പിന്നിൽ ഒരു മറ, നിൽക്കാൻ ഒരു തറ, എന്റെ മുന്നിൽ നിങ്ങളും മനസിൽ ഒരു നാടകവും എന്ന് പറഞ്ഞ വിഖ്യാത നാടകക്കാരൻ എൻ എൻ പിള്ളയുടെ രണ്ടാൾ നാടകമായ കുടുംബയോഗം എന്ന നാടകത്തിലെ വൃദ്ധ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് അജയൻ എന്ന നാടക കലാകാരൻ.
അജയനിലൂടെ തന്റെ അഭിനയപാടവം നാടകലോകം തിരിച്ചറിഞ്ഞു ഒട്ടേറെ അവാർഡുകളും ഈ നാടകത്തിലൂടെ ലഭിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടിൽ അരങ്ങിൽ ഇത് ഏകപാത്ര നാടകമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അഭിനയവും സംവിധാനവും അജയൻ തന്നെയാണ്. സ്റ്റേജോ കർട്ടനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തും അവതരിപ്പിക്കുന്ന രീതിയിലാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലം കലാശബ്ദത്തിന്റെ ബാനറിൽ ഒരുക്കിയ നാടകം ഇപ്റ്റയുടെ നേതൃത്വത്തിൽ കോഴിക്കോട് ഫറുഖിൽ നടക്കുന്ന സംസ്ഥനതല ഏകപാത്ര നാടക മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. കൊല്ലം ജില്ലയിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന ഏക സ്ക്രിപ്റ്റും കുടുംബയോഗമാണ്. അതിന്റെ അരങ്ങൊരുക്കത്തിലാണ് നാടക കലയുടെ വേറിട്ട ശബ്ദമായി മാറിയ അജയൻദൃശ്യ.
മൂന്ന് പതിറ്റാണ്ട് നാടക പഠനത്തിനും അഭിനയത്തിനും വേണ്ടി സ്വയം സമർപ്പിച്ച ജീവിതമാണ് അജയന്റെത്. കിഴക്കനേല കേളി എന്ന നാടക കളരിയിലൂടെ വളർന്ന് നിരവധി രംഗാവതരണങ്ങളിലൂടെ മലയാള അമച്വർ നാടകരംഗത്ത് വേറിട്ടൊരു തട്ടകമൊരുക്കിയ അഭിനയ പ്രതിഭ. മികച്ച നടൻ, നടി, സംവിധായകൻ എന്നിങ്ങനെ വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ച രംഗ ചാതുരി ഡോക്യുമെന്ററിയുടേയും ഷോർട്ട് ഫിലിമുകളുടേയും സംവിധായകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊല്ലം ജില്ലയിൽ കിഴക്കനേല എന്ന നാടകഗ്രാമത്തിൽ ആണ് ജനനം. അരങ്ങിലെ അക്ഷര ഗുരുവായി കാണുന്ന നാടകകൃത്തും തിരക്കഥാകൃത്തുമായ രാജൻ കിഴക്കനേലയുടെ ആശിർവാദത്തോടെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ സത്രം എന്ന ഏകാംഗ നാടകത്തിലെ സത്രം സൂക്ഷിപ്പുകാരൻ എന്ന കഥാപാത്രത്തിലൂടെ നാടകാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടി.
