Sunday
20 Oct 2019

ആ വാക്കുകള്‍ നിരാശപ്പെടുത്തി…വിരമിക്കലിനു പിന്നിലെ കാരണം വെളിപ്പെടുത്തി എബിഡി

By: Web Desk | Monday 20 May 2019 10:06 PM IST


ജൊഹാനസ്ബര്‍ഗ്: ഒരു വര്‍ഷം മുന്നേ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒരു വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്നു. ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന എബിഡിയെന്ന എ ബി ഡിവില്ലിയേഴ്സ്. മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്‍റെ വിരമിക്കല്‍. അതും തന്‍റെ മുപ്പത്തിനാലാമത്തെ വയസില്‍. ലോകകപ്പിന് ബാക്കിയുള്ളത് ഒരു വര്‍ഷം മാത്രം.

ഇത്ര പെട്ടന്നുള്ള ഈ തീരുമാനത്തിന് അദ്ദേഹത്തിന് നേരെ ചോദ്യങ്ങളും ഉയര്‍ന്നു. ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഇതിനൊന്നും എബിഡി മറുപടി നല്‍കിയിരുന്നില്ല. പക്ഷേ ഇപ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.

നാട്ടില്‍ നിന്നുതന്നെയുള്ള കടുത്ത വിമര്‍ശനങ്ങളാണ് തന്നെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന യൂട്യൂബ് ഷോയില്‍ ഗൗരവ് കപൂറുമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ടീമിനെ കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. അവസാനത്തെ മൂന്നു വര്‍ഷം ടീമിലെ ഇടക്കാല സന്ദര്‍ശകനാണ് താനെന്ന വിമര്‍ശനവും ഉയര്‍ന്നു. അതോടെ താരം നിരാശനായി. അത് പിന്നീട് വിരമിക്കലിനെ സ്വാധീനിച്ചുവെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.

ലോകകപ്പിന് മുന്നോടിയായുള്ള വിരമിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്നെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ താന്‍  ഈ വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എബിഡി വെളിപ്പെടുത്തി. എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ കാരണം ലോകകപ്പ് കളിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിട്ടും അദ്ദേഹം വിരമിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇക്കാരണത്താലാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പില്‍ തിരിച്ചെത്തണമെന്നു പലരും ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

You May Also Like This..