തീവ്രവാദ ബന്ധം: കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Web Desk
Posted on August 24, 2019, 7:43 pm

കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ് തെരയുകയായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എറണാകുളത്ത് കോടതിയില്‍ കീഴടങ്ങാനൊരുങ്ങവേ അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുല്‍ഖാദര്‍ റഹിമിനെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാനായി കോടതിയിലെത്തിയ ഇയാളെ പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പിടിയിലാകുന്നതിന് മുന്‍പ് ഒരു മലയാളം ചാനലിനോട് സംസാരിച്ചിരുന്നു. ബഹ്‌റിനില്‍ ഹോട്ടല്‍ ബിസിനസില്‍ തനിക്ക് ചില പ്രശ്‌നങ്ങളുണ്ടായെന്നും അവിടെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നും ബഹ്‌റിനില്‍ സിഐഡി സംഘം തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും റഹീം പറയുന്നുണ്ട്.
ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പാണ് പൊലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടിയത് .റഹീമിന് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കേരളത്തിലെ ചില ആളുകള്‍ക്ക് ഐഎസ്, ശ്രീലങ്കന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അവരില്‍പ്പെട്ടയാളാണോ അബ്ദുള്‍ ഖാദര്‍ റഹീം എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും അതീവ ജാഗ്രത തുടരുന്നതിനിടയില്‍ ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് പിടികൂടിയ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ടില്‍ തമിഴ്‌നാട് തീരത്ത് എത്തിയ ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പെടെ ഒരുക്കിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റേത് എന്ന് സംശയിക്കുന്ന യാത്രാ രേഖകള്‍ തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പെടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ താമസിച്ചതെന്ന് കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.