19 April 2025, Saturday
KSFE Galaxy Chits Banner 2

ആശാനും എംടിയും രണ്ട് സദൃശമുഖങ്ങൾ

ഡോ. ചേരാവള്ളി ശശി
March 16, 2025 8:00 am

ദ്യത്തിലെ ചങ്ങമ്പുഴയാണ് എം ടി വാസുദേവൻ നായരെന്ന് ചിലരൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ചങ്ങമ്പുഴയല്ല കുമാരനാശാനുമായിട്ടാണ് എംടിക്ക് ഏറെ സാദൃശ്യമുള്ളതെന്ന് തോന്നുന്നു. ആശാനും ആ കവിതക്കും ലഭിച്ചിട്ടുള്ളതുപോലെയുള്ള പഠനങ്ങളും നിരൂപണങ്ങളും ഉപന്യാസങ്ങളും ഗവേഷണങ്ങളും ഓർമ്മപ്പുസ്തകങ്ങളും ജീവചരിത്രക്കുറിപ്പുകളും മറ്റും ഗദ്യത്തിൽ എംടിക്ക് കിട്ടിയതുപോലെ മറ്റൊരു സാഹിത്യകാരനും കിട്ടിയിട്ടില്ല. ഇരുവരും മലയാളിയുടെ വായനയെ എഴുത്തിനെക്കാൾ ഏറെ സ്വാധീനിച്ചവരാണ്. എംടിയെപ്പോലെ പണ്ഡിതനായ ഒരു വായനക്കാരനും പത്രാധിപരുമായിരുന്നു ആശാനും. എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആയിരുന്നതുപോലെ ‘വിവേകോദയം’ മാസികയുടെ വിവേകിയായ പത്രാധിപരായിരുന്നു ആശാനും. സംസ്കൃതത്തിലും ഇംഗ്ലീഷിലുമുള്ള പരിചയംകൊണ്ട് അറിവിന്റെ വിവിധ മേഖലകളിലൂടെയുള്ള സഞ്ചാരം ആശാൻ എന്ന പത്രാധിപരുടെ പ്രത്യേകതയായിരുന്നു. വിശ്വസാഹിത്യവുമായുള്ള പ്രഗാഢബന്ധം എംടിയുടെ എഴുത്തിലും പ്രകടമാണ്. 

അല്പകാലം ആശാൻ അധ്യാപകനായിരുന്നതുപോലെ എംടിക്കും ഒരു ഹ്രസ്വകാല അധ്യാപന ജീവിതം ഉണ്ടായിരുന്നു. ആശാൻ എസ്എൻഡിപി യോഗം സെക്രട്ടറിയായി, സംഘടനാ ജോലികൾ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിർവഹിച്ചപോലെ എംടി തുഞ്ചൻ പറമ്പിനെ ഉന്നതമായൊരു സാംസ്കാരിക കേന്ദ്രമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. സാഹിത്യ അക്കാദമിക്കുമുണ്ടായി എംടിയുടെ സംഭാവനകൾ. ആശാനെപ്പോലെ മാതാപിതാക്കളുടെ മരണത്തിൽ പങ്കുചേരാൻ എംടിക്കും കഴിഞ്ഞില്ല. എങ്കിലും ‘ഒരു അനുതാപം’ എഴുതി പ്രിയമെഴുന്ന അമ്മയോടുള്ള സ്നേഹം ആശാൻ തുറന്നുകാട്ടാൻ ശ്രമിച്ചു. അമ്മയോടുള്ള സ്നേഹാദരങ്ങളെല്ലാം ‘അമ്മയ്ക്ക്’ എന്ന ലേഖനത്തിലൂടെ എംടിയും തുറന്നുപറഞ്ഞു. (കഥകളിലും നോവലുകളിലും അമ്മ മറക്കാനാവാത്ത കഥാപാത്രമായി നിറഞ്ഞു നില്‍ക്കുന്നുമുണ്ട്). ആശാൻ എന്തെഴുതിയാലും മലയാളിക്ക് പ്രിയങ്കരമാകുന്നതുപോലെ എംടിയുടെ എഴുത്തിനെയും അവർ ഹൃദയംഗമമായി സ്വീകരിച്ചു. ആശാൻ തന്റെ കവിതകളിലൂടെ തലമുറകളെ ബന്ധിപ്പിച്ചതു കണക്കെ, കഥയിലൂടെയും നോവലിലൂടെയും ചലച്ചിത്രത്തിലൂടെയും എംടി തലമുറകൾക്ക് പ്രിയങ്കരനായി. ‘ദിവ്യകോകിലം’ എന്ന തന്റെ കവിത സി കേശവനെപ്പോലെയുള്ള പുതു തലമുറക്കാർ പാടി അവതരിപ്പിച്ചത് കേട്ടാനന്ദിച്ച ആശാനൊപ്പം പുതു തലമുറക്കാരായവരെക്കൊണ്ട് ലേഖനങ്ങൾ പറഞ്ഞുകൊടുത്തെഴുതിപ്പിച്ച് തൃപ്തനാകുന്നതിൽ എംടിയും ആഹ്ലാദം അനുഭവിച്ചു. എങ്കിലും ‘വളരും. വളർന്ന് വലിയ ആളാവും’ എന്ന് നാലുകെട്ടിലെഴുതിയ എംടിയെപ്പോലെ വലിയ ആളാകാൻ കഴിഞ്ഞെങ്കിലും ആശാൻ എഴുതിയവരികൾ എംടിയുടേതുപോലെ ശുഭകരം ആയിരുന്നില്ല. അത് അന്തമില്ലാത്ത ആഴത്തിലേക്ക് താഴുന്ന ഒന്നിായിത്തീർന്നത് മലയാളത്തിന്റെ നിർഭാഗ്യം! 

