Wednesday
20 Mar 2019

ആധാര്‍ ബന്ധനം അനിശ്ചിതമായി നീട്ടി

By: Web Desk | Tuesday 13 March 2018 8:22 PM IST


കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി

കേസില്‍ സുപ്രിംകോടതിയുടെ അന്തിമവിധി വരുന്നതുവരെ ബാധകം

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ആധാര്‍ സംബന്ധിച്ച ഒരുകൂട്ടം കേസുകളില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയിരുന്നത്.
മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിക്കാനുള്ള അവസാനതീയതിയാണ് അനിശ്ചിതകാലത്തേയ്ക്ക് നീട്ടിയിരിക്കുന്നത്. തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനു പോലും ആധാര്‍ കേസില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നിര്‍ബന്ധമാക്കരുതെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. ആധാര്‍ നിയമത്തിന്റെ ഏഴാം വകുപ്പില്‍ ഉള്‍പ്പെടുന്ന സബ്‌സിഡികള്‍ക്ക് ഇളവ് ബാധകമായിരിക്കില്ലെന്നും വിധിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 15 ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമയപരിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയായിരുന്നു.
സുപിംകോടതിയുടെ മുന്‍ ഉത്തരവ് മറികടന്ന് തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പുതുതായി ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ ചൂണ്ടിക്കാട്ടി. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകളും സ്വീകരിക്കുന്നുണ്ടെന്നും നടപടികള്‍ എളുപ്പത്തിലാക്കുന്നതിനാണ് ആധാര്‍ ആവശ്യപ്പെടുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
കേസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയിലുളള അവ്യക്തത ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് ഏഴിന് നടന്ന വാദത്തിനിടെ സുപ്രിംകോടതി 31 നകം ഉത്തരവ് ഉണ്ടായേക്കില്ലെന്ന് നിരീക്ഷിച്ചിരുന്നു. അന്തിമനിമിഷം കാലാവധി നീട്ടിനല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം ആധാര്‍ ബന്ധിപ്പിക്കലിന്റെ ഇളവ് നീട്ടുകയാണെങ്കില്‍ ആധാര്‍ നിയമത്തിന്റെ ഏഴാം സെക്ഷനില്‍ വരുന്ന സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ബാധകമാക്കരുതെന്നും കെ കെ വേണുഗോപാല്‍ അഭ്യര്‍ഥിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ആധാര്‍ നിയമം ധനബില്ലായി അവതരിപ്പിച്ചതിനെതിരെയുള്ള പി ചിദംബരത്തിന്റെ വാദത്തോടെയാണ് ഇന്നലെ വാദം ആരംഭിച്ചത്. നിയമനിര്‍മ്മാണത്തില്‍ രാജ്യസഭയുടെ പങ്കാളിത്തത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് ഇത് വിരുദ്ധമാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യസഭ നേരത്തെ ബില്‍ പരിഗണിച്ചപ്പോള്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ധനബില്ലായി നിയമം പാസാക്കിയതെന്നും ചിദംബരം കോടതിയെ അറിയിച്ചു.
ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിവിധ ഉത്തരവുകളിലായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. സ്വകാര്യത മൗലിക അവകാശമാണെന്ന ഒമ്പതംഗ ഭരണഘടന ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാറിന്റെ സാധുത ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. കേസില്‍ ഇന്നും വാദം തുടരും.