29 March 2024, Friday

നാടിന് വർണ്ണ കാഴ്ചയൊരുക്കാൻ ചെടി കാക്ക

Janayugom Webdesk
മാവൂർ
August 1, 2022 6:47 pm

നാടിനു വർണ്ണ കാഴ്ച്ചയൊരുക്കാൻ ചെടി കാക്ക എന്നറിയപ്പെടുന്ന മാവൂർ വെളുത്തേടത്ത് അബ്ദുള്ള വീണ്ടും രംഗത്ത്. നാട്ടുകാരുടെ പൂർണ്ണ പിന്തുണയിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ചെടികളും പൂക്കളും നിറഞ്ഞ ലോകത്തേക്ക് അബ്ദുള്ള വീണ്ടും തിരിച്ചെത്തുന്നത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ചെടികൾ നട്ടുവളർത്തിയിരുന്ന ഇദ്ദേഹം മാവൂർ ബസ് സ്റ്റാന്റിന് മുന്നിൽ നട്ടുപരിപാലിച്ചിരുന്ന ചെടികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതോടെയാണ് തന്റെ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ട് പോയത്. മാവൂരിലെ പൊതുപ്രവർത്തകരും പരിസ്ഥിതി സ്നേഹികളും പിന്തുണയുമായെത്തിയെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തിയ ചെടികൾ നശിപ്പിച്ചതിൽ മനം നൊന്ത് ചെടികൾ നടുന്നത് അദ്ദേഹം തത്ക്കാലം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് നാടിന് സന്തോഷം പകർന്ന് ചെടികാക്ക വീണ്ടും ചെടികൾ നടാനാരംഭിച്ചത്. 

മാവൂർ എളമരം കടവിൽ പുതുതായി നിർമ്മിച്ച പാലത്തിനരികിലെ ട്രാഫിക്ക് സർക്കിളുകളിലാണ് വർണ്ണ പൂക്കൾ വളരുന്ന ചെടികൾ നട്ടുവളർത്തുന്നത്. ഇവിടെയുള്ള മൂന്ന് ട്രാഫിക്ക് സർക്കിളുകളിലും ഇപ്പോൾ ചെടികൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. വീട്ടുമുറ്റത്തെ തോട്ടത്തിൽ നിന്നുള്ളതും നഴ്സറികളിൽ നിന്ന് വില കൊടുത്ത് വാങ്ങിയതുമായ പൂചെടികളും ഇല ചെടികളുമാണ് ട്രാഫിക്ക് സർക്കിളിൽ നട്ടത്. 

ശാരീരിക അവശതകളുണ്ടെങ്കിലും അൻപത് വർഷത്തോളമായി തുടരുന്ന ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. മാവൂരിന്റെ വിവിധ ഭാഗങ്ങളിൽ ചെടികാക്ക നട്ടുവളർത്തിയ പൂന്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും ധാരാളമുണ്ട്. സ്വന്തം ചെലവിലാണ് തൈകൾ വാങ്ങുന്നതും പരിപാലിക്കുന്നതും. മാവൂരിലെ നന്മയുള്ള സമൂഹം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തിലാണ് വീണ്ടും ചെടികളുടെയും പൂക്കളുടെയും ലോകത്തിലേക്ക് ചെടികാക്ക എത്തുന്നത്.

Eng­lish Summary:Abdullah returns to the world full of plants and flowers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.