വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ദുബായില്‍ മലയാളി യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാലി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനാണ് അബിൻ ലാൽ. ദുബായ് കരാമയിൽ ഇക്കഴിഞ്ഞ നാലിന് വൈകിട്ട് ആയിരുന്നു കൊലപാതകം. കരാമ മത്സ്യമാർക്കറ്റിന് പിൻവശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ ഷെയറിങ് മുറിയിലായിരുന്നു ആനിമോൾ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്നത്. അബുദാബിയിൽ നിന്ന് ആനിമോളെ കാണാൻ എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ഇവിടെ വരാറുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വച്ച് വഴക്കുണ്ടായി. പിന്നാലെ ആനിമോളെ പിടിച്ചുവലിച്ച് അബിൻലാൽ മുറിയില്‍ കയറി വാതിലടച്ചു. മുറിയില്‍ നിന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴേയ്ക്കും അബിൻ ലാൽ മുറി തുറന്ന് ഇറങ്ങിയോടി. കുത്തേറ്റ് ചോരവാർന്ന് പിടയുന്ന ആനിമോളെ കൂട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവരം പൊലീസിൽ അറിയിച്ച കൂട്ടുകാര്‍ അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറ ഉപയോഗിച്ചാണ് അബിൻലാലിനെ തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. ഇയാൾ പിന്നീട് കുറ്റം സമ്മതിച്ചു.
ഇൻസ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ഒന്നര വര്‍ഷം മുമ്പ് അബിൻലാല്‍ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നത്. ആനിമോളുടെ പിതാവ് ജയകുമാര്‍ ഭാര്യ ഗില്‍ഡയുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പേ വേർപെടുത്തിയിരുന്നു. ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിൻലാലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ആനിമോളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു. ഇതേ തുടർന്നുള്ള വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ ആനിമോളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.