Friday
22 Nov 2019

ആധാര്‍: ഝാര്‍ഖണ്ഡില്‍ ഒരു വര്‍ഷത്തിനിടെ പട്ടിണി മൂലം മരിച്ചത് പതിനാലുപേര്‍

By: Web Desk | Monday 13 August 2018 10:09 PM IST


hunger death- Janayugom

ന്യൂഡല്‍ഹി:

ആധാറില്ലാത്തതിനാലും യഥാസമയം ബന്ധിപ്പിക്കാത്തതിനാലും റേഷന്‍ നിഷേധിക്കപ്പെട്ട് ഝാര്‍ഖണ്ഡില്‍ ഒരു വര്‍ഷത്തിനിടെ പട്ടിണി മൂലം മരിച്ചത് 14 പേര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് ചിലര്‍ക്ക് റേഷന്‍ നിഷേധിക്കപ്പെട്ടതെങ്കില്‍ ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിലുണ്ടായ പോരായ്മകള്‍ കാരണമാണ് മറ്റു ചിലര്‍ക്ക് നിഷേധിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പതിനൊന്നു വയസുള്ള സന്തോഷി കുമാരിയുടെ കുടുംബത്തിന് അഞ്ചുമാസത്തിലധികമാണ് റേഷന്‍ ലഭിക്കാതിരുന്നത്.

ആധാര്‍ ബന്ധിപ്പിച്ചതിന്റെ പോരായ്മയായിരുന്നു ഇതിന് കാരണമായത്. ഒക്‌ടോബര്‍ 21 ന് ധന്‍ബാദിലെ ജാറിയയില്‍ ഭായിനാഥ് രവിദാസ് (40) മരിച്ചത് നിരന്തരം അപേക്ഷ നല്‍കിയിട്ടും ആധാര്‍ നമ്പറില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് പോലും നല്‍കാതിരുന്നതിനാലായിരുന്നു. ഒക്‌ടോബര്‍ 23 ന് ഘര്‍വയിലെ ഡണ്‍ഡയില്‍ പ്രേമാനി കന്‍വാര്‍ (64), ഡിസംബര്‍ 25 ന് ഘര്‍വയിലെ മജിയോണില്‍ എത്‌വാരിയാ ദേവി (67), ഗിരിധിയിലെ തിസ്രിയില്‍ ബുധിനി സോറന്‍ (40), ഹിരന്‍പൂരിലെ ലുഖി മുര്‍മു (30) എന്നിവരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കാതിരുന്നതിനും ഇവരുടെ പട്ടിണി മരണത്തിനും കാരണമായി കണ്ടെത്തിയത് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിലുണ്ടായ പോരായ്മയായിരുന്നു. ധന്‍ബാദിലെ യുറായി ദേവി, ധുംറിയിലെ സാവിത്രിദേവി (60), ഇഖോറിയിലെ മിന മുസാഹര്‍ (45), രാംഗര്‍ മണ്ഡുവിലെ ചിന്തമന്‍ മാല്‍ഹര്‍ (50), ജംതാരയില്‍ നാരായണ്‍പുരയിലെ ലാല്‍ജി മപൊതോ (70), രാംഗര്‍ മണ്ഡുവിലെ രാജേന്ദ്ര ബിര്‍ഹോര്‍ (40) എന്നിവരുടെയും മരണ കാരണം റേഷന്‍ ലഭിക്കാത്തത് തന്നെയായിരുന്നു.

ആധാര്‍ വില്ലനായതിനെ തുടര്‍ന്ന് പുറത്തുവന്ന പട്ടിണി മരണങ്ങളുടെ കണക്കു മാത്രമാണിത്. ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് സുപ്രിംകോടതിയില്‍ പോലും ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ അതിന് വിരുദ്ധമായി ഓരോ ആനുകൂല്യത്തിനും ആധാര്‍ വേണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമാണ് ഈ പട്ടിണി മരണങ്ങള്‍.