ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ലായെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ വിമർശിച്ച് എ വിജയരാഘവന്‍

Web Desk

തിരുവനന്തപുരം

Posted on September 20, 2020, 6:02 pm

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രസ്താവന യുഇഎയെ കള്ളകടത്ത് രാജ്യമായി ചിത്രീകരിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. യുഎഇയുമായുള്ള നല്ല ബന്ധം ശിഥിലമാക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പാര്‍ലമെന്റ് അംഗം കൂടിയായ കുഞ്ഞാലികുട്ടി ബിജെപിക്ക് രാജ്യവ്യാപകമായ പ്രചാരണത്തിനുള്ള ആയുധമാണ് നല്‍കിയത്.

ഖുര്‍ആനെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കരുതെന്ന മുസ്ലിം സംഘടനകളുടെ പ്രസ്താവനക്ക് ഒരു വിലയും കല്‍പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തെളിയിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് നേതാവിന്റെ അപകടരമായ ഈ നീക്കം കേരളം തിരിച്ചറിയുമെന്നും വിജയരാഘവന്‍ പറഞ്ഞു.
കേരളത്തിലേക്ക് ഖുര്‍ആനും ഈത്തപഴവും നേരായ മാര്‍ഗത്തിലൂടെയാണ് യുഎഇ അയച്ചത്. ഇത് അറിയാത്ത ആളല്ല കുഞ്ഞാലിക്കുട്ടി. എന്നിട്ടും ഇവ നേരായ മാര്‍ഗത്തിലൂടെയല്ല കൊണ്ടുവന്നതെന്ന പ്രസ്താവന ദുരൂഹമാണ്. സംഘപരിവാരിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ അടുത്തായി കുഞ്ഞാലിക്കുട്ടിയും ലീഗും സംഘപരിവാര്‍ സംഘടകളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. സ്വര്‍ണകടത്ത് അന്വേഷണം വന്നതോടെ ഈ ബന്ധം ദൃഢമായിരിക്കുകയാണ്. ലീഗുമായി ബന്ധമുള്ള പലരുമാണ് ഈ കേസില്‍ അറസ്റ്റിലായത്.

യുഎഇയുമായി പതിറ്റാണ്ടുകള്‍ നീണ്ടതാണ് നമ്മുടെ ബന്ധം. ആയിരകണക്കിന് മലയാളികളാണ് അവിടെ ജോലി ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഇവിടെ കൊണ്‍സുലേറ്റ് തുടങ്ങിയത്. പ്രളയത്തില്‍ പകച്ച കേരളത്തിന് യുഎഇ സഹായ വാഗ്ദാനവും ആരും മറന്നിട്ടില്ല. ഈ ഊഷ്മള ബന്ധത്തിന്റെ ഭാഗമായാണ് കേരളത്തിലേക്ക് ഖുര്‍ആനും ഈത്തപഴവുമെല്ലാം അയച്ചത്. വിശേഷ സന്ദര്‍ഭങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം സൗഹൃദം പങ്കിടല്‍ സാധാരണയാണ്. അതിനെപോലും വില കുറഞ്ഞ രാഷ്ട്രീയ ലാഭത്തിനുള്ള ആയുധമാക്കുകയാണ് ലീഗ്. ഇത്തരം നീക്കം ചെറുക്കപെടേണ്ടതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Eng­lish sum­ma­ry; A vija­yaragha­van state­ment

You may also like this video;