Saturday
16 Nov 2019

ആധാര്‍ ചോരുന്നു

By: Web Desk | Saturday 24 March 2018 10:57 PM IST


adhaar janayugom

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സേവനകേന്ദ്രം വഴി ആധാര്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ടുകള്‍. ആധാര്‍ ഉടമയുടെ പേര്, 12 അക്ക തിരിച്ചറിയല്‍ നമ്പര്‍, ആധാറിനായി ശേഖരിച്ചിട്ടുള്ള വ്യക്തിഗത ബയോമെട്രിക് വിവരങ്ങള്‍, ആധാര്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്തിയെടുക്കുന്നതായാണ് സെഡ് ഡി നെറ്റ് എന്ന യുഎസ് വാര്‍ത്താ വെബ്‌സൈറ്റിന്‍റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ ആധാര്‍ സംബന്ധമായ ഏത് വിവരവും യഥേഷ്ടം ചോര്‍ത്താനാവുമെന്നാണ് വാര്‍ത്ത വ്യക്തമാക്കുന്നത്.

ആധാര്‍ സംബന്ധമായ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്നും അത് മറ്റാര്‍ക്കും ചോര്‍ത്തിയെടുക്കാനാവില്ലെന്നും ആധാര്‍ പദ്ധതിയുടെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഎഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ഭൂഷണ്‍ പാണ്ഡെ വ്യാഴാഴ്ച സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള യുഎസ് വാര്‍ത്താവെബ്‌സൈറ്റിന്‍റെ വെളിപ്പെടുത്തല്‍. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്നും അത് ചോര്‍ത്തിയെടുക്കാനാവുമെന്നും സുരക്ഷാ ഗവേഷകനായ കരണ്‍ സയ്‌നിയും വെളിപ്പെടുത്തിയിരുന്നു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് സെഡ് ഡി നെറ്റ് ഇന്ത്യാഗവണ്‍മെന്റിനെ സമീപിച്ചുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികരണം ഉണ്ടായിട്ടില്ല. സെഡ് നെറ്റ് ഈ വിഷയത്തില്‍ ന്യൂയോര്‍ക്കിലെ വാണിജ്യവും തീരുവകളും സംബന്ധിച്ച ഇന്ത്യന്‍ കോണ്‍സല്‍ ദേവി പ്രസാദ് മിശ്രയേയും സമീപിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും ചോര്‍ച്ച തടയുന്നതിനും ആധാര്‍ രേഖകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സെഡ് ഡി നെറ്റ് വാര്‍ത്ത പുറത്തുവിട്ടത്. ആധാര്‍ വിവര ചോര്‍ച്ചയെ സംബന്ധിച്ച സര്‍ക്കാരിന്റെ സ്ഥിരീകരണത്തിന്‍റെ അഭാവത്തില്‍ വിവരം ചോരുന്നതിന് ഇടയാക്കിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന കേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താവെബ്‌സൈറ്റ് പുറത്തുവിട്ടിട്ടില്ല.

ആധാര്‍ വിവരങ്ങള്‍ ഇത്തരത്തില്‍ ചോരുന്നത് വ്യക്തികളുടെ സ്വകാര്യത, വിവരങ്ങളുടെ വാണിജ്യപരമായ ദുരുപയോഗം, ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണം കവര്‍ന്നെടുക്കുന്നതടക്കം ഗൗരവതരമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുക. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകുമെന്ന് തെളിവ് സഹിതം ചണ്ഡിഗഡ് ആസ്ഥാനമായുള്ള ട്രിബ്യൂണ്‍ പത്രം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പത്രത്തിന്‍റെ ഉടമസ്ഥരായ ട്രസ്റ്റും മുഖ്യപത്രാധിപര്‍ ഹരീഷ് ഖരെയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഖരെ ഒരാഴ്ച മുമ്പ് തല്‍സ്ഥാനം രാജി വച്ചൊഴിഞ്ഞിരുന്നു.

Related News