കാക്കമാർ തൊടാതിരിക്കാൻ സിന്ദൂരം തൊട്ടവർ ലജ്ജിക്കട്ടെ! അബ്ദുള്ളയുടെയും ഖദീജയുടെയും മകൾ രാജേശ്വരിക്ക് ക്ഷേത്ര നടയിൽ മിന്നുകെട്ട്

Web Desk
Posted on February 17, 2020, 10:20 pm

കാക്കമാർ തൊടാതിരിക്കാനാണ് സിന്ദൂരം തൊട്ടതെന്ന വർഗീയ വിദ്വേഷം പറഞ്ഞു പരത്തുന്ന ആളുകൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും മതിൽകെട്ടുകൾ തകർത്ത് മനുഷ്യത്വത്തിന് വില കൽപിക്കുന്നവർ ഉണ്ട് എന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ് കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുള്ളയും ഖദീജയും. ഭഗവതിയെ സാക്ഷിയാക്കി അമ്പലനടയിൽ അബ്ദുള്ളയുടെയും ഖദീജയുടെയും മകൾ രാജേശ്വരി വിവാഹിതയായി. കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദാണ് മേൽപ്പറമ്പ് ‘ഷമീം മൻസി’ലിലെ രാജേശ്വരിയുടെ കഴുത്തിൽ താലി ചാർത്തിയത്. അബ്ദുള്ളയുടെയും ഖദീജയുടെയും വളർത്തുമകളാണ് തഞ്ചാവൂർ സ്വദേശിയായ രാജേശ്വരി. വളരെ ചെറുപ്പത്തിൽ തന്നെ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നീട് സ്വന്തം മകളായി അവളെ പോറ്റിവളർത്തിയത് അബ്ദുള്ളയും ഭാര്യ ഖദീജയുമാണ്.

രാജേശ്വരിയുടെ അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണി ചെയ്തിരുന്നു. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തിരുന്നതും ശരവണനാണ്‌. ശരവണനും ഭാര്യയും മരണപ്പെട്ടതോടെ മകൾ രാജേശ്വരി ഒറ്റയ്ക്കായി. ഇതോടെയാണ് മക്കൾ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയെ കൂടി വളർത്താൻ അബ്ദുള്ളയും ഖദീജയും തീരുമാനിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ലാബ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്‍റെ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനമായത്.

ഇതിനായി മന്യോട്ട് ക്ഷേത്രം തെരഞ്ഞെടുക്കയായിരുന്നു. അബ്ദുള്ളയുടെ അമ്മ എണ്‍പത്തിനാലുകാരിയായ സഫിയുമ്മ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ ഭാഗമായി. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ എച്ച് ആർ ശ്രീധരനും ചേർന്ന് വധുവിനെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തത്. പുത്യകോട്ടയിൽ ബാലചന്ദ്രന്റെയും ജയന്തിയുടെയും മകനാണ് വിഷ്ണു.

Eng­lish Sum­ma­ry: abdul­la khadee­ja daugh­ter rajeswaries mar­riage in kan­jan­gad

You may also like this video