ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വർഗീയ പരാമർശങ്ങളെത്തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വിവാദത്തിൽ. ആദിത്യനാഥിനെ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന ആവശ്യവുമായി എഎപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ശനിയാഴ്ച ഡൽഹിയിൽ നാല് റാലികളിലാണ് ആദിത്യനാഥ് പങ്കെടുത്തിരുന്നത്. നാലിടത്തും വർഗീയവിഷം തുപ്പുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. കശ്മീർ, വെടിയുണ്ട, പാകിസ്ഥാൻ, മുസ്ലിം വിരുദ്ധത തുടങ്ങിയ വിഷയങ്ങളിലാണ് പ്രസംഗം ഊന്നിയത്.
കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീൻബാഗിൽ പ്രതിഷേധിക്കുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്ന് ആദിത്യനാഥ് ആരോപിച്ചു. തീവ്രവാദികൾക്ക് കെജ്രിവാൾ സർക്കാർ ബിരിയാണി വിതരണം ചെയ്യുമ്പോൾ പ്രധാനമന്ത്രിയായതു മുതൽ നരേന്ദ്ര മോഡി എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവർക്ക് വെടിയുണ്ടകളാണ് നൽകുന്നതെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.
കൻവാർ യാത്രയുടെ പേരിലും ആദിത്യനാഥ് വർഗീയ പരാമർശങ്ങളുമായി രംഗത്തെത്തി. മുൻ യുപി സർക്കാർ കൻവാർ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. താൻ അധികാരത്തിലെത്തിയതോടെ നിയന്ത്രണങ്ങൾ നീക്കി. കൻവാർ യാത്രക്കെതിരെ ഭീഷണി മുഴക്കുന്നവർക്ക് തീർച്ചയായും വെടിയുണ്ടയുടെ ഭാഷ മനസ്സിലാകുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് ആദിത്യനാഥിനെ പൂർണമായും വിലക്കണമെന്നാണ് എഎപിയുടെ ആവശ്യം. വർഗീയ പ്രസ്താവനകളുടെ പേരിൽ ആദിത്യനാഥിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചാൽ ഇത്തവണ വിവാദ പ്രസ്താവന നടത്തി പ്രചാരണവിലക്ക് ഏറ്റുവാങ്ങിയ ബിജെപി നേതാക്കൻമാരുടെ നിരയിലാകും ആദിത്യനാഥിന്റെയും സ്ഥാനം.
നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, എം പി പർവേഷ് വർമ, സ്ഥാനാർഥിയായ കപിൽ മിശ്ര എന്നിവരെ പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ആദിത്യനാഥിനെ 72 മണിക്കൂർ നേരത്തേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.
English Summary: AAP wants election commission to ban Yogi Adityanath for divisive speeches
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.