18 April 2024, Thursday

മരണക്കണക്കില്‍ കൃത്രിമം ; ഗുജറാത്തില്‍ 60 ശതമാനം മരണങ്ങളും മറച്ചുവച്ചതായി യുഎസ് പഠനം

Janayugom Webdesk
അഹമ്മദാബാദ്
August 27, 2021 8:12 pm

ഗുജറാത്തിലെ 54 മുന്‍സിപ്പാലിറ്റികളില്‍ 2020 മാര്‍ച്ച് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 16,000 അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് യുഎസ് പഠന റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ 2020 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മരണനിരക്കിലെ വലിയ വ്യത്യാസം കണ്ടെത്തിയതെന്ന് പഠനത്തില്‍ പറയുന്നു. ഗുജറാത്തിലെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളുടെ (10,080) 60 ശതമാനത്തിലധികമാണ് ഈ കണക്കെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ഗുജറാത്തിലെ ആകെയുള്ള 162 മുന്‍സിപ്പാലിറ്റികളിലെ 54 എണ്ണത്തില്‍ രജിസ്റ്റര്‍ ചെയ്ത മരണനിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഗവേഷകര്‍ പറഞ്ഞു. ആകെ മരണങ്ങളില്‍ കോവിഡിന്റെ പങ്ക് സംബന്ധിച്ചാണ് സംഘം പഠനം നടത്തിയത്. 32 ലക്ഷമാണ് ഈ മുനിസിപ്പാലിറ്റികളിലെ മൊത്തം ജനസംഖ്യ. ഇത് 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ അ‌ഞ്ച് ശതമാനം വരും.

2020 മാര്‍ച്ച് മുതലുള്ള കാലയളവിലാണ് 16,000 അധിക മരണങ്ങള്‍ കണ്ടെത്തിയത്. 2021 ഏപ്രിലില്‍ മരണനിരക്കില്‍ വന്‍വര്‍ധനവുണ്ടായി. ഈ കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 480 ശതമാനം അധിക മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ തുടക്കം മുതല്‍ ഈ മുന്‍സിപ്പാലിറ്റികളില്‍ 40–60 പ്രായപരിധിക്കിടയിലുള്ള സ്ത്രീകളുടെ മരണനിരക്കില്‍ വര്‍ധനവുണ്ടായി.
ഔദ്യോഗിക കോവിഡ് മരണനിരക്കം അധിക മരണനിരക്കും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് തിരുത്തപ്പെടേണ്ടതാണ്. ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം, പരിശോധന ലഭ്യത, മരണ സർട്ടിഫിക്കറ്റിലെ കൃത്യതയും പൂർണതയും എന്നിവയെല്ലാം ദുർബലമാകുമ്പോൾ സത്യത്തിന്റെ ഏക ഉറവിടമായി മരണ സർട്ടിഫിക്കറ്റുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

2019–20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 93 ശതമാനം മരണങ്ങളും സംസ്ഥാനത്ത് മരണ രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ട്. 2020 മാര്‍ച്ച് മുതലുള്ള കാലയളവില്‍ 44,568 മരണങ്ങള്‍ 54 മുനിസിപ്പാലിറ്റികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ ഇത് 31,477ഉം 2021 ഏപ്രില്‍ വരെ 17,882 മരണങ്ങളുമാണ് ഉണ്ടായത്. അതേസമയം 2019ല്‍ 25,590 മരണങ്ങളായിരുന്നു ഈ മുനിസിപ്പാലിറ്റികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry; A US study has found that 60 per cent of deaths in Gujarat are hidden

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.