വ്യാജ വീഡിയോ പങ്കുവച്ചു: അമിത് ഷായ്ക്ക് 48 മണിക്കൂർ പ്രചരണ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം

Web Desk

ന്യൂഡൽഹി

Posted on January 30, 2020, 6:57 pm

ഡൽഹിയിലെ സർക്കാർ സ്കൂളുകളെ കുറിച്ച് വ്യാജ വീഡിയോ പങ്കുവച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ 48 മണിക്കൂർ പ്രചരണ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അമിത് ഷാ പങ്കുവച്ച വ്യാജ വീഡിയോ നീക്കം ചെയ്യണമെന്നും ഷായ്ക്ക് എതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ആംആദ്മി നേതാക്കളായ സ‍ഞ്ജയ് സിങ്, പങ്കജ് ഗുപ്ത എന്നിവരാണ് പരാതി നൽകിയത്. ബിജെപി എംപിമാരായ ഗൗതം ഗംഭീർ, പർവേഷ് വർമ, ഹൻസ് രാജ് എന്നിവരും അപകീർത്തിപരമായ വ്യാജ പ്രചരണങ്ങൾ ഡൽഹി സ്കൂളുകൾക്കെതിരെ നടത്തുന്നുണ്ടെന്ന് പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

ഡൽഹിയിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന അവകാശവാദം. സ്കൂളുകളുടെ നിലവാരം പരിശോധിക്കാൻ അരവിന്ദ് കെജ്രിവാൾ അമിത്ഷായെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തിയ ഷാ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയെന്ന് വ്യക്തമാക്കി ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ പണി പൂർത്തിയാകാതെ അടഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ വീഡിയോയാണ് ഷാ പങ്കുവച്ചതെന്ന് ആംആദ്മി നേതാക്കൾ ആരോപിച്ചു.

ഡൽഹിയിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവം 16 ലക്ഷം വിദ്യാർത്ഥികളുടേയും 65,000 അധ്യാപകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ്. അതിനെയാണ് അമിത് ഷാ പരിഹസിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. അമിത് ഷായ്ക്ക് ഡൽഹി തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കാൻ പദ്ധതികളൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം തരംതാണ പ്രവർത്തികൾ നടത്തുന്നത്. അമിത് ഷാ ഡൽഹിയിലെ ജനങ്ങളോടും വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: AAP seeks 48-hour cam­paign­ing ban on Amit Shah