ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 40 വയസ്. 1984ൽ മധ്യപ്രദേശിലുണ്ടായ ഭോപ്പാൽ ദുരന്തം വേട്ടയാടിയത് തലമുറകളെയായിരുന്നു . ഒട്ടേറെ രോഗങ്ങൾക്ക് അടിമപ്പെട്ട് ദുരന്തത്തിന്റെ ബാക്കിപത്രമായി അവശേഷിക്കയുന്ന ആയിരങ്ങളുണ്ട് ഇപ്പോഴും ഭോപ്പാലിൽ. എന്നാൽ ദുരന്തത്തിന്റെ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ അവർ ഇന്നും തെരുവുകളിൽ അലയുന്നു . അമേരിക്കൻ ബഹുരാഷ്ട്ര കമ്പിനിയുടെ ഇന്ത്യൻ ശാഖയായ യൂണിയൻ കാർബൈഡ് കമ്പിനിയുടെ ഫാക്ടറിയിൽ നിന്ന് ചോർന്ന വിഷവാതകങ്ങളാണ് ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റിയത് . ഡിസംബർ 2, 3, തിയതികൾക്കിടയിൽ അർദ്ധരാത്രിയിലായിരുന്നു സംഭവം ആയിരകണക്കിന് മനുഷ്യർ ശ്വാസം കിട്ടാതെ പിടഞ്ഞു, മരിച്ചു വീണു, ചിലർ ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഇന്നും മരിച്ചു ജീവിക്കുന്നു.
റിക്ഷാ വലിക്കുന്നവരും സാധാരണ തൊഴിലാളികളും ഉൾപ്പെട്ട ഗ്രാമമാണ് ഭോപ്പാൽ . അത്താഴം കഴിഞ്ഞും ജോലി കഴിഞ്ഞും സ്വന്തം കുടിലുകളിലും മറ്റും നാളെയെക്കുറിച്ച് പ്രതീക്ഷകളുമായി ഉറങ്ങാൻ കിടന്ന അനേകം മനുഷ്യർ. യൂണിയൻ കാർബൈഡ് കോർപറേഷൻ ഗ്യാസ് പ്ലാന്റിൽ നിന്നും വിഷവാതകം ചോർന്ന് അന്തരീക്ഷത്തിലേക്ക് ലയിക്കാൻ തുടങ്ങുന്നതിനു മുമ്പുവരെ എല്ലാവരും ശാന്തമായി ഉറങ്ങി. അതുവരെ എല്ലാം സാധാരണ പോലെ ആയിരുന്നു. എന്നാൽ ടാങ്ക് നമ്പര്‍ 610- ലെ വിഷ മീഥൈല്‍ ഐസോ — സയനൈഡ് ഗ്യാസ് വെള്ളത്തില്‍ കലര്‍ന്നത് അപകടങ്ങൾക്ക് തുടക്കമിട്ടു. പിന്നീട് നടന്ന രാസ പ്രവർത്തന്നങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില കൂടുകയും അത് മനുഷ്യമനസിനെ നടുക്കുന്ന ദുരന്തത്തിലേക്ക് തള്ളിയിടുകയും ചെയ്‌തു. രാത്രി പത്ത് മണിയോടെ പ്ലാന്റിൽ ആരംഭിച്ച വാതകചോർച്ച അർദ്ധരാത്രി പിന്നിട്ടതോടെ ഭോപ്പാൽ നഗരത്തെ ഇറുക്കെ പുണർന്നു. പെട്ടെന്ന് തന്നെ ചർദിയും, തലവേദനയും, വയറുവേദനയും ബോധക്ഷയവും സംഭവിച്ചു.നിരവധി പേർ കുഴഞ്ഞു വീണു മരിച്ചു. ഉറങ്ങിക്കിടന്ന മനുഷ്യർ എന്താണ് സംഭവിച്ചത് എന്നു പോലും അറിയാതെ മരണത്തിന് കീഴടങ്ങി. മാനവ ചരിത്രത്തിലെ മനുഷ്യസൃഷ്ടമായ ഏറ്റവും വലിയ ദുരന്തം. ഹോസ്പിറ്റൽ മോർച്ചറികൾ മൃതദേഹങ്ങളാൽ നിറഞ്ഞുകവിഞ്ഞു, മൃഗങ്ങളും പക്ഷികളും ചത്തുചീഞ്ഞ് വഴിയിലുടനീളം കിടന്നു. ദുരന്തം അതിജീവിച്ചവർ കാൻസർ, അന്ധത, മറ്റ് വൈകല്യങ്ങളുമായി ജീവിച്ചു. കൂടാതെ ഉപജീവനമാർഗം നഷ്ടം, സാമ്പത്തിക തകർച്ച ഒക്കെ അവരെ വഴി മുട്ടിച്ചു. വാതക ചോർച്ചയുമായി ബന്ധപ്പെട്ട് 3787 മരണങ്ങൾ മധ്യപ്രദേശ് സർക്കാർ സ്ഥിരീകരിച്ചു. കണക്കിൽ പെടാതെ പോയ മരണങ്ങൾ അതിലേറെയും. മരിക്കാതെ മരിച്ച അനേകം മനുഷ്യജന്മങ്ങളുടെ നോവും കണ്ണുനീരും ഇപ്പോഴും അലയടിക്കുന്നുണ്ട് ഭോപ്പാലിൽ.