നാടകത്തെ ഗൗരവമായി സമീപിക്കുന്നത് കിഴക്കനേല കേളിയിലൂടെയാണ്. ആദ്യ നാടകമായ ദൈവത്തോറ്റത്തിലെ സൂത്രധാരൻ മുന്നോറ്റോൻ അമ്പു എന്നീ കഥാപാത്രങ്ങൾ വിവിധ കാലഘട്ടത്തിൽ അവതരിപ്പിക്കുകയും ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
നാടകം സംവിധാനം ചെയ്തത് വേണു സി കിഴക്കനേലയാണ്. തുടർന്ന് ‘ന്റെ പുള്ളിപ്പയ് കരയ്യാണ്,’ ‘ഭൂമീന്റെ ചോര’ എന്നീ നാടകങ്ങളും അരങ്ങിലെത്തി. അതിൽ ന്റെ പുള്ളിപയ്യ് കരയാണ് എന്ന നാടകത്തിൽ സ്ത്രീവേഷമാണ് കൈകാര്യം ചെയ്തത്. സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് മികച്ച നടിക്കുള്ള അവാർഡ് പ്രഖ്യാപിച്ച വിധികർത്താക്കളും അജയന്റെ നാടക ഓർമകളിൽ ഒളിമങ്ങാത്തതാണ്. ഭൂമിന്റെ ചോര എന്ന നാടകത്തിൽ അലക്കുകാരൻ മുനിയാണ്ടി, മുത്തച്ഛൻ എന്നീ രണ്ടു വേഷങ്ങൾ അഭിനയിച്ചു 150-ൽപരം അവതരണങ്ങളിലൂടെ നാടകരംഗത്ത് ചിരപ്രതിഷ്ഠ നേടാൻ ഈ നാടകങ്ങൾക്കായി.
തുടർന്ന് സ്കൂൾ തലങ്ങളിൽ കുട്ടികളുടെ നാടകങ്ങൾ ചെയ്ത് സംവിധാന രംഗത്ത് തുടക്കം കുറിച്ചു. കോഴിക്കോട് ശാന്തകുമാർ രചിച്ച ഫാക്ടറി എന്ന നാടകം സംവിധാനം ചെയ്ത് അമച്വർ നാടക രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം ദൂരദർശൻ വിഷു ദിനത്തിൽ സംപ്രേഷണം ചെയ്ത വിഷുഗീതത്തിന്റെ സംവിധാനം, പിന്നണി ഗായിക പത്മജ വേണുഗോപാൽ സംഗീതം നല്‍കി ആലപിച്ച മഞ്ഞ് എന്ന വീഡിയോ ആൽബത്തിന്റെ സംവിധാനം കൂടാതെ മൂന്ന് ഷോർട് ഫിലിമുകളുടെ രചന കവിത സംവിധാനം എന്നിവയും നിർവഹിച്ചിട്ടുണ്ട്.
വേഷങ്ങൾ ജന്മങ്ങൾ എന്ന ഫോട്ടോ സ്റ്റോറിയുടെ രചനയും സംവിധാനവും ക്യാമറയും കൈകാര്യം ചെയ്ത് പേക്ഷക പ്രശംസ നേടി. രാജൻ കിഴക്കനേലയുടെ കലാസപര്യയെ അവലംബിച്ച് സുനിൽകുമാർ കിഴക്കനേല രചന നിർവഹിച്ച ‘അരങ്ങിലെ അക്ഷര ഗുരു’ എന്ന ഡോക്യുഫിഷൻ സംവിധാനം നിർവഹിക്കുക വഴി സംസ്ഥാന തലത്തിൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞു. 2001 ൽ ജില്ലാ കേരളോത്സവത്തിൽ മികച്ച നടൻ, തോന്നക്കൽ പ്രേം നസീർ പുരസ്കാരം, തിരുവനന്തപുരം എ കെ ജി, എ പി എ സി പുരസ്കാരങ്ങൾ, കരുനാഗപ്പള്ളി യൗവന, മരുത്തടി ജയൻ മെമ്മോറിയൽ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അജയനെ തേടിയെത്തി.
മികച്ച ഫോട്ടോഗ്രാഫറുമായ അദ്ദേഹം കഴിഞ്ഞ 25 വർഷകാലമായി പാരിപ്പള്ളി കുളമടയിൽ ദൃശൃ ഡിജിറ്റൽ സ്റ്റുഡിയോ എന്ന സ്ഥാപനവും ഇപ്പോൾ ഒരു പ്രൊഫണൽ പ്രോഗ്രാം ഏജൻസിയും നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.