February 8, 2023 Wednesday

അഭിജിത് സെൻ: സാമ്പത്തിക ശാസ്ത്രത്തിന്റെ മാനുഷിക മുഖം

എം കെ നാരായണ മൂർത്തി 
September 25, 2022 7:00 am

സാമ്പത്തിക ശാസ്ത്രം ഒരു ജനതയുടെ ആകെയുള്ള ഉന്നമനത്തിനാകണം. നിയോലിബറൽ കാലഘട്ടത്തിൽ സാമ്പത്തിക ശാസ്ത്രം മൂലധന ശക്തികളുടെ മാത്രം ഉയർച്ചയ്ക്കും അവരുടെ മൂലധനത്തിന്റെ അതിർത്തി കടന്നുള്ള സഞ്ചാരത്തിനും വഴിയൊരുക്കുന്ന നീതികരണശാസ്ത്രമായി മാറിക്കൊണ്ടിരിക്കുന്നു. ലാഭം എന്ന ഒറ്റവാക്കിൽ കേന്ദ്രീകരിക്കുന്ന ഒന്നായി സാമ്പത്തിക ശാസ്ത്രത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമം ലോകമെമ്പാടും നടന്നു വരുന്നു. അതിന് രാജ്യാതിർത്തികൾ ഒരു പ്രശ്നമേയല്ല. ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് അന്തരിച്ച അഭിജിത് സെൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ചിന്തകളുടേയും പ്രവർത്തികളുടേയും പ്രസക്തി നാം ഓർമ്മിക്കേണ്ടത്. പണി ചെയ്യുന്നവന് അർഹമായ കൂലിയും രാജ്യത്തെ മുഴുവൻ ആൾക്കാർക്കും ആഹാരവും എന്ന സ്വപ്നത്തിനായി അഹോരാത്രം പ്രവർത്തിച്ച അഭിജിത് സെൻ വെറും സാമ്പത്തിക ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല. നാട്ടിലെ സാധാരണക്കാരന് വേണ്ടി അലിവോടെ ചിന്തിക്കുകയും സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ അവർക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ മുൻ കൈയെടുത്ത ആളുകൂടിയായിരുന്നു. ജെഎൻയു വിലെ അദ്ധ്യാപകനായി സാമ്പത്തിക ശാസ്ത്രത്തിന്റെ വരണ്ട തലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മനുഷ്യജീവിതത്തിന്റെ ആർദ്രത കൂടി അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ അദ്ദേഹം സുഹൃത്തുക്കൾക്കളുടേയും വിദ്യാർത്ഥികളുടേയും പ്രിയപ്പെട്ട മാണിക് ആയി. സുഹൃദ് വലയത്തിനുള്ളിലും ഭരണ കേന്ദ്രങ്ങളിലും അഭിജിത് സെൻ അറിയപ്പെട്ടിരുന്നത് മാണിക് എന്ന പേരിലായിരുന്നു. ഡൽഹിയിലെ വിഖ്യാതമായ സർദാർപട്ടേൽ വിദ്യാലയയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിജിത് സെൻ ഡിഗ്രി പഠനം നടത്തിയത് സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു.