ഭാഷകൊണ്ട് കീഴടക്കിയവർ

ഭാഷ, ആഖ്യാനശൈലി, ദർശനം, അവതരണരീതി, ശില്പ സൗകുമാര്യം എന്നിവയെല്ലാംകൊണ്ട് മലയാള സഹൃദയമനസിനെ കീഴടക്കിയവരാണ് ആശാനും എംടിയും. കാലത്തിനനുസൃതമായി തങ്ങൾക്കിണങ്ങിയ സാഹിത്യ രൂപങ്ങൾ നവീകരിച്ച് ഭാവുകത്വം വരുത്തിയവരാണ് ഇരുവരും. ‘ഷെർലക്’ എന്ന ഒറ്റക്കഥ മതി എംടി എന്ന കഥാകൃത്തിനുണ്ടായ ഭാവപരിണാമങ്ങൾ പഠിക്കാൻ. ആശാനെപ്പോലെ ഭാഷയ്ക്കുമേലുള്ള നിയന്ത്രണവും നിഷ്കർഷയും സംയമനവും സൂക്ഷ്മതയും ധ്വനിഭേദങ്ങളും എംടിയുടെ പ്രത്യേകതകളായി. അത് അവയ്ക്ക് പുതുവഴിയുടെ ചൈതന്യഭംഗി നല്‍കി. ഒരു വാക്കുപോലും പാഴാക്കാത്ത ‘മഞ്ഞ്’ പോലെയുള്ള കൃതികൾ നോവലിലെ സംഗീതമായി വാഴ്ത്തപ്പെട്ടു. ചലച്ചിത്ര കലയിലേതുപോലുള്ള ദൃശ്യഭാഷ എംടിയുടെ മട്ടിൽ ആശാനും വശമായിരുന്നു. ആശാൻ കാവ്യങ്ങളിലെങ്ങും ആ ദൃശ്യഭാഷ നിറഞ്ഞുനില്‍ക്കുന്നു. കാമറക്കണ്ണുകളിലൂടെയാണ് ഓരോ രംഗവും നമുക്ക് മുന്നിൽ ആശാൻ അവതരിപ്പിക്കുന്നതെന്ന് ആ കൃതികൾ വ്യക്തമാക്കുന്നു. എംടിയുടെ അസാമാന്യ ദൃശ്യബോധത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾപോലെ ആശാന്റെ ദൃശ്യബോധവും അന്വേഷിച്ചു പഠിക്കേണ്ടതാണ്. എംടി ഒരു കഥയെഴുതാൻ കാണിക്കുന്ന ധ്യാനവും സമയവും കൃത്യതയും സൂക്ഷ്മതയും നിഷ്ഠയും വെട്ടിത്തിരുത്തുമെല്ലാം മലയാളി ആദ്യം കണ്ടത് ആശാൻ എന്ന കവിയിലാണ്. വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്നവ ആയിരുന്നില്ല ഇരുവർക്കും സാഹിത്യരചന. തങ്ങൾ സാഹിത്യ ഭൂമിയിൽ നേടിയ ഔന്നത്യം ഒട്ടും താഴാതെയിരിക്കുവാനും ഇരുവരും ശ്രദ്ധിച്ചിരുന്നു. അശേഷം പാഴാകാത്ത രചനകൾകൊണ്ട് അവർ മലയാളത്തെ സമ്പന്നമാക്കി. 

