Web Desk

December 22, 2020, 1:04 pm

അഭയ കേസ്; കാത്തിരുന്ന വിധി കേൾക്കാൻ ആ രണ്ടു പേർ ഇവിടെയില്ല

Janayugom Online

28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞപ്പോൾ അത് കേൾക്കാൻ കോട്ടയം അരീക്കരയിലെ വീട്ടിൽ ആ വൃദ്ധ ദമ്പതികളില്ല. മകളുടെ മരണം കൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുകയും നീതി ലഭിക്കാനായി പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്ത പിതാവ് ഐക്കരക്കുന്നേൽ തോമസും മാതാവ് ലീലാമ്മയും. 2016 ജൂലൈ 24ന് തോമസും നവംബർ 21ന് ലീലാമ്മയും മരണമടഞ്ഞു. മകൾ ബീനയെന്ന അഭയയെ സന്യസ്തജീവിതത്തിന് അയയ്ക്കുമ്പോൾ കാത്തിരിക്കുന്നത് ഇത്ര വലിയൊരു ദുരോഗ്യമാണെന്ന് അവർ കരുതിയിരുന്നില്ല. അവൾക്കു നീതി വാങ്ങി നൽകാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും.

അഭയയുടേത് ആത്മഹത്യയാണെന്ന് അന്വഷണ സംഘങ്ങളും ഉദ്യോഗസ്ഥരും പലപ്രാവശ്യം പറഞ്ഞപ്പോഴും അവൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും. കോടതിയോടും നിയമത്തോടുമുള്ള വിശ്വാസം അവസാനം വരെ മുറുകെ പിടിച്ചായിരുന്നു ഇരുവരുടെയും പോരാട്ടം. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായിരുന്ന ഐക്കരക്കുന്നേൽ തോമസ് അരീക്കരയിൽ താമസിക്കുമ്പോഴാണ് മകളുടെ മരണം. അഭയ ക്നാനായ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരിക്കെ 1992 മാർച്ച് 27നാണ് സംഭവം. കോളജിന് സമീപത്തുള്ള പയസ് ടെൻത് കോൺവെന്റ്ലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മകൾ മരിച്ചതോടെ തകർന്നു പോയെങ്കിലും സത്യം കണ്ടെത്താൻ സഹായ ഹസ്തങ്ങൾ ഉയർന്നതോടെ അദ്ദേഹം പോരാടാൻ തന്നെ തീരുമാനിച്ചു. വിശ്വസിച്ച സഭയ്ക്കും പ്രതികളെന്നു കരുതപ്പെട്ട പുരോഹിതർക്കുമെതിരെ നിയമയുദ്ധം നയിച്ചു. ഇതിനിടെ തോമസ് മകനൊപ്പം കുറുവിലങ്ങാട്ടേക്കു താമസം മാറി. അന്വേഷണം പല പ്രാവശ്യം അട്ടിമറിക്കപ്പെട്ടിട്ടും പോരാട്ടവഴിയിൽനിന്നു പിന്നോട്ടു മാറാതിരുന്നതാണ് വിജയത്തിലേക്കെത്തിയത് എന്നതാണ് വാസ്തവം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാർച്ച് 23ന് സിബിഐ ഏറ്റെടുത്തു. വേണ്ടത്ര തെളിവില്ലാത്തതിനാൽ കേസ് ഉപേക്ഷിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചെങ്കിലും അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചില്ല. തുടർന്ന് തുടരന്വേഷണത്തിന് കോടതി നിർദേശിച്ചു.

2008 ൽ കേസിന്റെ ചുമതല കൊച്ചി യൂണിറ്റ് സിബിഐ ഡിവൈഎസ്പി നന്ദകുമാർ നായർ ഏറ്റെടുത്തതോടെ കേസന്വേഷണം അതിവേഗത്തിലായി. നന്ദകുമാർ നായർ കേസ് ഏറ്റെടുത്ത് 18ാം ദിവസം പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. 2009 ജൂലൈ 17‑ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 133 സാക്ഷികളുമായി സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ 49 സാക്ഷികളെ മാത്രമേ പ്രോസിക്യൂഷന് വിസ്തരിക്കാനായുള്ളൂ.

Eng­lish sum­ma­ry; Sis­ter Abhaya’s father and mother

You may alsoi like this video;