കെ കെ ജയേഷ്

കോഴിക്കോട്

April 07, 2020, 9:09 pm

പേരിനൊരു സന്ദർശനം; ശശിയുടെ പെരുമ കൂട്ടിയത് ‘കലിംഗ’

Janayugom Online

കാൽ നൂറ്റാണ്ടോളം നീണ്ട അരങ്ങിലെ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത അഭിനയത്തിന്റെ കരുത്തുമായാണ് ശശി കലിംഗ മലയാള സിനിമയിലെത്തുന്നത്. 1998 ൽ അവിര റബേക്കയുടെ തകരച്ചെണ്ടയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയെന്ന കഥാപാത്രമായിട്ടായിരുന്നു ആദ്യ രംഗപ്രവേശം. പിന്നീട് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഈ നടൻ ഇടം പിടിച്ചു. നാടിനെ നടുക്കിയ ‘മാണിക്യ’ത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പാലേരിയിലെത്തുന്ന ഡിവൈഎസ്‌പി മോഹൻദാസ് മണാലത്തെന്ന ഗൗരവക്കാരനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തൃശൂർക്കാരൻ പ്രാഞ്ചിയേട്ടന്റെ വീട്ടിലെ അരിവയ്പുകാരനായ ഇയ്യപ്പനെന്ന രസികൻ കഥാപാത്രത്തിലേക്കുള്ള ഭാവമാറ്റമാണ് കലിംഗ ശശിയെന്ന നടന്റെ തലവര മാറ്റിയത്. രണ്ടിനും നിമിത്തമായത് സംവിധായകൻ രഞ്ജിത്തും. ഓട്ടോമൊബൈൽ പഠനം പൂർത്തിയാക്കി നിൽക്കുന്ന കാലത്ത് അമ്മാവനും സ്റ്റേജ് ഇന്ത്യ ട്രൂപ്പിന്റെ അമരക്കാരനുമായ വിക്രമൻനായരോടൊപ്പം നാടകത്തിൽ വേഷമിട്ട് തുടങ്ങിയതാണ് ശശിയുടെ അഭിനയ ജീവിതം.

സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിൽ സഹകരിച്ച ശശിക്ക് വിക്രമൻ നായർ രണ്ടാമത്തെ നാടകമായ കെടിയുടെ സാക്ഷാത്ക്കാരത്തിൽ പൊലീസുകാരന്റെ വേഷം നൽകി. പി എം താജ് രചിച്ച അഗ്രഹാരം എന്ന നാടകത്തിലെ ശേഷാമണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടി. താജിന്റെ അമ്പലക്കാള, അഡ്വ. വെൺകുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയൻ, എഴുത്തച്ഛൻ, ചിലപ്പതികാരം, കൃഷ്ണഗാഥ തുടങ്ങിയ നാടകങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു. ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വർഗവാതിൽ, അപൂർവ്വ നക്ഷത്രം, സ്യമന്തകം, ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. അഞ്ഞുറോളം കഥാപാത്രങ്ങളാണ് ശശി കലിംഗ അരങ്ങിൽ പകർന്നാടിയത്. പിന്നീട് തകരച്ചെണ്ടയിൽ വേഷമിട്ടെങ്കിലും കാര്യമായി ശ്രദ്ധിക്കപെട്ടില്ല. സിനിമയിൽ വലിയ ഭാവിയൊന്നും ഉണ്ടാവില്ലെന്ന് കരുതി തിരിച്ചുപോയ നാളുകൾ; നാടകം തന്നെ മടക്കി വിളിച്ചു. 2009 ‑ൽ ടി പി രാജീവന്റെ നോവൽ ‘പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്റെ കഥ’ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ കോഴിക്കോട്ട് ഇരുപത് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നാടകത്തിൽ നിന്നും നിരവധി നടന്മാരെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

കലിംഗ ശശിയുടെ സുഹൃത്തും നടനും സംവിധായകനുമായ വിജയൻ വി നായരും ക്യാമ്പ് അംഗമായിരുന്നു. അദ്ദേഹത്തെ കാണാൻ ശശി ക്യാമ്പിലെത്തുകയും വിജയൻ വി നായർ അദ്ദേഹത്തെ രഞ്ജിത്തിനു പരിചയപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും ക്യാമ്പ് 17 ദിവസം പിന്നിട്ടിരുന്നു. എങ്കിലും രഞ്ജിത്തിന്റെ നിർദേശപ്രകാരം ശശി മൂന്നുദിവസം ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത പലരുടെയും പേര് ശശി എന്നായിരുന്നു. തിരിച്ചറിയാൻ അവരവർ പ്രവർത്തിച്ച നാടക സമിതിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തു.

you may also like this video;