ഏകാകിയുടെ ആത്മസംഘർഷങ്ങൾ

ആശാൻ കഥാപാത്രങ്ങളുടെ മട്ടിൽ ആത്മസംഘർഷം അനുഭവിക്കുന്നവരാണ് എംടിയുടെ പാത്രങ്ങളും. ആ ഏകാകികളുടെ ആന്തരിക ലോകത്തിലേക്ക് കണ്ണയയ്ക്കാനാണ് ഈ പ്രതിഭാശാലികൾ ഒരുപോലെ ശ്രദ്ധിച്ചത്. ആശാന്റെ നായകന്മാരിൽ കവിയുടെ ആത്മാംശം ഇഴുകിച്ചേർന്നിട്ടുള്ളതുമാതിരി എംടിയുടെ ആത്മാംശമില്ലാത്ത ഒരൊറ്റ നായകനുമില്ല. ആത്മാംശം ഏറെയുള്ളതുകൊണ്ടാണ് എംടി ആത്മകഥ എഴുത്തുപോലും ഉപേക്ഷിച്ചത്. അകാലത്തിൽ വീണ് പൊലിയുന്ന ആശാന്റെ നായികമാരെപ്പോലെ അകാലത്തിൽ പൊലിയുന്ന നായികമാർ എംടി ചലച്ചിത്രങ്ങളിൽ ഒട്ടേറെയാണ്. മുറപ്പെണ്ണ്, കുട്ട്യേടത്തി, നഖക്ഷതങ്ങൾ തൊട്ടുള്ള നായികമാരുടെ ദുരന്തപതന കഥകൾ സാഹിത്യത്തിലും ചലച്ചിത്രത്തിലും പ്രത്യക്ഷമാണ്. കഥാപാത്രങ്ങൾ എല്ലാവരും പക്ഷേ ഇങ്ങനെയല്ല. ‘യുവജനഹൃദയം സ്വതന്ത്രമാണിവരുടെ കാവ്യ പരിഗ്രഹേച്ഛയിൽ…’ എന്ന് ആശാൻ പാടിയപോലെ സ്വാതന്ത്ര്യവാദിനികളും തന്റേടികളുമായ സ്ത്രീകളും എംടി സാഹിത്യത്തിലും സിനിമയിലും നിരവധിയാണ്. കുട്ട്യേടത്തിയും ഇന്ദിരയും (പഞ്ചാഗ്നി) രോഹിണിയും (ഇടവഴിയിലെ പൂച്ച) ഒക്കെ ചില ദൃഷ്ടാന്തങ്ങൾ. രോഹിണിയെപ്പോലെയും വിമലയെപ്പോലെയും സാമൂഹിക ബന്ധങ്ങളിൽ നിന്ന് പുറത്തുനില്ക്കുന്നവരും സ്വന്തം വഴി സ്വയം തിരയുന്നവരുമായ പാത്രങ്ങളുടെ എണ്ണം ചെറുതല്ല. എന്നാൽ ഒന്നുണ്ട്. ഒരു സ്ത്രീ കഥാപാത്രവും സന്തോഷത്തിനുടമയല്ല. ആശാന്റെ സ്ത്രീകൾ പലരെയും പോലെ.
വിലക്കുകൾ ലംഘിക്കാനും യാഥാസ്ഥിതികത്വവും ഫ്യൂഡലിസവും മരുമക്കത്തായവും മറ്റും പൊളിച്ചടുക്കാനും തന്റേടികളായ റിബലുകളായ കഥാപാത്രങ്ങൾ എംടിയിലെന്നതിന് തുല്യം. ആശാൻ സാഹിത്യത്തിലും കാണാമല്ലോ. 

