27 March 2024, Wednesday

ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കര്‍ഷക പോരാട്ടം

സത്യന്‍ മൊകേരി
November 26, 2021 6:25 am

രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരം ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ലോക സമരചരിത്രത്തിലെ പുതിയ അധ്യായമാണ് ഈ കര്‍ഷകസമരം. 2020 നവംബര്‍ 26-ാം തീയതി ഡല്‍ഹി ഛലോ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ടിറങ്ങി നേതൃത്വം നല്കി. സാര്‍വദേശീയ‑ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനാണ് പ്രധാനമന്ത്രി നിരന്തരമായി ശ്രമിച്ചിരുന്നത്. അതിനെതിരായി കര്‍ഷക ഐക്യം ശക്തിപ്പെടുത്തി, തൊഴിലാളി-കര്‍ഷക ഐക്യം ഉയര്‍ത്തി ഇന്ത്യയിലെ വിവിധ ബഹുജനസംഘടനകളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയോടെ കര്‍ഷകര്‍ ചെറുത്തു നില്‍ക്കുകയായിരുന്നു. കര്‍ഷക ഐക്യത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രഗവണ്മെന്റും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളും സംഘപരിവാര്‍ സംഘടനകളും നടത്തിയ പരിശ്രമങ്ങളെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിട്ടു. ലോകം കണ്ട ഏറ്റവും ശക്തമായ ജനപിന്തുണയുള്ള സമരമായി കര്‍ഷക സമരം മാറി. കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല പൂര്‍ണമായും അവര്‍ക്ക് കൈമാറാനുള്ള നിയമങ്ങളാണ് ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങളെയെല്ലാം ചവിട്ടിയരച്ച് ലോക്സഭയും രാജ്യസഭയും പാസാക്കിയത്. 1990 മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങളിലൂടെ കാര്‍ഷിക മേഖലയില്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്ഷ്യംവച്ചത്. 137 കോടിയില്‍ അധികം വരുന്ന ജനങ്ങളുള്ള രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇന്ത്യയിലെ നിലവിലുള്ള കൃഷിസമ്പ്രദായം. എന്നാല്‍ കൃഷിഭൂമി, കൃഷി, സംഭരണം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, വിതരണം തുടങ്ങി കാര്‍ഷികമേഖലയുടെ എല്ലാതലങ്ങളും കയ്യടക്കുവാന്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് മൂന്നു നിയമങ്ങളും. രാജ്യത്തെ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ കഴിഞ്ഞു. അതാണ് കര്‍ഷകര്‍ ഒന്നടങ്കം സമരത്തില്‍ അണിനിരന്നത്. ദരിദ്രകര്‍ഷകര്‍, ഇടത്തരം കര്‍ഷകര്‍, സമ്പന്ന കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ ഇവരെല്ലാം ഒറ്റക്കെട്ടായി തെരുവിലിറങ്ങി പോരാട്ടം നടത്തി. കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാര വാണിജ്യ നിയമം, കര്‍ഷക ശാക്തീകരണ സംരക്ഷണ നിയമം, അവശ്യ സാധന ഭേദഗതി നിയമം എന്നീ മൂന്ന് നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ കര്‍ഷകന് തന്റെ കൃഷിഭൂമി നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് പ്രക്ഷോഭം ആരംഭിച്ചത്. സമരം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. കര്‍ഷകരോട് വീട്ടിലേക്ക് തിരിച്ചുപോകാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗംകൊണ്ട് അവസാനിക്കുന്നതല്ല കര്‍ഷക പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കണമെന്നാണ് സമരത്തിന് നേതൃത്വം നല്കുന്ന സംയുക്ത കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടത്.


