വസ്ത്രത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ആടൈ

Web Desk
Posted on July 28, 2019, 8:28 am

അശ്വതി

200 വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ സ്വന്തം തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അത്യന്തം ശോചനീയമായ മുലക്കരം എന്ന നാണം കെട്ട നികുതി പിരിവിനെതിരെ തനിക്കിഷ്ടമുള്ള രീതിയില്‍ മാറുമറച്ചുകൊണ്ട് പ്രതിഷേധിച്ച നങ്ങേലി എന്ന ധീര വനിതയുടെ കഥ ആനിമേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവരിച്ചുകൊണ്ടാണ് ‘ആടൈ’ ആരംഭിക്കുന്നത്. അവിടെ നിന്ന് 2019ലേയ്ക്ക് വളര്‍ന്ന ആധുനിക സ്ത്രീയുടെ സ്വത്വാന്വേഷണമാണ് ആടൈയിലൂടെ രത്‌നകുമാറെന്ന ചലച്ചിത്രകാരന്‍ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയ അന്ന് തുടങ്ങിയതാണ് ‘ആടൈ’ എന്ന ചിത്രത്തെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍. അമലാപോള്‍ എന്ന അഭിനേത്രിയെ വ്യക്തിപരമായി മുറിപ്പെടുത്തുന്ന വിധത്തില്‍ പോലും വിവാദങ്ങള്‍ വേഗത്തില്‍ പടര്‍ന്നുകയറി. കൂട്ട ലൈംഗിക ആക്രമണത്തിന് വിധേയമായെന്ന തോന്നല്‍ സൃഷ്ടിച്ച് ഭയചകിതയായി ഉടുതുണിയില്ലാതെയിരിക്കുന്ന അമലയുടെ ചിത്രമായിരുന്നു ആദ്യ പോസ്റ്ററില്‍. അതുകൊണ്ടുതന്നെ ചിത്രം പകുതിയെത്തും മുമ്പ് എപ്പോഴാവും ആ അക്രമണമുണ്ടാവുക എന്ന ജിജ്ഞാസയില്‍ സാകൂതം ഇമവെട്ടാതെ സ്‌ക്രീനില്‍ നോക്കിയിരിക്കും കാണികള്‍.
സ്വാതന്ത്ര്യത്തിന് പരിധിയുണ്ടോ?
ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റൊരാളെ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ മുറിപ്പെടുത്താതെ ഒരാള്‍ തീര്‍പ്പുകല്പിക്കുന്ന സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ തന്നെ ഏതളവുകോല്‍ ഉപയോഗിച്ചാണ് അതിനെ തിട്ടപ്പെടുത്തുക? മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണമായ ഈ ചോദ്യങ്ങള്‍ക്കാണ് ആടൈ ഉത്തരം തേടുന്നത്.