Abhijith Sen3

ഫിസിക്സിലായിരുന്നു ബിരുദപഠനം. പക്ഷേ കുടുംബത്തിനുള്ളിൽ തന്നെയുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ സ്വാധീനം അഭിജിതിനെ എത്തിച്ചത് സാമ്പത്തിക ശാസ്ത്രത്തിന്റെ വിശാല ഭൂമികയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സമർ രഞ്ജൻ സെൻ അക്കാലത്തെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ധാക്ക സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായിരുന്ന സമർ രഞ്ജൻ സെൻ നയിച്ചിരുന്ന സാമ്പത്തിക ശാസ്ത്രവിഭാഗത്തിൽ കൂടെയുണ്ടായിരുന്നവർ സത്യൻ ബോസ്, അമിയാദാസ് ഗുപ്ത തുടങ്ങിയ പഴയകാല സാമ്പത്തിക വിദഗ്ദ്ധരായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പദവികൾ അലങ്കരിച്ചിരുന്നവരായിരുന്നു ഇവരെല്ലാം. സമർ രഞ്ജൻ സെന്നിന്റെ സഹോദരൻ പ്രണാബ് സെൻ ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിഷ്യൻ ആയി വളരെക്കാലം പ്രവർത്തിച്ചിരുന്നു. ഈ ഒരു കുടുംബ പശ്ചാത്തലം അഭിജിത്തിനേയും സാമ്പത്തിക ശാസ്ത്ര മേഖലയിലേക്ക് അടുപ്പിച്ചിരിക്കണം. അങ്ങനെ അദ്ദേഹം സാമ്പത്തിക ശാസ്ത്രം അക്കാദമികമായി സ്വായത്തമാക്കാനെത്തിയത് കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു. 1972 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതും കേംബ്രിഡ്ജിൽ നിന്നു തന്നെ. അതിന് കുറച്ച് കാലതാമസം എടുത്തുവെന്ന് മാത്രം. കാലതാമസത്തിന്റെ കാരണം അദ്ദേഹത്തിന്റെ സ്വാഭാവത്തിന്റെ പ്രത്യേകത കൊണ്ടു കൂടിയായിരുന്നു. തന്റെ പഠനസമയം കൂടി കൂടെയുണ്ടായിരുന്നവരെ സഹായിക്കുന്നതിനായി മാറ്റി വയ്ക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. സ്വന്തം തീസിസ് സമർപ്പിക്കാൻ താമസിച്ചെങ്കിലും താൻ കാരണം മറ്റുള്ളവർക്ക് നേട്ടമുണ്ടാകുന്നതിൽ വലിയ സന്തോഷം അനുഭവിച്ചിരുന്നുവെന്ന് പ്രഭാത് പട്നായിക്കിനെ പോലുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു ഡോക്ടറേറ്റ് കൊണ്ട് തന്നിലെ ഗവേഷണത്വര അടങ്ങുന്നില്ലെന്ന് സ്വയം മനസ്സിലാക്കിയത് കൊണ്ടാകാം ബ്രിട്ടനിലെ മറ്റു പ്രമുഖ സർവ്വകലാശാലകളായ ഓക്സ്ഫോർഡ്, സസെക്സ്, എസെക്സ് തുടങ്ങിയ ഇടങ്ങളിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഗൗരവതരമായ പഠനങ്ങൾ അദ്ദേഹം തുടർന്നു. ഈ പഠനങ്ങളിൽ പലതും പിന്നീട് വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങളായി മാറി. 1985 ലാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നത്. ജെഎൻയുവിലെ അദ്ധ്യാപകനായി. ജെഎൻയുവിലെ അദ്ധ്യാപന ജീവിതത്തിനിടയിൽ അദ്ദേഹത്തെ തേടി അതത് കേന്ദ്രസർക്കാരുകളുടെ ഓഫറുകൾ വന്നു കൊണ്ടേയിരുന്നു. യുപിഎ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്ത് അദ്ദേഹം കേന്ദ്ര പ്ളാനിംഗ് കമ്മീഷൻ അംഗമായിരുന്നു. അന്ന് ഇടതു പാർട്ടികൾക്ക് കേന്ദ്ര സർക്കാരിൽ ഉണ്ടായിരുന്ന സ്വാധീനവും മൂന്ന് സംസ്ഥാനങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ പല ആശയങ്ങളേയും പ്രവർത്തന പഥത്തിലെത്താൻ സഹായിച്ചു. ഒന്നാം യുപിഎ സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ രാജ്യത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ചു വന്നതും കർഷകരുടെ നിലനിൽപ്പു തന്നെ അപകടപ്പെടുന്ന അവസ്ഥയുണ്ടായതും ഒരു ജനകീയ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ അഭിജിത്തിനെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. അങ്ങനെ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗുമായി ചേർന്ന് രൂപപ്പെടുത്തിയ പദ്ധതിയായിരുന്നു രാഷ്ട്രീയ കൃഷി വികാസ് യോജന. രാജ്യത്തെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ ഒരു പദ്ധതിയായിരുന്നു അത്.

 

സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതത്തിൽ കൃഷിക്കായി ഒരു തുക മാറ്റിവയ്ക്കാനും കർഷകർക്ക് സബ്സിഡി നൽകാനും കഴിഞ്ഞത് ഈ പദ്ധതിയിലൂടെയാണ്. ഓർക്കുക, നിയോലിബറലിസത്തിന്റെ അപ്പോസ്തലനായ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് അഭിജിത് ഇക്കാര്യങ്ങൾ നടപ്പിലാക്കിയെടുത്തത്. നിയോലിബറൽ നയങ്ങളുടെ മറപറ്റി വൻകിട കോർപ്പറേറ്റുകൾ ഇന്ത്യൻ കാർഷിക രംഗത്ത് നിന്നും സർക്കാരുകൾ പിൻവാങ്ങണമെന്നും പകരം കൃഷിയെ കോർപ്പറേറ്റ് വൽക്കരിക്കണമെന്നും അതിശക്തമായി ആവശ്യപ്പെടുകയും അതിന് രാഷ്ട്രീയമായി തയ്യാറെടുത്ത് നിന്ന കോൺഗ്രസ് നേതൃത്വത്തേയും വെല്ലുവിളിക്കാനുള്ള ധൈര്യം അഭിജിത് കാണിച്ചിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. വിദർഭ മേഖലയിലെ കർഷക ആത്മഹത്യകൾ ഗണ്യമായി കുറയ്ക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ സാധിച്ചു. അന്ന് ഒന്നാം യുപിഎ സർക്കാരിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഇടതു പാർട്ടികൾക്കും കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും അവരുടെ നേതാക്കളായ ഹർകിഷൻ സിംഗ് സുർജിത്തിലെയും ഇന്ദ്രജിത് ഗുപ്തയെയപം പോലുള്ള നേതാക്കൾക്ക്. അർഹമായ കൂലി പണിയെടുക്കുന്നവർക്ക് ഉറപ്പാക്കണം എന്നതായിരുന്നു അഭിജിത് സർക്കാരുകളുടെ മുന്നിൽ വച്ച തന്റെ സാമ്പത്തിക സിദ്ധാന്തം. കേൾക്കുമ്പോൾ ഇതിലെന്തു പുതുമയെന്ന് നമുക്ക് തോന്നും. പക്ഷേ ഇന്നും കൂലിയില്ലാതെ ജോലി ചെയ്യുകയോ അല്ലെങ്കിൽ തുച്ഛമായ കൂലിക്ക് പകലന്തിയോളം പണിയെടുക്കുകയും ചെയ്യുന്ന കോടാനുകോടികളുടെ നാടാണ് ഇന്ത്യയെന്നത് നാം മറന്നു കൂടാ. ജാതി ഉയർത്തുന്ന സങ്കീർണ്ണമായ സാമൂഹ്യ സാഹചര്യത്തിൽ ഇവിടത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ ഘടനയിലും പ്രയോഗത്തിലും വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് അഭിജിത് വിശ്വസിച്ചിരുന്നു. അധികാര ശ്രേണിയിലുള്ളവരുടെ മാത്രം സഹായമോ, അധികാര പ്രയോഗമോ കൊണ്ട് ഗ്രാമീണ ഇന്ത്യയിൽ വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചിരുന്നു. ജോലിക്ക് കൃത്യമായ ശമ്പളം ഉറപ്പാക്കുന്നതിലൂടെ ഒരു പരിധി വരെയെങ്കിലും ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം സാധാരണക്കാരന്റെ വിലപേശൽ ശക്തിയെ ഉയർത്തുമെന്നും അന്തസായ ജീവിതം ഉറപ്പാക്കാൻ കഴിയുമെന്നും ഭരണകൂടങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ വിപുലീകരിച്ച് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് ആഹാരം ഉറപ്പാക്കാനുളള നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അന്തസായ കൂലിയോടൊപ്പം വിശപ്പും പരിഹരിക്കാൻ സാധിച്ചാൽ രാജ്യത്തിന് കൂടുതൽ സ്ഥിരത കൈവരിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ അത്തരത്തിലൊരു സാമ്പത്തിക ശാസ്ത്ര വിഭാഗത്തെ വളർത്തിയെടുക്കാൻ അദ്ദേഹം തന്റെ ചിന്തയേയും പ്രവൃത്തിയെയും ഉപയോഗപ്പെടുത്തി. അസന്തുലിതമായ ഭക്ഷ്യധാന്യങ്ങളുടെ വിപണനവും ഉപഭോഗവും കോർപ്പറേറ്റുകളെ മാത്രമേ സഹായിക്കൂവെന്ന് നിരവധി ലേഖനങ്ങളിലൂടെ അദ്ദേഹം സമൂഹത്തെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ലാഭ കേന്ദ്രീകൃതമാകാനുള്ളതല്ല പൊതു വിതരണ സമ്പ്രദായമെന്ന് സൈദ്ധാന്തികമായി തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു. അഭിജിതിന്റെ ഇത്തരം നിരീക്ഷണങ്ങളിൽ ആകൃഷ്ടനായ ഒരാളായിരുന്നു കേരളത്തിന്റെ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ ചന്ദ്രശേഖരൻ നായർ. കേവലം സാമ്പത്തിക ശാസ്ത്രത്തിന്റെ സമവാക്യങ്ങൾക്ക് അപ്പുറത്ത് തെരഞ്ഞെടുപ്പ് അവലോകനം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലും അഭിജിത് സെൻ എന്ന മാണിക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അഭിജിതിന്റെ ഇത്തരം വ്യത്യസ്തമായ അഭിരുചികളെപ്പറ്റി വിശദമായി പറയുന്നത് അദ്ദേഹത്തിന്റെ പത്നിയും പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിശാരദയുമായ ജായതി ഘോഷ് തന്നെയാണ്. അതേ, ലാഭത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അപരവഴികളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര രംഗത്തിന് ധൈഷണികമായും പ്രവൃത്തി പഥത്തിലും വലിയ നഷ്ടം തന്നെയാണ് അഭിജിത്തിന്റെ വിടവാങ്ങൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.