ഇതുകൂടി വായിക്കാം; ട്രാക്ടര്‍ ടു ട്വിറ്റര്‍, ട്രോളി ടൈംസ്;കര്‍ഷകശബ്ദമായത് നവമാധ്യമങ്ങള്‍


കര്‍ഷകര്‍ക്ക് ആദായകരമായ വില നല്കണമെന്നത് കര്‍ഷക പ്രക്ഷോഭത്തിന്റെ ആവശ്യമാണ്. ഉല്പാദന ചെലവും അതിന്റെ പകുതിയും ചേര്‍ന്ന് കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കണമെന്ന് ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നല്കിയിട്ടുണ്ട്. നിയമനിര്‍മ്മാണത്തിലൂടെ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്പി) ലഭിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് 2011ല്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, അദ്ദേഹം അംഗമായ സമിതി സമര്‍പ്പിച്ച ശുപാര്‍ശ, സംയുക്ത കര്‍ഷക മോര്‍ച്ച ഓര്‍മപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വൈദ്യുതി സ്വകാര്യവല്കരിക്കുന്നതില്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുകയാണ്. അതില്‍നിന്നും ഗവണ്‍മെന്റ് പിന്മാറണം. രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിന് കര്‍ഷകരാണ് ഉത്തരവാദികള്‍ എന്ന സമീപനമാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ചത്. ഇതിനെതിരെയും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കര്‍ഷക സമരത്തില്‍ ഇതിനകം 750ല്‍ അധികം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണം. മതിയായ നഷ്ടപരിഹാരവും തൊഴിലും നല്കണം. ആയിരക്കണക്കായ കര്‍ഷകരുടെ പേരില്‍ നിരവധി കുറ്റങ്ങള്‍ ചുമത്തി കേസുകള്‍ എടുത്തിട്ടുണ്ട്. നിരവധി കര്‍ഷകര്‍ ഇപ്പോഴും ജയിലിലാണ്. അതിനെല്ലാം പരിഹാരം ഉണ്ടാകണം. കള്ളക്കേസുകള്‍ എല്ലാം പിന്‍വലിക്കണം. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ ട്രക്ക് കയറ്റി അഞ്ച് കര്‍ഷകരെയാണ് വധിച്ചത്. കൂട്ടക്കൊലയുടെ സൂത്രധാരന്‍ ആഭ്യന്തര സഹമന്ത്രിയായ അജയ്മിശ്രയാണ്. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണം. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് ഇതിനകംതന്നെ തുറന്ന കത്ത് സംയുക്തമോര്‍ച്ച അയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാല്‍ കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുമെന്ന് കത്തില്‍ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. കര്‍ഷകര്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത മോര്‍ച്ചയുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ഗവണ്‍മെന്റും തയാറാകണം.
2021 നവംബര്‍ 26ന് രാജ്യത്തുടനീളം ലക്ഷക്കണക്കായ കര്‍ഷകര്‍ തെരുവിലിറങ്ങി ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കും. 2020 നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന്റെ അനുഭവങ്ങളിലൂടെയാണ് 2021 നവംബര്‍ 26ന് വീണ്ടും തെരുവിലിറങ്ങുന്നത്. നവംബര്‍ 28ന് രാജ്യത്തുടനീളം ഗ്രാമങ്ങളില്‍ പ്രകടനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബര്‍ 29ന് സമര കേന്ദ്രമായ ടിക്രി ബോര്‍ഡറില്‍ നിന്നും പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ ട്രാക്ടറില്‍ പ്രകടനം നടത്തി, ആവശ്യങ്ങളടങ്ങിയ നിവേദനം ഗവണ്‍മെന്റിന് സമര്‍പ്പിക്കും. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടുംവരെ പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കേരള ഘടകമായ സംയുക്ത കര്‍ഷകസമിതി മണ്ഡലം-ഏരിയ തലങ്ങളില്‍ നവംബര്‍ 26ന് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കര്‍ഷക കൂട്ടായ്മ. കൂട്ടായ്മകളില്‍ ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് കര്‍ഷകര്‍ പ്രകടനമായി വന്നുചേരും. ദേശീയതലത്തില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.