‘നിങ്ങളോട് ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ ചെയ്യുന്നതാണ് സ്വാതന്ത്ര്യം’ എന്നാണ് ആടൈയുടെ ടീസറില്‍ എഴുതി കാണിക്കുന്നത്. പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്ന ജീന്‍ പോള്‍ സാര്‍ത്രിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണത്. ആഹാരം കഴിഞ്ഞാല്‍ മനുഷ്യന്റെ ഒഴിവാക്കാനാവാത്ത പ്രാഥമിക ആവശ്യം എന്ന നിലയ്ക്ക്, നാവുറയ്ക്കുന്ന കാലം മുതല്‍ വസ്ത്രത്തിന്റെ പ്രാധാന്യത്തെകുറിച്ച് നമ്മള്‍ ഉരുവിട്ടുപഠിക്കുന്നതാണ്. പിച്ച വയ്ക്കുന്ന പ്രായത്തില്‍ തുടങ്ങി മനുഷ്യന്റെ വളര്‍ച്ചയെയും ജീവിത വിജയങ്ങളെയും ഒരുപാട് സ്വാധീനിക്കുന്ന സമസ്യയായി പിന്നീട് നമുക്കൊപ്പം നമ്മുടെ വസ്ത്രവും വളരും. അതുകൊണ്ടുതന്നെ കാലങ്ങളായി സമൂഹം ആവര്‍ത്തിച്ച് പറഞ്ഞു പഠിപ്പിച്ച് മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിയ പലതിനെയും ഒരുകാര്യവും ഇല്ലെന്നോ, അസംബന്ധമാണെന്നോ അറിഞ്ഞാലും കുടഞ്ഞുകളയാന്‍ കഴിയാതെ സ്ത്രീകള്‍ പ്രതിസന്ധിയില്‍ തടഞ്ഞുപോകുന്നത്. ജനിതകവശാല്‍ കാലങ്ങളായി കൈമാറികിട്ടിയ ആ സൂക്ഷ്മചിന്തകള്‍ക്ക് വ്യതിയാനമുണ്ടാവാന്‍ നൂറ്റാണ്ടുകള്‍ ഇനിയും താണ്ടേണ്ടിവരുമെന്നു തന്നെ കരുതണം. ആടൈ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതും സ്വതന്ത്ര്യത്തിന്റെ ഈ നിയന്ത്രണ രേഖയെകുറിച്ചാണ്.
ദിശതെറ്റാതെ ആദ്യപകുതി
നങ്ങേലിയുടെ ജീവിതത്തില്‍ നിന്ന് മാറി തൊട്ടടുത്ത നിമിഷം നമ്മള്‍ കാണുന്നത് സ്വന്തം ശരീരത്തെയും മനസ്സിനെയും അതിന്റെ എല്ലാ മികവുകളും ദൗര്‍ബല്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെ പൊരുതി മുന്നേറുന്ന ‘കാമിനി’ എന്ന ടെലിവിഷന്‍ പ്രൊഡ്യൂസറെയാണ്. ‘സ്വതന്ത്രക്കൊടി’ എന്നാണ് അവളുടെ യഥാര്‍ത്ഥ പേര്. സഹപ്രവര്‍ത്തകരും പരിചയക്കാരുമായ പുരുഷന്മാര്‍ പോലും തെല്ല് അസൂയയോടെ നോക്കുന്ന വിധം ഇഷ്ടമുള്ളതെന്തും ചെയ്തും പറഞ്ഞും ധരിച്ചും തിന്നും നടക്കുന്ന കാമിനി എന്ന കഥാപാത്രം കാണികളിലേയ്ക്ക് പതഞ്ഞൊഴുകുകയാണ് ചിത്രത്തിന്റെ ആദ്യപകുതിയൊട്ടാകെ. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇടവേള വരെയുള്ള സീനുകളുടെ രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ വിലസുന്ന കാമിനി തനിക്ക് ചുറ്റുമുള്ളവരുടെ വ്യക്ത്തിത്വത്തെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം വിലമതിക്കുന്നു എന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഒരു മൈം ഷോയില്‍ തുടങ്ങി ചുവന്ന പട്ടുചേല ചുറ്റി, ചുവന്ന പൊട്ടുതൊട്ട്, കൈകളില്‍ വളകളും മാലയും അണിഞ്ഞ് പൂചൂടി നില്‍ക്കുന്ന സ്വന്തം രൂപം സ്വപ്‌നം കണ്ട് ഞെട്ടിയുണരുന്ന കാമിനിയെയാണ് തുടക്കത്തില്‍ നമ്മള്‍ കാണുന്നത്. സ്വപ്‌നത്തില്‍ കണ്ട സ്വന്തം രൂപത്തോടുള്ള അവജ്ഞ വ്യക്തമാക്കിക്കൊണ്ടാണ് കാമിനിയിലെ ഫെമിനിസ്റ്റിനെ സംവിധായകന്‍ പരിചയപ്പെടുത്തുന്നത്. തികഞ്ഞ യാഥാസ്ഥിതിക തമിഴ് കുടുംബിനിയും അമ്മയുമായി ശ്രീരഞ്ജിനി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഫെമിനിസം പറഞ്ഞ് വൃത്തിയുള്ള വേഷംപോലും ധരിക്കാതെ താന്തോന്നിയായി പുകവലിച്ചും മദ്യപിച്ചും ഹെല്‍മറ്റുപോലുമില്ലാതെ അതിവേഗ ബൈക്കില്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കൊപ്പം ചുറ്റിയടിക്കുന്ന മകളെയോര്‍ത്ത് ഉല്‍കണ്ഠാകുലയാണ് അമ്മ. ‘# ടാഗ്” എന്ന സ്വന്തം ചാനല്‍ ടിആര്‍പി ബൂസ്റ്റില്‍ പിന്തള്ളപ്പെട്ടപ്പോള്‍ കാമിനിയുടെ തലയിലുദിച്ച ആശയമാണ് ആള്‍ക്കാരെ വിഡ്ഢികളാക്കുന്ന പ്രാങ്ക് ഷോ. നടുറോഡില്‍ വ്യാജ അപകടമുണ്ടാക്കിയും, തല്ലുണ്ടാക്കിയും, സന്നി ബാധിച്ച പോലെ അഭിനയിച്ചുമൊക്കെ നാട്ടുകാരെ മക്കാറാക്കുന്ന ടെലിവിഷന്‍ ഷോ പതിയെ കാണികളുടെ ഇഷ്ടപരിപാടിയായി മാറുകയും ചാനലിന്റെ റേറ്റിങ് അവിശ്വസനീയമായി കൂടുകയും ചെയ്യുന്നു. സ്വന്തം വിജയങ്ങളില്‍ മാത്രം അഭിരമിച്ച് മുന്നോട്ടുപോകുകയും ഇതിലൊക്കെ കഥാപാത്രങ്ങളാവുന്ന സാധാരണ മനുഷ്യരുടെ ജീവിതം അന്വേഷിക്കാതെ വിട്ടുകളയുകയും ചെയ്യുന്ന പ്രകൃതമാണ് കാമിനിയുടേത്. ഇത്തരം ഉപയോഗശൂന്യമായ പരിപാടിയൊക്കെ ആര്‍ക്കുവേണമെകിലും ചെയ്യാന്‍ കഴിയുമെന്നും ടെലിവിഷനില്‍ വാര്‍ത്ത വായിക്കുന്നതാണ് ബുദ്ധിവേണ്ട മാന്യമായ പണിയെന്നും മിടുക്കുണ്ടെങ്കില്‍ അതൊന്ന് ചെയ്തു കാണിക്കെന്നും അമ്മ കാമിനിയെ ബെറ്റ് വച്ച് പ്രകോപിപ്പിക്കുന്നു. അതൊക്കെ നിസ്സാര കാര്യമെന്ന് തിരിച്ചടിച്ചുകൊണ്ട് അലസമായ വേഷത്തിലാണ് കാമിനി ഓഫീസിലേക്ക് പോകുന്നത്.
ഇടവേളവരെ വളരെ കൃത്യമായ ഒരു തിരക്കഥയുടെ പിന്‍ബലത്തില്‍ അതിവേഗത്തിലുള്ള മനോഹരമായ ഷോട്ടുകളാണ് നമ്മള്‍ ‘ആടൈ‘യില്‍ കാണുന്നത്. പ്രദീപ്കുമാറിന്റെ സംഗീതം പുതുതലമുറയുടെ താളം ഉള്‍ക്കൊണ്ട് ഒരു ആധുനിക മാധ്യമസ്ഥാപനത്തിന്റെ എല്ലാ തുടിപ്പുകളും ഒപ്പിയെടുക്കാന്‍ കരുത്തു പകര്‍ന്നിട്ടുണ്ട്. വിജയ് കാര്‍ത്തിക് കണ്ണന്റെ ക്യാമറയും ഷഫീഖ് മുഹമ്മദ് അലിയുടെ കൗശലത്തോടെയുള്ള എഡിറ്റിങ്ങും ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമാക്കിയിട്ടുണ്ട്.


