9 September 2024, Monday
KSFE Galaxy Chits Banner 2

ദരിദ്രനാരായണന്മാരുടെ അതിസമ്പന്ന രാഷ്ട്രം

Janayugom Webdesk
September 15, 2022 5:00 am

ന്ത്യ യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ സമ്പദ്ഘടനയായി മാറിയതായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) സെപ്റ്റംബർ രണ്ടിന് പ്രഖ്യാപിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ഭരണവൃത്തങ്ങൾ രാജ്യത്തിന്റെ അഭിമാന നിമിഷമായാണ് അത് കൊണ്ടാടിയത്. 2030-ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്നു ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യ വളരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ച് അഭിമാനനിമിഷമായി അതിനെ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാൽ, ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നൂറ്റിനാല്പത് കോടിയിൽപ്പരം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സ്ഥാനലബ്ധി അർത്ഥശൂന്യമാണെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ഐഎംഎഫ് പ്രഖ്യാപനത്തെ തികഞ്ഞ വാചാലതയോടെ വരവേറ്റ മോഡിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഭരണകൂടത്തിലെ ഉദ്യോഗസ്ഥവൃന്ദവും അതിനു മുൻപ് പുറത്തുവന്ന ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകൾ ഒന്നുംതന്നെ അംഗീകരിക്കാൻ സന്നദ്ധമായിരുന്നില്ലെന്നു മാത്രമല്ല, അവയെ ചോദ്യം ചെയ്യാൻ മടിച്ചിരുന്നുമില്ല. ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ലോകാരോഗ്യ സംഘടനയടക്കം ഏജൻസികളുടെയും റിപ്പോർട്ടുകളോടുപോലും അത്തരം നിഷേധാത്മകമായ സമീപനമാണ് മോഡിഭരണകൂടം അവലംബിച്ചുപോന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളുമായി പുലബന്ധംപോലും ഇല്ലെന്നതാണ് വസ്തുത.


ഇതുകൂടി വായിക്കൂ:  വനഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക്


ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും വികാസത്തിന്റെയും മാനദണ്ഡം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദന(ജിഡിപി)ത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഈ കാലയളവിലാണ് ഇന്ത്യയിലെ കോർപറേറ്റുകൾ ലോകത്തെ അമ്പരപ്പിക്കുന്ന വളർച്ച കൈവരിച്ചിട്ടുള്ളതെന്ന് ലഭ്യമായ എല്ലാ കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. അതേകാലത്തെ കണക്കുകൾ ഓരോന്നും രാജ്യത്തെ സാമാന്യ ജനവിഭാഗങ്ങളുടെ ജീവിത നിലവാര തകർച്ചയെ തുറന്നുകാട്ടുന്നവയുമാണ്. ഇതേകാലയളവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റ കോർപറേറ്റ് ചങ്ങാ തി ഗൗതം അഡാനി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായി ഫോബ് സ് പട്ടികയിൽ സ്ഥാ നം നേടിയത്. അഡാനിയും അംബാനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഗുജറാത്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നത് കേവലം യാദൃച്ഛികമല്ല. നരേന്ദ്രമോഡി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉടനീളം അഡാനിയുടെ സ്വകാര്യജറ്റിൽ യാത്രനടത്തുന്നുവെന്നത് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വസ്തുതയാണ്. കേരളത്തിൽ ബിജെപി പ്രസിഡന്റ് സുരേന്ദ്രന് അത് സാധ്യമാണെങ്കിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാവില്ലല്ലോ. ജനങ്ങളുടെ ജീവിത നിലവാര തകർച്ചയെപ്പറ്റി ഐക്യരാഷ്ട്രസഭ വികസന പരിപാടിയുടെ (യുഎൻഡിപി)മാനവിക വികാസസൂചിക പുറത്തുവന്നതും ഇതേ കാലയളവിലാണ്. ലോകമെങ്ങും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന യുഎൻഡിപി റിപ്പോർട്ട് പഠനവിധേയമായ 191 രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പട്ടികയിൽ ഇന്ത്യക്ക് 132-ാം സ്ഥാനമാണ് നൽകിയിട്ടുള്ളത്. ശ്രീലങ്കയ്ക്കും ചൈനയ്ക്കും ഭൂട്ടാനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. പാകിസ്ഥാനും മ്യാന്മറും നേപ്പാളും മാത്രമെ ഇന്ത്യക്ക് പിന്നിൽ ദക്ഷിണേഷ്യയിൽ ഉള്ളു.


ഇതുകൂടി വായിക്കൂ: അഡാനിക്ക് അടിതെറ്റുന്നു


അഡാനിമാരുടെയും അംബാനിമാരുടെയും ചങ്ങാത്തത്തെ വിലമതിക്കുന്ന, തങ്ങളുടെ ഭരണത്തെ ഉറപ്പിച്ചുനിർത്തുന്ന കോർപറേറ്റുകളോടും അവരുടെ സാമ്പത്തിക വിജയത്തോടുമുള്ള മോഡിഭരണകൂടത്തിന്റെ ആരാധനയും ആഹ്ലാദവും ആർക്കും മനസിലാവും. അത് രാജ്യത്തിന്റെയോ ജനങ്ങളുടെയോ വിജയമായി വ്യാഖ്യാനിക്കാനും ആഘോഷിക്കാനും മുതിരുന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള ധാർഷ്ട്യവും വഞ്ചനയുമായേ കണക്കാക്കാനാവൂ. ലോകത്ത് ഏറ്റവുമധികം പട്ടിണിക്കാർ അധിവസിക്കുന്ന, ഉപസഹാറ മേഖലയ്ക്ക് പുറത്തെ, ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതേ മേഖലയ്ക്ക് പുറത്ത് ഏറ്റവുമധികം വിളർച്ച ബാധിതരായ സ്ത്രീകളും ഏറ്റവുമധികം ശിശുമരണം സംഭവിക്കുന്നതുമായ രാജ്യവുമാണ് ഇന്ത്യ. കോർപറേറ്റ് ഭീമന്മാർ തങ്ങളുടെ ആസ്തികൾ പലമടങ്ങു വർധിപ്പിക്കുമ്പോഴും ആ വളർച്ച തൊഴിൽരഹിത വളർച്ചയാണെന്ന് സർക്കാരിന്റെ കണക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ അതിസമ്പന്നരെ വളർത്തുന്ന ദരിദ്രനാരായണന്മാരുടെ രാജ്യമായാണ് വളരുന്നത്. തൊഴിൽ സുരക്ഷ മോഡിസർക്കാർ നിയമംവഴി റദ്ദാക്കിയിരിക്കുന്നു. കരാർ, ഗിഗ് തൊഴിൽ സംസ്കാരമാണ് തൊഴിൽ മേഖലയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ആത്യന്തികമായി തൊഴിൽരഹിതവും മഹാഭൂരിപക്ഷം പൗരന്മാരെയും പട്ടിണിക്കാരായി മാറ്റുന്നതുമായ സാമ്പത്തിക വളർച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. അത് ഒരു രാജ്യത്തിന്റെ നേട്ടമായി വ്യാഖ്യാനിക്കാൻ കോര്‍പറേറ്റുകൾക്കു വിടുപണിചെയ്യാൻ നിർലജ്ജം സന്നദ്ധമായ ജനവിരുദ്ധ ഭരണകൂടത്തിന് മാത്രമേ കഴിയു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.