അപ്പുണ്ണിയും ഗോവിന്ദൻകുട്ടിയും മറ്റും സാമൂഹിക മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. ആർക്കും വേണ്ടാത്തവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും അപകർഷ ദുഃഖങ്ങൾ ആശാന്റെ ചണ്ഡാലിയിലും ചാത്തനിലും ദൃശ്യമാണ്. എംടിയുടെ ഭീമനിലും ചന്തുവിലും അത് മുഴച്ചുനിൽക്കുന്നു. എംടിയുടെ പല കഥാപാത്രങ്ങളും രണ്ടാമൂഴക്കാർ തന്നെ. (ഇരുട്ടിന്റെ ആത്മാവ് തൊട്ടുള്ള കഥകളും ശ്രദ്ധിക്കുക). മഹാഭാരതത്തെ ഒരിടത്തും സ്പർശിക്കാത്ത കുമാരകവി സീതയ്ക്ക് നല്‍കിയ നൂതന പരിവേഷവും തന്റേടവും പണ്ഡിതന്മാർ പലകുറി ചർച്ച ചെയ്തിട്ടുണ്ട്. രാമായണം തോൽപ്പാവക്കൂത്ത് കണ്ടുവളർന്ന എംടിയെ പക്ഷെ, രാമായണമല്ല വ്യാസഭാരതമാണ് എന്നും ആകർഷിച്ചത്. നോവലായി രണ്ടാമൂഴവും സിനിമയായി ‘വൈശാലി‘യും സൃഷ്ടിച്ച അദ്ദേഹം ആ ഇതിഹാസത്തെ അന്ധമായി പിന്തുടർന്ന പ്രതിഭയല്ല. ആശാന്റെ സീതയെപ്പോലെ എംടിയുടെ ഭീമനും ചന്തുവുമെല്ലാം അഭിപ്രായ ഭേദങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിയവരാണ്. സീതയെപ്പോലെ എംടി കഥാപാത്രങ്ങൾ പലരും ചോദ്യശരങ്ങൾ ഉയർത്തുന്നവരാണ്. പേനത്തുമ്പിലൂടെ ചരിത്രം തിരുത്താൻ കഴിയുമെന്ന് ഇരുവരും തെളിയിച്ചു. വ്യത്യസ്ത ഭൂഭാഗങ്ങൾ തേടി അലയാൻ ആശാനെപ്പോലെ എംടിക്ക് സാധിച്ചിട്ടില്ലെങ്കിലും ആശാന്റെ ഹിമാലയവും രേവാനദിയും പോലെ വാരാണസിയും ഗംഗാനദിയും ഒക്കെ എംടി സാഹിത്യത്തിലും കാണാം. പതിത കാരുണികനായ ഉപഗുപ്തനെ ആശാൻ മടക്കിവിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തികഞ്ഞ മനുഷ്യനായി മടങ്ങിവരാൻ തയ്യാറെടുക്കുന്ന ഗോവിന്ദൻ കുട്ടിയെ എംടി കൃതിയിലും കാണാം. ഇങ്ങനെയിങ്ങനെ ആശാനും എംടിയും മലയാള സാഹിത്യമേഖലയിൽ ഒറ്റയ്ക്കുവന്ന് സ്വന്തം വഴിവെട്ടി സഹൃദയജനതയെ ഒന്നടങ്കം ആ വഴികളിലൂടെ നടത്തിച്ച് പുതുലോകങ്ങളിലെത്തിച്ച രണ്ട് മഹാരഥന്മാർ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.