്പമെത്തിയ ഒരു യുവാവിനെ ഇന്നലെ മെഡിക്കല്‍ കോളജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നുപേർ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷനിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. യുവതിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണിവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.