ഗ്യാസ് പ്ലാന്റ് യാതൊരു തരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിച്ചത്. തുരുമ്പിച്ച വാൽവുകളും ലൈനുകളും മോശമായ അവസ്ഥയിലായിരുന്നു. പൈപ്പുകൾ വൃത്തിയാക്കാനുള്ള വെന്റ് ഗ്യാസ് സ്‌ക്രബ്ബറുകളും സ്റ്റീം ബോയിലറും പ്രവർത്തനരഹിതമായിരുന്നു. 1984 ഡിസംബർ രണ്ടിന് ഒരു സൈഡ് പൈപ്പ് വഴി വെള്ളം ഗ്യാസ് ടാങ്കിൽ പ്രവേശിച്ചതാണ് അപകടത്തിന്റെ തുടക്കം.
രാജ്യം നടുങ്ങിയ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് 40 വയസ് തികയുന്ന വേളയിലും കാന്‍സര്‍ രോഗ വ്യാപന ഭീതിയില്‍ മധ്യപ്രദേശിലെ പിതാംപൂരിലെ ജനങ്ങള്‍. ദുരന്തത്തിന്ശേഷം നീക്കം ചെയ്യാതെ അവശേഷിക്കുന്ന മാലിന്യമാണ് ജനങ്ങളില്‍ കാന്‍സര്‍ രോഗ ഭീതി വര്‍ധിപ്പിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന നിസ്സംഗതിയില്‍ ജനങ്ങളും ആശങ്കകൂലരാണ്.
ദുരന്തത്തിന്ശേഷം കേവലം അഞ്ച് ശതമാനം മാലിന്യ അവശിഷ്ടമാണ് ഫാക്ടറി സ്ഥിതി ചെയ്യുന്ന പീതംപൂര്‍ മേഖലയില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിച്ചത്. ബാക്കിയുള്ള കൊടിയ വിഷമാലിന്യമാണ് മേഖലയില്‍ കാന്‍സര്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ 350 മെട്രിക് ടണ്‍ മാലിന്യ അവശിഷ്ടമാണ് ഫാക്ടറി പരിസരത്ത് കെട്ടിക്കിടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ജര്‍മന്‍ കമ്പനിയായ ജിഐഇസഡ് 22 കോടി രൂപ ചെലവില്‍ മാലിന്യം നീക്കം ചെയ്യാന്‍ സന്നദ്ധമായി രംഗത്ത് വന്നുവെങ്കിലും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിച്ചതോടെ പദ്ധതി പാതി വഴിയില്‍ നിലച്ചു. ഫാക്ടറി പരിസരത്ത് നിന്ന് വിഷമാലിന്യം നീക്കം ചെയ്യാന്‍ ഇപ്പോള്‍ 125 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തുന്നത്. ദുരന്തശേഷം അഞ്ച് ശതമാനം വിഷമാലിന്യം മാത്രമാണ് പദ്ധതി പ്രദേശത്ത് നീക്കം ചെയ്തതെന്നും ബാക്കിയുള്ള മാലിന്യം മാരകമായ കാന്‍സര്‍ ഭീതി ഉയര്‍ത്തുന്നതയും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന അവസരത്തിലാണ് ജനങ്ങളുടെ ആരോഗ്യം കൈയ്യില്‍ വെച്ചുള്ള സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ വിളയാട്ടം. അര്‍ബുദത്തിന് കാരണമാകുന്ന ഒര്‍ഗനോ ക്ലേറിന്‍, ഡയേക്സിന്‍, ഫര്‍ണസ് കെമിക്കലുകള്‍ എന്നിവ മനുഷ്യര്‍ക്ക് മാരകമായ രോഗങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവ് ഇല്ലാതെയാണ് ഭരണാധികാരികള്‍ വിഷയത്തെ ലഘുകരിച്ച് കാണുന്നത്.
2010 ഡിസംബറിൽ ഡൗ കെമിക്കൽസിന്റെ ഉടമസ്ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷനിൽ നിന്ന് 7,400 കോടി രൂപ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മരണങ്ങൾ, പരിക്കുകൾ, നാശനഷ്ടങ്ങൾ എന്നിവയുടെ കണക്കുകൾ തെറ്റാണെന്നും നേരത്തെ നൽകിയ 715 കോടി രൂപ അപര്യാപ്തമാണെന്നുമായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം. എന്നാൽ ജനുവരിയിൽ കേന്ദ്രം നൽകിയ ഹർജിയിൽ വാദം കേൾക്കാൻ തുടങ്ങിയ സുപ്രീം കോടതി ഒത്തുതീർപ്പിൽ പുനഃപരിശോധനാ ഹർജി നൽകാത്തതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേന്ദ്രസർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഉന്നയിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കേസ് വീണ്ടും തുറക്കുന്നതിലുള്ള അതൃപ്തിയും കോടതി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.