എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേയില്ല

Web Desk
Posted on January 24, 2018, 9:37 pm

ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ഒഴിവ് വന്ന സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം ആറിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് കഴിഞ്ഞദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് എംഎല്‍എമാരുടെ പദവി റദ്ദായത്. നടപടിയെ തുടര്‍ന്ന് നിയമസഭയിലെ എഎപിയുടെ അംഗബലം 46 ആയി ചുരുങ്ങി.
തങ്ങളുടെ ഭാഗം കേള്‍ക്കാതെ പക്ഷപാതപരമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചതെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആരോപിച്ചത്. ജസ്റ്റിസുമാരായ ആര്‍ രവീന്ദ്ര ഭട്ട്, എ കെ ചൗള എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഎപിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപ്പദവി വിഷയത്തിലേക്ക് വഴിമാറിയത്. എന്നാല്‍ ഇത് ഇരട്ടപ്പദവിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി 2017 ജൂണ്‍ 24 ന് കമ്മിഷന്‍ തള്ളിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ച 20 എംഎല്‍എമാരാണ് ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്.
2015 മാര്‍ച്ചിലാണ് എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി കെജ്‌രിവാള്‍ നിയമിച്ചത്. ഇത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നും ഇതിനാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് ഇവരെ അയോഗ്യരാക്കണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.