എഎപിയില്‍ പൊട്ടിത്തെറി; ഭഗവന്ത് മന്‍ രാജിവച്ചു

Web Desk
Posted on March 16, 2018, 9:30 pm

ലുധിയാന: ആംആദ്മി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി. ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാജി. പിന്നാലെ വൈസ് പ്രസിഡന്റ് അമന്‍ അറോറയും രാജിസമര്‍പ്പിച്ചു.

മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കെജ്രിവാള്‍ കത്ത് നല്‍കിയിരുന്നു. മജീദിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും കെജ്രിവാള്‍ കത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കെജ്രിവാളിന്‍റെ നടപടി തന്നെ ഞെട്ടിച്ചെന്നും പ്രതിഷേധമായാണ് രാജിവെയ്ക്കുന്നതെന്നും ഭഗവന്ത് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്‍റെ രാജി സമര്‍പ്പിച്ചത്. അധ്യക്ഷന്‍റെ രാജി സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയെ കെജ്രിവാള്‍ ഉന്‍മൂലനം ചെയ്‌തെന്ന് കുറ്റപ്പെടുത്തി പഞ്ചാബ് മന്ത്രി നവജോത് സിങ്ങ് സിദ്ദുവും രംഗത്തെത്തി.
മാനനഷ്ടക്കേസുകള്‍ക്ക് പിന്നാലെ നടന്ന് ജനസേവനത്തിനുള്ള സമയം നഷ്ടപ്പെടാതിരിക്കാനാണ് ഒത്തുതീര്‍പ്പെന്നാണ് എഎപിയുടെ വിശദീകരണം.

ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് അവതാര്‍ സിങ്ങ് അഴിമതിക്കാരനെന്ന പ്രസ്താവനയും കെജ്രിവാള്‍ പിന്‍വലിച്ചിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ അരുണ്‍ ജയ്റ്റ്‌ലിക്കെതിരായ ആരോപണത്തിലും കെജ്രിവാള്‍ മാപ്പ് പറഞ്ഞേക്കും എന്നാണ് വിവരം. ഇതിനെതിരെ ഡല്‍ഹിയിലെ എഎപി എംഎല്‍എമാര്‍ക്കിടയിലും പ്രതിഷേധമുണ്ട്.