വൈരുദ്ധ്യങ്ങളുടെ പരമ്പര
പേരു സൂചിപ്പിക്കുന്നതുപോലെ വസ്ത്രത്തിന്റെ രാഷ്ട്രീയമാണ് ‘ആടൈ’ പറയാന്‍ ശ്രമിച്ചത്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ വേരുറച്ചുപോയ വിശ്വാസങ്ങളെ കുടഞ്ഞെറിഞ്ഞുകൊണ്ട് പ്രസംഗിക്കുകയും ലേഖനമെഴുതുകയും ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളില്‍ ജനിതകമായി കൈമാറ്റം ചെയ്തിട്ടുള്ള വിഷ വിത്തുകള്‍ മുളപൊട്ടി തളിര്‍ക്കാന്‍ ശ്രമിക്കുന്ന ദുര്യോഗമാണ് ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും എന്നിടത്തേയ്ക്കാണ് ‘ആടൈ’ വിരല്‍ ചൂണ്ടുന്നത്.
ആദ്യ പകുതിയില്‍ ഏതു പ്രതിസന്ധിയും നേരിടാന്‍ പരസഹായം തേടാത്ത കരുത്തുറ്റ വനിതയായാണ് കാമിനിയെ അവതരിപ്പിക്കുന്നത്. പ്രാങ്ക് ഷോയിലൂടെ മുഖാമുഖം വന്ന മറ്റൊരു പെണ്‍കുട്ടിയുടെ പ്രതികാരത്തിന് പാത്രമായി ജോലി ചെയ്ത ഓഫീസ് കെട്ടിടത്തില്‍ ഉടുതുണിയില്ലാതെ മയക്കം വിട്ടുണരുന്ന കാമിനിയെയാണ് നാം ഇടവേളയ്ക്കു ശേഷം കാണുന്നത്. ഉടുതുണി നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഫെമിനിസം പോയിട്ട് ബുദ്ധിയും ആര്‍ജവവും പോലും ചോര്‍ന്ന് സമൂഹം വിധിച്ചു വച്ചിട്ടുള്ള വെറും പെണ്ണായി കാമിനി മാറുകയാണ്. എങ്ങനെയും മാനം സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഉരുവിടുന്ന നിസ്സഹായയായ കാമിനി ആ അവസ്ഥയെ അതിജീവിക്കാന്‍ ബുദ്ധിപരമായ ഒരിടപെടലും അവള്‍ നടത്തുന്നില്ല എന്നിടത്താണ് രണ്ടാം പകുതി പരാജയപ്പെട്ടുപോകുന്നത്.
എങ്കിലും കോളിവുഡില്‍ ആവര്‍ത്തിച്ചരങ്ങേറിയ മീടൂവിനെ ധൈര്യപൂര്‍വം അടയാളപ്പെടുത്താന്‍ ശ്രമിച്ചതൊക്കെ ‘ആടൈ‘യുടെ നന്മയാണ്. രാജ്യസഭാംഗമായ പ്രശസ്ത ഗാനരചയിതാവിനെ തന്ത്രപൂര്‍വ്വം ഇന്റര്‍വ്യൂ ചെയ്ത് മീ ടൂ ക്യാമ്പയിനില്‍ കൊണ്ടുവന്ന് രാജിവയ്പ്പിക്കുന്നതായാണ് ‘ആടൈ’ ചിത്രീകരിച്ചിരിക്കുന്നത്.144 മിനിട്ടുള്ള ദൈര്‍ഘ്യമേറിയ ചിത്രത്തില്‍ ജന്നിഫര്‍ എന്ന വാര്‍ത്താവതാരികയായി രമ്യ സുബ്രഹ്മണ്യനും നങ്ങേലിയായി അനന്യ രാമപ്രസാദും മികച്ച പ്രകടനമാണ് നടത്തുന്നത്.