ശശിയുടെ നാടകചരിത്രം ശരിക്കും അറിയാത്ത ആരോ കലിംഗ ശശി എന്നെഴുതിക്കൊടുത്തു. നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ സമിതിയായ കലിംഗയുടെ ഒരു നാടകത്തിൽ പോലും ശശി അഭിനയിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. തെറ്റ് തിരുത്താൻ ശ്രമിച്ചപ്പോൾ ആ പേര് ഭാഗ്യമുള്ളതാണെന്നും തിരുത്തേണ്ടെന്നും സംവിധായകൻ രഞ്ജിത്ത് തന്നെയാണ് നിർദ്ദേശിച്ചത്. ദീപസ്തംഭം മഹാശ്ചര്യമെന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ സന്ദർശകനായി പോയിരുന്നുവെന്നതു മാത്രമാണ് കലിംഗയുമായുള്ള ശശിയുടെ ഏക ബന്ധം.

അറിയാതെ ചാർത്തിക്കിട്ടിയതാണെങ്കിലും ആ പേരും ഭാഗ്യവും ഒരുപോലെ ശശിയുടെ അഭിനയ ജീവിതം മാറ്റിമറിച്ചു. പാലേരി മാണിക്യത്തിൽ മെലിഞ്ഞ ദേഹത്തിൽ, മുഖത്തെ പുച്ഛവും ക്രൗര്യവും ഇടകലർന്ന ഭാവത്തോടെ അദ്ദേഹം നിറഞ്ഞാടി. പുതിയൊരു വില്ലനെയോ സ്വഭാവനടനെയോ പ്രേക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ രഞ്ജിത്ത് തന്നെ വീണ്ടും ശശിയെ വഴിതിരിച്ചുവിട്ടു. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടനായി മമ്മൂട്ടി തകർത്താടിയ പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ കോഴിക്കോടൻ ശൈലിയിലുള്ള സംഭാഷണവുമായി ശശിയുടെ ഇയ്യപ്പൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ഈയപ്പ’നെന്ന അരിവെപ്പുകാരൻ ഷേക്സ്പിയർ നാടക സംഭാഷണം ഇംഗ്ലീഷിൽ ഭാവതീവ്രതയോടെ അവതരിപ്പിച്ചപ്പോൾ തിയ്യറ്ററുകൾ ഇളകി മറിഞ്ഞു. സ്വന്തമായൊരു അഭിനയ ശൈലിയുമായി എത്തിയ ഈ നടനെ പ്രേക്ഷകർ നെഞ്ചേറ്റുകയായിരുന്നു. തുടർന്ന് ഇരുനൂറ്റി അമ്പതോളം സിനിമകൾ. മനുഷ്യവിസർജം പൊതിഞ്ഞെടുത്ത്- ‘ദാണ്ടെ, താണ്ടമ്മച്ചി, കൊടമ്പുളിയിട്ട് വച്ചോ’. എന്ന് പറയുന്ന ‘ആമേൻ’ സിനിമയിലെ കഥാപാത്രത്തെ ഉൾപെടെ പ്രേക്ഷകർ ആഘോഷമാക്കി.

മമ്മൂട്ടി നായകനായ ‘കസബ’യിൽ വേശ്യാലയത്തിൽ വന്നുകയറുന്ന ലൈംഗിക വൈകൃതങ്ങളുള്ള വൃദ്ധ സമ്പന്നന്റെ വേഷം ഇതിനിടയിൽ വേറിട്ട ഒന്നായി. 2015 ൽ ഒരു ഹോളിവുഡ് സിനിമയിലും ശശി വേഷമിട്ടു. എന്നാൽ ആ സിനിമ പുറത്തിറങ്ങിയില്ല. ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാ’ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായും ശശി പ്രേക്ഷകർക്ക് മുമ്പിലെത്തി. ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സിനിമയുടെ തിരക്കിലും സാധാരണക്കാരനായ കോഴിക്കോട്ടുകാരനായിരുന്നു അദ്ദേഹം. നാട്ടിലെത്തിയാൽ സുഹൃത്തുക്കൾക്കും നാടക പ്രവർത്തകർക്കുമൊപ്പം അദ്ദേഹം സമയം ചെലവിട്ടു. അങ്ങാടിയിൽ നിന്ന് ഉണക്ക മീനും വാങ്ങി ക്രൗൺ തിയേറ്ററിൽ നിന്ന് ഇംഗ്ലീഷ് സിനിമയും കണ്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എത്ര തിരക്കുണ്ടെങ്കിലും മാസത്തിൽ അഞ്ചു ദിവസമെങ്കിലും വീട്ടിലുണ്ടാവണമെന്നും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ശക്തമായ നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കി, ആടാനാഗ്രഹിച്ച വേഷങ്ങൾക്ക് ചമയമണിയാതെയാണ് കലിംഗശശി യുടെ ജീവിത യാത്ര അവസാനിക്കുന്നത്.